ഖത്തറിലെ ജയിലുകളിൽ മോചനം കാത്ത് കഴിയുന്നത് അറുനൂറിലധികം മലയാളികൾ. ഇതിൽ 186 പേർ ചെക്ക് കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് വർഷങ്ങളായി ജയിലിൽ കഴിയുന്നത്. സ്ഥാപന അധികൃതരുടെ ചതിയ്ക്ക് ഇരയായാണ് പലരും ചെക്കു കേസുകളിൽ ശിക്ഷിക്കപ്പെടുന്നത്. ലഹരി മരുന്നുകേസുകളിൽ ജയിൽ കഴിയുന്നവർ ഭൂരിപക്ഷവും ഏജന്റുമാർ നൽകിയ ലഹരി മരുന്നുകളുമായി പിടിക്കപ്പെട്ടവരാണെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആർ ജെ സജിത്ത് അറിയിച്ചു. ചെയ്യാത്ത തെറ്റിനാണ് പലരും ജയിലിൽ അകപ്പെട്ടത്. ഇവരുടെ മോചനത്തിനായി കുടുംബാംഗങ്ങൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്ത്രണ്ട് വർഷത്തിലധികമായി യാത്രാവിലക്ക് കാരണം ദുബായിൽ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി മണ്ടോടി നിർമൽ രാജിനായി പ്രധാനമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ യുഎഇയിലെ എംബസിയുടെ ഉദാസീന മനോഭാവം കാരണം ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാര്യ ശ്രീരേഖ പറഞ്ഞു. ചെക്കു കേസിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളാണ് നിർമൽരാജ്. ദുബായ് കോൺസുലേറ്റിൽ മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കാണുവാൻ പലതവണ നിർമൽരാജ് ചെന്നുവെങ്കിലും ഒന്നും കാണുവാൻ പോലും ഉദ്യോഗസ്ഥൻ തയ്യാറായില്ല. നിർമൽരാജിനെ നാട്ടിലെത്തിക്കുവാൻ കേന്ദ്ര സർക്കാരിന്റെ കാരുണ്യം തേടുകയാണ് കടുംബാംഗങ്ങൾ. ഏജന്റുമാർ ഖത്തറിലേക്ക് കയറ്റിവിടുന്ന യുവാക്കളുടെ കയ്യിൽ ബന്ധുക്കൾക്ക് നൽകാനെന്ന് പറഞ്ഞു നൽകുന്ന പാക്കറ്റുകളിൽ ഒളിപ്പിച്ച് ലഹരി മരുന്ന് കൊടുത്തുവിടുകയാണ് പലപ്പോഴും ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്ന് പിടിക്കപ്പെടുന്ന യുവാക്കൾ ലഹരി കടത്തുകാരായി മുദ്രകുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടും. ഇത്തരത്തിൽ പിടിയിലായ തന്റെ മകൻ വർഷങ്ങളായി ഖത്തറിലെ ജയിലിലാണന്നും സെലീന അബു പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിയമപ്രശ്നങ്ങളിൽ പെടുന്ന ഇന്ത്യക്കാരെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇവിടെ നിന്ന് നിയന്ത്രിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് പ്രവാസി മൂവ്മെന്റ് ചൂണ്ടിക്കാട്ടുന്നു. ഖത്തർ ജയിലുകളിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിൽ രക്ഷ എന്ന പേരിൽ ധനസമാഹരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.