വൈദ്യുത ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കാൻ പ്രതിമാസ ബില്ലിങിനുള്ള സാധ്യതകൾ പരിശോധിച്ച് കെഎസ്ഇബി. കേരളത്തിലെ കോടിക്കണക്കിന് വരുന്ന കെഎസ്ഇബി ഉപഭോക്താക്കൾക്ക് ബില്ലിങ് ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് പ്രതിമാസ ബില്ലിങ് സംവിധാനമെന്ന ആശയവുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നത്.
പ്രതിമാസ ബില്ലിങ് സംവിധാനത്തിലേക്ക് മാറുമ്പോൾ ആവശ്യമായ മീറ്റർ റിഡർമാരുടെ കുറവ് ആണ് കെഎസ്ഇബി നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഈ കുറവ് പരിഹരിക്കാൻ സ്മാർട്ട് മീറ്ററിന്റെയും ആധുനികവും സാങ്കേതികത്തികവും ഉള്ളതുമായ ഉപകരണങ്ങളുടെയും സാധ്യതകളെ സംബന്ധിച്ച് ബോർഡ് പഠനം നടത്തി വരികയാണെന്ന് കെഎസ്ഇബി ഉന്നതതല ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ രണ്ട് മാസം കൂടുമ്പോഴാണ് മീറ്റർ റീഡർമാർ വൈദ്യുത ബിൽ നൽകുന്നത്. ഇത് പ്രതിമാസം ആക്കുമ്പോൾ ബോർഡിന് നിലവിൽ ഉള്ളതിനേക്കാൾ ചിലവേറുമെന്നാണ് വിലയിരുത്തൽ.
സ്പോട്ട് ബില്ലിങിനായി കൂടുതൽ പേരെ കണ്ടെത്തുകയെന്നതും ബോർഡിന് വലിയ വെല്ലുവിളിയാകും. ഇത് പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് തന്നെ ബില്ല് എത്രയെന്ന് സ്വയം പരിശോധിച്ച് പണം അടയ്ക്കാനുള്ള സംവിധാനം ഒരുക്കുന്നതിനെ പറ്റിയും ബോർഡ് ചർച്ച ചെയ്ത് വരികയാണ്. നിലവിൽ ഉപഭോക്താക്കൾക്ക് രണ്ട് മാസം കഴിഞ്ഞ് ബിൽ ലഭിക്കുമ്പോൾ വലിയ തുക നൽകേണ്ടി വരുന്നുണ്ടെന്ന പരാതി പരിഹിരക്കുകയെന്ന ലക്ഷ്യമാണ് പ്രതിമാസ ബില്ലിംഗെന്ന ആശയത്തിലേക്ക് കെഎസ്ഇബിയെ നയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.