15 January 2026, Thursday

Related news

January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പണമൊഴുകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി/ റായ്പൂര്‍
November 5, 2023 11:26 pm

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ തുടങ്ങാനിരിക്കെ പുറത്തുവരുന്നത് ജനാധിപത്യ പ്രക്രിയയെ വരിഞ്ഞുമുറുക്കുന്ന പണാധിപത്യം. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളില്‍ 2018നെ അപേക്ഷിച്ച് മൂന്നിരട്ടി തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ ഇതുവരെ പിടികൂടി. പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഒക്ടോബര്‍ ഒമ്പതിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 953.34 കോടി രൂപയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പണത്തിന് പുറമേ ആഭരണങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍, മദ്യം, മയക്കുമരുന്ന്, ഇലക്ട്രോണിക്-വീട്ടുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് 288.58 കോടി രൂപയായിരുന്നു പിടിച്ചെടുത്തത്. 660 കോടിയുടെ വര്‍ധന. മധ്യപ്രദേശില്‍ ഈ മാസം ഒന്നു വരെ 226 കോടി രൂപ വിലവരുന്ന സൗജന്യങ്ങള്‍ കണ്ടെത്തി. ഇതില്‍ 25.05 കോടി പണവും 36.99 കോടി മദ്യവും 11.7 കോടിയുടെ മയക്കുമരുന്നും 75.06 കോടി മൂല്യമുള്ള ആഭരണങ്ങളും ഉള്‍പ്പെടുന്നു. 2018ലെ ആകെ തെരഞ്ഞെടുപ്പ് സൗജന്യം 72.93 കോടി ആയിരുന്നു. ഛത്തീസ്ഗഢില്‍ ഇതുവരെ 38.34 കോടി രൂപ വിലമതിക്കുന്ന സൗജന്യങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 10.11 കോടി പണമാണ്. 2018ല്‍ സംസ്ഥാനത്ത് ആകെ 11.85 കോടിയുടെ സൗജന്യങ്ങളാണ് പിടിച്ചെടുത്തത്. വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാമില്‍ ഒക്ടോബര്‍ 25 വരെ മാത്രം 36 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

രാജസ്ഥാനില്‍ ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് 25 കോടി രൂപ, 20 കോടിയുടെ മദ്യം, 20 കോടിയുടെ സ്വര്‍ണം. 60 കോടിയുടെ മയക്കുമരുന്ന് എന്നിവ ഉള്‍പ്പെടെ 214 കോടി രൂപയുടെ തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ പിടിച്ചെടുത്തു. പെട്രോള്‍, ഡീസല്‍, വളം എന്നീ രൂപത്തിലും തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ കണ്ടെത്തി. തെലങ്കാനയില്‍ 439 കോടി രൂപയുടെ സൗജന്യങ്ങളാണ് കണ്ടെത്തിയത്. 156 കോടി പണമായും 165.2 കോടി വിലപിടിപ്പുള്ള ലോഹങ്ങളായും 49.4 കോടി മദ്യമായും 24.7 കോടി മയക്കുമരുന്നായും പിടിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മിസോറാമിലും ഛത്തീസ്ഗഢിലും പരസ്യ പ്രചാരണം സമാപിച്ചു 

ഒരു മാസം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നാളെ തുടക്കമാകും. മിസോറാമിലും ഛത്തീസ്ഗഢിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് പരിസമാപ്തി. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം അവസാനിച്ചത്. ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് 17നാണ്. നാളെ ഒറ്റഘട്ടമായി മിസോറാമില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മിസോറാമില്‍ കോണ്‍ഗ്രസും ബിജെപിയും എംഎന്‍എഫും മത്സരരംഗത്തുണ്ട്. മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മിസോറാമില്‍ പ്രചരണത്തിന് എത്തിയിരുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 സീറ്റു നേടിയാണ് എംഎന്‍എഫ് ഭരണത്തിലെത്തിയത്. ഛത്തീസ്ഗഢില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രചാരണം. 2018ല്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നു.

Eng­lish Summary:Money flows in assem­bly elections

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.