
ലക്ഷദ്വീപിലെ ജനവാസ മേഖലകളിലൊന്നായ ബിത്രയെ പ്രതിരോധ താവളത്തിനായി ഏറ്റെടുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ദ്വീപിലെ മുഴുവൻ ജനങ്ങളെയും ഇറക്കിവിട്ട് ഭൂമി ഏകപക്ഷീയമായി പിടിച്ചെടുക്കാനുള്ള നടപടികൾ ദ്രുതഗതിയിലാണ് നീങ്ങുന്നത്. ലക്ഷദ്വീപിലെ 36 ചെറുദ്വീപുകളിൽ ജനവാസമുള്ള 10 ഇടങ്ങളിലൊന്നാണ് ബിത്ര. ജനവാസമില്ലാത്ത 26 ദ്വീപുകൾ വേറെയുള്ളപ്പോഴാണ് പതിറ്റാണ്ടുകളായി കഴിഞ്ഞുവരുന്ന ഭൂമിയിൽ നിന്ന് ജനങ്ങളെ ഇറക്കിവിടാനുള്ള ശ്രമം. ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് കഴിഞ്ഞ 11ന് ദ്വീപിലെ റവന്യു വകുപ്പ് ഉത്തരവിറക്കി. പഠനത്തിന് ഭൂവുടമകളുടെയോ ഗ്രാമസഭയുടെയോ അനുമതി ആവശ്യമില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവും കണക്കിലെടുത്ത് ദ്വീപ് പൂർണമായും പ്രതിരോധ — നയതന്ത്ര ഏജൻസികൾക്ക് കൈമാറുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഭരണമേറ്റ ശേഷം സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ട അടിച്ചേല്പിച്ച് ദ്വീപ് ജനതയുടെ സമാധാന ജീവിതം തകർക്കുന്നതിനായി കൈക്കൊണ്ടുവരുന്ന കുതന്ത്രങ്ങളുടെ തുടർച്ചയായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. മുമ്പ് കവരത്തി, അഗത്തി ദ്വീപുകളുടെ ചില ഭാഗങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. മിനിക്കോയ് ദ്വീപിൽ ഐഎൻഎസ് ജടായു എന്ന പേരിൽ സൈനികത്താവളം കമ്മിഷൻ ചെയ്യുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപനമുണ്ടായിരുന്നു. നിലവിൽ നേവൽ ഓഫിസർ ഇൻ ചാർജിന്റെ (ലക്ഷദ്വീപ് ) നിയന്ത്രണത്തിലാണ് മിനിക്കോയ്. ബംഗാരം, തിണ്ണക്കര ദ്വീപുകളിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ഭൂമി പിടിച്ചെടുത്ത് ടൂറിസം കമ്പനിക്ക് നൽകാനുള്ള നീക്കവുമുണ്ട്. ജനതയെ വിശ്വാസത്തിലെടുക്കാതെയും കൂടിയാലോചനകൾ ഇല്ലാതെയുമുള്ള ഏകാധിപത്യപരമായ ഈ നീക്കങ്ങളെല്ലാം ജനിച്ച മണ്ണ്, ദ്വീപ് നിവാസികൾക്ക് അന്യാധീനപ്പെടാൻ വഴിവയ്ക്കുമെന്ന ആശങ്ക പ്രബലമാക്കിയിട്ടുണ്ട്.
ബിത്ര ദ്വീപ് കയ്യടക്കാനുള്ള ശ്രമങ്ങൾക്കെതിരെ സിപിഐ അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ദ്വീപ് ജനതയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ദ്വീപിന് മേൽ കേന്ദ്രത്തിന് കണ്ണുണ്ടെന്ന് ചില സൂചനകൾ ലഭിച്ച 2022 ഒക്ടോബറിൽ സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി ടി നജ്മുദീൻ, അസിസ്റ്റന്റ് സെക്രട്ടറി സെയ്തലവി ബിരിയക്കൽ, പി പി നസീർ എന്നിവർ അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറെ നേരിൽകണ്ട് വിവരം ആരായാൻ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അഡ്വൈസറുടെ ചേംബറിൽ അതിക്രമിച്ചു കയറി എന്ന പരാതിയെ തുടർന്ന് 27 ദിവസം ഇവരെ ജയിലിലടയ്ക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ നിന്നാണ് പിന്നീട് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും ആന്ത്രോത്ത് മുൻസിഫ് കോടതിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.