
രാശി ശരിയല്ലെന്ന് പറഞ്ഞ് അമ്മായിയമ്മ നിരന്തരം കുറ്റപ്പെടുത്തിയതിലുള്ള ദേഷ്യത്തിൽ 41 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ, കന്യാകുമാരി സ്വദേശിനിയായ ബെനിറ്റ ജയ(20) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനോടും അമ്മായിയമ്മയോടുമുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബെനിറ്റ പൊലീസിനോട് സമ്മതിച്ചു. കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ബോധരഹിതയായി മരിച്ചെന്നായിരുന്നു ബെനിറ്റ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഭാര്യ കുഞ്ഞിനെ ഉപദ്രവിച്ചതായി സംശയമുണ്ടെന്ന് ഭർത്താവ് കാർത്തിക് പൊലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ നെറ്റിയിൽ രക്തം കട്ടപിടിച്ചതായും തൊണ്ടയിൽ നിന്ന് ടിഷ്യു പേപ്പറിൻ്റെ കഷണം കണ്ടെത്തിയതായും തെളിഞ്ഞു. ഇതോടെ ടിഷ്യു പേപ്പർ വായിൽ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദിണ്ടിഗൽ സ്വദേശിയായ കാർത്തികുമായി പ്രണയത്തിലായിരുന്ന ബെനിറ്റ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് പെൺകുഞ്ഞ് ജനിച്ചതറിഞ്ഞ കാർത്തികിന്റെ അമ്മ രാശി ശരിയല്ലെന്ന് പറഞ്ഞ് ബെനിറ്റയുമായി വഴക്കിടുകയും അവരെ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതിൽ അമ്മായിയമ്മയ്ക്ക് അനുകൂലമായി ഭർത്താവ് സംസാരിച്ചപ്പോൾ ബെനിറ്റ കാർത്തികുമായി വഴക്കിട്ടു. ദേഷ്യത്തിൽ കുഞ്ഞിനെ ചുമരിലേക്ക് എറിഞ്ഞതായും, കുട്ടിയുടെ തലയ്ക്ക് മുറിവേറ്റതായും കാർത്തിക് പൊലീസിനോട് വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷമാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.