22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നു

കൊഴിഞ്ഞുപോക്ക് സമ്പന്നരാജ്യങ്ങളിലേക്ക്
Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2025 10:08 pm

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴില്‍ സാധ്യതകളും തേടി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 മുതല്‍ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നത്.
2011 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഏകദേശം 20 ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2020 മുതല്‍ക്കിങ്ങോട്ട് മാത്രം ഒമ്പത് ലക്ഷത്തിലധികം പേര്‍ രാജ്യം വിട്ടു. കോവിഡ് മഹാമാരിക്ക് ശേഷമാണ് ഈ പ്രവണതയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളാണ്. 1970കളില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കമുള്ള പ്രൊഫഷണലുകളായിരുന്നു രാജ്യം വിടുന്നവരില്‍ മുന്നിലെങ്കില്‍, ഇന്ന് ആ ചിത്രം മാറിയിരിക്കുന്നു. ഉന്നത സാമ്പത്തിക ശേഷിയുള്ളവരും വന്‍കിട ബിസിനസുകാരും കുടുംബസമേതം വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
ഇത്രയധികം ആളുകള്‍ പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ എന്ന ചോദ്യത്തിന്, അത് വ്യക്തികളുടെ സ്വകാര്യ തീരുമാനമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. മെച്ചപ്പെട്ട ജീവിതനിലവാരം, കുട്ടികള്‍ക്കുള്ള മികച്ച വിദ്യാഭ്യാസം, ശുദ്ധവായു, മികച്ച ആരോഗ്യപരിപാലനം എന്നിവയും പലരെയും നാടുവിടാന്‍ പ്രേരിപ്പിക്കുന്നു. ഇതിനുപുറമെ, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളും വിസ ലഭിക്കാനുള്ള കാലതാമസവും മറ്റൊരു പ്രധാന ഘടകമാണ്. ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നതോടെ വിസയില്ലാതെ തന്നെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ സാധിക്കും എന്നത് ബിസിനസുകാരെയും മറ്റും ആകര്‍ഷിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന ഇരട്ട പൗരത്വം അനുവദിക്കുന്നില്ല എന്നതും മറ്റൊരു കാരണമാണ്. മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാല്‍ സ്വാഭാവികമായും ഇന്ത്യന്‍ പൗരത്വം റദ്ദാക്കപ്പെടും. ഇരട്ട പൗരത്വം അനുവദിക്കണമെന്ന ആവശ്യം പ്രവാസി സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതോടെ വോട്ട് ചെയ്യാനുള്ള അവകാശം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത, ഭരണഘടനാ പദവികള്‍ വഹിക്കാനുള്ള അവകാശം എന്നിവ നഷ്ടമാകും. കൂടാതെ സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യാനുളള അവസരവും ഇല്ലാതാകും. എങ്കിലും, ഇത്തരക്കാര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് വഴി ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താം. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനും, ഇന്ത്യയില്‍ സ്വത്തുക്കള്‍ വാങ്ങാനും (കൃഷിഭൂമി ഒഴികെ), ബിസിനസ് ചെയ്യാനും അനുവാദമുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.