
പൊലീസ് ലൈൻ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബിഹാറിലെ ബങ്ക ജില്ലയിലെ മെസ്സിലാണ് സംഭവം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ തന്നെ ബങ്ക സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പൊലീസ് ലൈനിലെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ഛർദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. ഇത്രയധികം പേർക്ക് ഒരേസമയം അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഉടൻ ഇടപെടുകയും ആംബുലൻസുകൾ സജ്ജമാക്കി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞയുടൻ ജില്ലാ മജിസ്‌ട്രേറ്റ് നവ്ദീപ് ശുക്ല ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഡോക്ടർമാർക്ക് കർശന നിർദേശം നൽകി. പിന്നാലെ ഭാഗൽപൂർ റേഞ്ച് ഐജി വിവേക് കുമാറും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.
മെസ്സിൽ ഉപയോഗിച്ച വെള്ളത്തിലോ ഭക്ഷണസാധനങ്ങളിലോ ഉണ്ടായ അപാകതയാണോ എന്ന് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് ഐ.ജി നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് പൊലീസ് മെസ്സുകളിലും ഭക്ഷണ പരിശോധന കർശനമാക്കിയേക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും മെസ്സിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി പട്നയിലെ സ്റ്റേറ്റ് ഫുഡ് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതോടൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ മെസ്സ് ഇൻചാർജിനും കരാറുകാരനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം കരാർ റദ്ദാക്കുമെന്ന് ഐ.ജി വിവേക് കുമാർ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.