കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്ന നടപടിയാണ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്.
ഇഡി നടപടി, ജീവിക്കാനുള്ള മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ എ എസ് ഓക, അസസുദ്ദീന്‍ അമാനുള്ള, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇത്രയും കര്‍ക്കശമാക്കാന്‍ സാധിക്കുമോ എന്നും ബെഞ്ച് ഇഡിയോട് ചോദിച്ചു. 2022 ല്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ സരള ഗുപ്ത സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികള്‍ ആശ്രയിക്കുന്ന നിര്‍ണായക രേഖകള്‍ വിട്ടുകൊടുക്കുക എന്നത് സമാന്യനീതിയാണ്. അത് കൈമോശം വരുത്തുക, തിരിച്ചുനല്‍കാതിരിക്കുക എന്നിവ അക്ഷന്ത്യവമായ വീഴ്ചയായി കണക്കാക്കേണ്ടി വരും. സാങ്കേതിക കാരണങ്ങള്‍ നിരത്തി രേഖ നിഷേധിക്കുന്ന സമീപനം ശരിയാണോ എന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.
അതേസമയം രേഖകള്‍ ഉണ്ടെന്ന് പ്രതിക്ക് ബോധ്യമുള്ള പക്ഷം ആവശ്യപ്പെടാമെന്നും എന്നാല്‍ അറിയാത്തതും അനുമാനം മാത്രം അടിസ്ഥാനമാക്കിയുമുള്ള അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ബോധിപ്പിച്ചു. ഈ വാദം കോടതി നിരാകരിച്ചു. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം ലംഘിക്കുന്നതാണ് ഇഡി നിലപാടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ അന്തിമ വിധി പറയുന്നത് മാറ്റിവച്ചതായും ഇഡിയുടെ അന്തിമ നിലപാട് വന്നശേഷം കേസ് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ എന്നിവര്‍ക്കെതിരായ കേസിലും സുപ്രീം കോടതിയും ഹൈക്കോടതിയും ഇഡി നിലപാടിനെ ചോദ്യം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.