4 March 2026, Wednesday

Related news

March 3, 2026
February 14, 2026
February 13, 2026
February 12, 2026
February 6, 2026
February 2, 2026
January 15, 2026
January 8, 2026
December 23, 2025
December 4, 2025

കേസ് പിൻവലിച്ചാൽ കൂടുതൽ തുക; എയർ ഇന്ത്യയുടെ ഒത്തുതീർപ്പ് നീക്കത്തിനെതിരെ പ്രതിഷേധം

Janayugom Webdesk
ന്യൂഡൽഹി
February 12, 2026 8:55 pm

അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൂടുതൽ തുക വാഗ്ദാനം ചെയ്ത് കമ്പനി. എന്നാൽ, വിമാനക്കമ്പനിക്കോ വിമാന നിർമ്മാതാക്കളായ ബോയിങിനോ എതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് സത്യവാങ്മൂലം നൽകുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. എയർ ഇന്ത്യയുടെ ഈ ‘രഹസ്യ’ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്കെതിരെ ഇരകളുടെ കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ നേരത്തെ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വരെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ഒന്നു മുതൽ രണ്ട് കോടി രൂപ വരെ അധികമായി നൽകാമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഭാവിയിൽ എയർ ഇന്ത്യ, ബോയിങ്, അല്ലെങ്കിൽ ഭാഗങ്ങൾ നിർമ്മിച്ച ഹണിവെൽ തുടങ്ങിയ കമ്പനികൾക്കെതിരെ ലോകത്തെ ഒരു കോടതിയിലും കേസ് ഫയൽ ചെയ്യില്ലെന്ന് രേഖാമൂലം ഒപ്പിട്ടു നൽകണം.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കെ ഇത്തരം സമ്മർദ്ദങ്ങൾ നിയമവിരുദ്ധമാണെന്ന് ഇരകൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. 100-ലധികം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ‘ചിയോനുമ ലോ’ എന്ന നിയമസ്ഥാപനം ഈ നീക്കത്തെ ശക്തമായി എതിർത്തു. അപകടകാരണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് ഒത്തുതീർപ്പ് രേഖകളിൽ ഒപ്പിടരുതെന്നും നിയമവിദഗ്ധർ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന സ്വിച്ചുകൾ ഓഫ് ആയതാണ് എൻജിൻ നിശ്ചലമാകാൻ കാരണമായത്. എന്നാൽ, ബോയിങ് വിമാനങ്ങളുടെ സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന് കണ്ടെത്താൻ വിശദമായ രാജ്യാന്തര അന്വേഷണം നടക്കുകയാണ്. ലണ്ടനിലും അമേരിക്കയിലും ഇതിനോടകം തന്നെ ബോയിങ് കമ്പനിക്കെതിരെ നിരവധി കുടുംബങ്ങൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.