
വിദേശ വിപണി വിപുലീകരിക്കുന്നതിനായി മില്‍മ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലേക്കും ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ആര്‍ജി ഫുഡ്സ്, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ എന്നീ കമ്പനികളുമായാണ് മില്‍മ ത്രികക്ഷി കരാറില്‍ ഒപ്പുവച്ചത്. മില്‍മ ചെയര്‍മാന്‍ കെ എസ് മണിയുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ യൂസഫ്, ആര്‍ജി ഫുഡ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വിഷ്ണു ആര്‍ജി, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഉടമ ബിന്ദു ഗണേഷ് കുമാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണപ്രകാരം മില്‍മ ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആര്‍ജി ഫുഡ്സ് നടത്തും. ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, ചരക്ക് കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇറക്കുമതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
ഉല്പന്നങ്ങളുടെ മേല്‍ ഉടമസ്ഥാവകാശമില്ലാതെ പ്രവര്‍ത്തന നിര്‍വഹണം, സൗകര്യങ്ങള്‍, ഏകോപനം എന്നിവയ്ക്കായി മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഏകോപന പങ്കാളിയായി പ്രവര്‍ത്തിക്കും. ഗുണനിലവാരത്തിന് പേരുകേട്ട മില്‍മ ഉല്പന്നങ്ങളുടെ വിദേശ വിപണി വിപുലീകരണത്തിലെ നാഴികക്കല്ലാണ് ഈ കരാറെന്ന് കെ എസ് മണി ചടങ്ങില്‍ പറഞ്ഞു. പനീര്‍, പായസം മിക്സ്, ഡയറി വൈറ്റ്നര്‍ തുടങ്ങിയ ഉല്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യുകയെന്ന് ആസിഫ് കെ യൂസഫ് പറഞ്ഞു.
ആര്‍ജി ഫുഡ്സ് ചെയര്‍മാന്‍ ആര്‍ ജി രമേഷ്, എംഡി അംബിക രമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മില്‍മ മാര്‍ക്കറ്റിങ് ആന്റ് ക്യുഎ സീനിയര്‍ മാനേജര്‍ മുരുകന്‍ വി എസ് നന്ദി പറഞ്ഞു. മില്‍മയുടെ മാര്‍ഗനിര്‍ദേശങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും അനുസരിച്ചാണ് കയറ്റുമതിക്കായുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുകയും പാക്ക് ചെയ്യുകയും ചെയ്യുക. കൂടാതെ ഉല്പാദനവും വില്പനയും നിയന്ത്രിക്കുന്ന എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. നിര്‍ദ്ദിഷ്ട വിപണികളിലെ ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ആര്‍ജി ഫുഡ്സ് വഹിക്കും. കയറ്റുമതി, ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, വിദേശ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ പരിഹരിക്കേണ്ട ചുമതലയും ആര്‍ജി ഫുഡ്സിനായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.