7 December 2025, Sunday

Related news

December 6, 2025
December 5, 2025
December 4, 2025
November 28, 2025
November 23, 2025
November 22, 2025
November 15, 2025
November 14, 2025
November 13, 2025
November 10, 2025

മൂന്ന് വർഷത്തിനിടെ റദ്ദാക്കിയത് 25 ‚000 ത്തിലധികം ആഭ്യന്തര വിമാനങ്ങൾ

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2024 10:50 pm

മൂന്ന് വർഷത്തിനിടെ റദ്ദാക്കിയത് 25 ‚000 ത്തിലധികം ആഭ്യന്തര വിമാനങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇത് 10 ലക്ഷം യാത്രക്കാരെ ബാധിച്ചതായും സിപിഐ എംപി പി പി സുനീർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനു കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി മുരളീധർ മോഹോൾ മറുപടി നല്‍കി. 2022 ജനുവരിയിൽ മുതൽ 2024 സെപ്റ്റംബർ വരെ 25,727 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കപ്പെട്ടു, ഇത് 10,67,717 യാത്രക്കാരെ ബാധിച്ചു. എന്നാൽ എയർലൈൻ കമ്പനികളുടെ മേൽ എടുത്ത നടപടികളുടെ വിശദാംശങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ, വിമാനങ്ങൾ റദ്ദാക്കൽ പട്ടികയിൽ മുൻനിരയിലാണ്. അതിനു പിന്നാലെ അലയൻസ് എയർ, സ്പൈസ് ജെറ്റ്, സ്വകാര്യവത്കരണാന്തരമുള്ള എയർ ഇന്ത്യയും ഉണ്ട്. രണ്ടര വർഷക്കാലയളവിൽ എയർ ഇന്ത്യയിലെ റദ്ദാക്കൽ നിരക്ക് രണ്ടിരട്ടിയായി ഉയർന്നു. ഇൻഡിഗോയും സ്പൈസ് ജെറ്റും ഈ കാലയളവിൽ റദ്ദാക്കൽ നിരക്കിൽ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2022 മുതൽ 2024 വരെയുള്ള മൂന്ന് വർഷങ്ങൾക്കിടെ റദ്ദാക്കലിനായി യാത്രക്കാർക്ക് ഇൻഡിഗോ കമ്പനി നഷ്ടപരിഹാരം നൽകിയത് വെറും 18,000 രൂപ മാത്രമാണ്. 2022‑ൽ 1,01,167 യാത്രക്കാരെ റദ്ദാക്കൽ ബാധിച്ചതാണ് കണക്ക്. ഇതിനായി ഇൻഡിഗോ 18,000 രൂപ നഷ്ടപരിഹാരമായി ചെലവഴിച്ചു. 2023, 2024 വർഷങ്ങളിൽ യാതൊരു നഷ്ടപരിഹാരവും നൽകിയില്ല. ഈ രണ്ടു വർഷങ്ങളിലും യഥാക്രമം 1,42,050, 3,04,722 യാത്രക്കാർ യാത്ര റദ്ദാക്കൽ മൂലം ദുരിതം നേരിട്ടുവെന്നും സർക്കാർ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. 

വിമാനങ്ങള്‍ റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങൾ ഡിജിസിഎ നൽകിയിട്ടുണ്ടെങ്കിലും റദ്ദാക്കലുകൾക്ക് ഉത്തരവാദിയായവർക്ക് എതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഉത്തരവിൽ ഇല്ല. മന്ത്രാലയത്തിന്റെ ഉത്തരങ്ങൾ തന്നെ വിമാന കമ്പനികൾ യാത്രക്കാരെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതിന്റെ തെളിവാണെന്ന് പി പി സുനീർ അഭിപ്രായപ്പെട്ടു. ടിക്കറ്റുകൾ ഉയർന്ന നിരക്കിൽ വിൽക്കുന്ന എയർലൈൻ കമ്പനികൾ നഷ്ടപരിഹാരം നൽകുന്നതിൽ കാണിക്കുന്ന വിമുഖതയ്ക്ക് അറുതി വരുത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.