4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 22, 2024
March 21, 2024
March 18, 2024
March 17, 2024
December 26, 2023
June 1, 2023
March 4, 2023
December 27, 2022
July 12, 2022

ക്രിസ്ത്യന്‍ വേട്ടയ്ക്കെതിരെ നടപടി വേണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2025 10:16 pm

ക്രിസ്ത്യന്‍ വേട്ടയ്ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കളും 30 സഭകളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും അഭ്യര്‍ത്ഥിച്ചു. തോമസ് എബ്രഹാം, ഡേവിഡ് ഒനേസിമു, ജോബ് ലോഹറ, റിച്ചാര്‍ഡ് ഹോവല്‍, മേരി സ്കറിയ, സെഡ്രിക് പ്രകാശ് എസ് ജെ, ജോണ്‍ദയാല്‍, പ്രകാശ് ലൂയിസ് എസ് ജെ, സെല്‍ഹോ കീഹോ, ഖാര്‍കോന്‍ഗോര്‍, അലന്‍ ബ്രൂക്സ്, കെ ലോസി മാവോ, അഖിലേഷ് എഡ്ഗര്‍, മൈക്കല്‍ വില്യംസ്, എസി മൈക്കല്‍, വിജയേഷ് ലാല്‍ തുടങ്ങിയ നേതാക്കള്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, ശത്രുത, ഭീതിജനകമായ അന്തരീക്ഷം എന്നിവയില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 

ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ‍്ത 720ലധികം അക്രമ സംഭവങ്ങളും 2024 ജനുവരി മുതല്‍ നവംബര്‍ വരെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം രേഖപ്പെടുത്തിയ 760 കേസുകളും ഉള്‍പ്പെടെ സ്ഥിതിവിവര കണക്കുകളും അവര്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനെതിരെ വര്‍ധിച്ചുവരുന്ന ഭീഷണി, വിദ്വേഷ പ്രസംഗങ്ങള്‍, ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നിഷേധിക്കുന്ന നയങ്ങള്‍ എന്നീ ആശങ്കകളും ഉയര്‍ത്തിക്കാട്ടി. മണിപ്പൂരില്‍ സമാധാനവും സൗഹാര്‍ദാന്തരീക്ഷവും വളര്‍ത്തിയെടുക്കുന്നതിന് വ്യക്തമായ പങ്ക് വഹിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 2023 മേയ‍് മുതല്‍ അക്രമത്തില്‍ 250ലധികം പേര്‍ മരിക്കുകയും 360 പള്ളികള്‍ നശിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ‍്തെന്നും ചൂണ്ടിക്കാട്ടി. 

മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള അക്രമങ്ങളില്‍ വേഗത്തിലും നിഷ‍്പക്ഷമായും അന്വേഷണത്തിന് ഉത്തരവിടുക, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, പ്രതിനിധികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുക എന്നീ ആവശ്യങ്ങളും രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ഉന്നയിച്ചു. എല്ലാവരുടെയും വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം സംരക്ഷിക്കണം. ഇന്ത്യയുടെ ധാര്‍മ്മിക ഘടനയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും സാമൂഹിക ഐക്യത്തിനും സമഗ്രതയും യോജിപ്പും അത്യന്താപേക്ഷിതമാണെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.