
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 10,574 ഇന്ത്യക്കാര്‍ തടവുശിക്ഷ അനുഭവിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 43 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണെന്നും പാര്‍ലമെന്റില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങ് അറിയിച്ചു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ തടവിലുള്ളത് യുഎഇയിലാണ്. 2,773 പേര്‍. സൗദി അറേബ്യ (2,379), നേപ്പാള്‍ (1,357), ഖത്തര്‍ (795), മലേഷ്യ (380), കുവൈറ്റ് (342), യുകെ (323), ബഹ്റൈന്‍ (261), പാകിസ്ഥാന്‍ (246), ചൈന (183) എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ തടവുകാരുടെ എണ്ണം. അംഗോള, ബെല്‍ജിയം, കാനഡ, ചിലി, ഈജിപ്ത്, ഇറാഖ്, ജമൈക്ക, മൗറീഷ്യസ്, സെനഗല്‍, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, സുഡാന്‍, താജിക്കിസ്ഥാന്‍, യെമന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ വീതം തടവിലാണെന്നും ലോക‍്സഭയില്‍ രേഖമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യക്കാര്‍ കൂടുതലുള്ളതും യുഎഇയിലാണ് (21). സൗദി അറേബ്യ (ഏഴ്), ചൈന (നാല്), ഇന്തോനേഷ്യ (മൂന്ന്), കുവൈറ്റ് (രണ്ട്), യുഎസ്, മലേഷ്യ, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, യെമന്‍ എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാരും തൂക്കുകയര്‍ കാത്ത് കഴിയുന്നു.
പലരാജ്യങ്ങളിലും കര്‍ശനമായ സ്വകാര്യതാ നിയമങ്ങള്‍ ഉള്ളതിനാല്‍ തടവിലുള്ള ഇന്ത്യക്കാരെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാകില്ല. വിദേശ കോണ്‍സുലേറ്റുകളും സ്ഥാപനങ്ങളും ഇത്തരം കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിയമസഹായം, കോണ്‍സുലര്‍ അധികൃതര്‍ക്ക് കാണാനുള്ള സൗകര്യം, നേരത്തെയുള്ള മോചനത്തിനോ, നാട്ടിലേക്ക് കൊണ്ടുവരുന്നതിനോ ഉള്ള ശ്രമങ്ങള്‍ എന്നിവ ഉഭയകക്ഷി ചര്‍ച്ചകള്‍, ജുഡീഷ്യല്‍ ഇടപെടലുകള്‍, പൊതുമാപ്പ് അപേക്ഷകള്‍ എന്നിവ വഴിയാണ് നടത്തുന്നത്. അര്‍ഹരായവര്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായം നല്‍കുന്നതിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കന്‍ അധികൃതരുടെ കസ്റ്റഡിയിലുള്ള 28 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് സജീവമായി ചര്‍ച്ച നടത്തിവരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.