
ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ എഐ ഉപയോഗിച്ച് നിർമ്മിച്ച മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകവും ഞെട്ടിക്കുന്നതുമാണെന്ന് ബോംബെ ഹൈക്കോടതി. ഇത്തരത്തിലുള്ള എല്ലാ ലിങ്കുകളും വെബ്സൈറ്റുകളും ഉടൻ നീക്കം ചെയ്യാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കോടതി നിർദ്ദേശം നൽകി. തന്റെ അനുമതിയില്ലാതെ ശബ്ദവും രൂപവും എഐ വഴി അനുകരിക്കുകയും അശ്ലീലമായ രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ശിൽപ ഷെട്ടി സമർപ്പിച്ച ഹർജിയിലാണ് വെക്കേഷൻ ബെഞ്ച് ജസ്റ്റിസ് അദ്വൈത് സേത്നയുടെ ഉത്തരവ്.
ഒരു വ്യക്തിയുടെയും, പ്രത്യേകിച്ച് ഒരു സ്ത്രീയുടെയും സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം ചിത്രങ്ങൾ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും തന്റെ പേരോ ശബ്ദമോ രൂപമോ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ശിൽപ ഷെട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. എഐ ടൂളുകൾ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുകയും മോർഫ് ചെയ്ത ചിത്രങ്ങൾ വഴി വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നതായും നടി ആരോപിച്ചു. പ്രശസ്തയായ ഒരു ചലച്ചിത്ര താരമെന്ന നിലയിൽ ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് നടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്നും അതിനാൽ നീതിപൂർവമായ നടപടി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാദമായ ലിങ്കുകൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.