
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തൃശൂർ കോർപ്പറേഷനിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർ പട്ടികയിൽ നടന്നത് വൻ ക്രമക്കേടുകളാണ്. തൃശൂർ കോർപറേഷനും പാർലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവർക്ക് വ്യാജ മേൽവിലാസം ഉണ്ടാക്കി വോട്ട് ചേർത്തു. അടഞ്ഞു കിടക്കുന്നതും വോട്ടർ പട്ടികയിലെ പേരുകാർ താമസമില്ലാത്തതുമായ വാട്ടർലില്ലി ഫ്ലാറ്റിൽ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. കോർപറേഷനും ലോക്‌സഭാ മണ്ഡലത്തിനും പുറത്തു നിന്നുള്ള ഇവരാരും ഇപ്പോൾ ഈ ഫ്ലാറ്റിൽ താമസക്കാരല്ല. എന്നാൽ പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ഒരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും വോട്ടർ പട്ടികയിൽ ഇടം നേടിയതായി കണ്ടെത്തി.
ബൂത്ത് നമ്പർ 37ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടം നേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്. പൂങ്കുന്നത്തുള്ള ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ് രണ്ടാം ബ്ലോക്കിലെ 4 സി ഫ്ലാറ്റിൽ താമസക്കാർ അറിയാതെ ഒമ്പത് വോട്ടുകളാണ് ചേർത്തത്. കഴിഞ്ഞ നാലുവർഷമായി ഈ ഫ്ലാറ്റിൽ താമസിക്കുന്ന പ്രസന്ന അശോകൻ എന്ന സ്ത്രീയുടെ വിലാസത്തിലാണ് ഈ വോട്ടുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ ഒമ്പത് പേർ ആരാണെന്ന് തനിക്ക് അറിയില്ലെന്നും വീട്ടിൽ തനിക്ക് മാത്രമാണ് വോട്ട് ഉള്ളതെന്നും പ്രസന്ന മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തവണയും സമാനമായ രീതിയിൽ കള്ളവോട്ടുകൾ ചേർത്തതിനെതിരെ പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രസന്ന കൂട്ടിച്ചേർത്തു. നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും വീട്ടുടമസ്ഥർ അറിയാതെ വിലാസം ഉപയോഗിച്ചും നിരവധി വോട്ടർമാരെ ഇത്തരത്തിൽ വോട്ടർ പട്ടികയിൽ കുത്തിക്കയറ്റിയിരുന്നു എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉയർന്നിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവും മുൻമന്ത്രിയുമായ വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. മിസ‌്കോൾ അടിച്ചാൽ ബിജെപി മെമ്പർഷിപ്പ് കിട്ടുന്നത് പോലെയാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്. വോട്ടർപട്ടികയിലെ ചട്ടങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ലഘൂകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.