23 December 2024, Monday
KSFE Galaxy Chits Banner 2

പാൻകാർഡ് പരിധി കുറക്കാൻ നീക്കം: ജ്വല്ലറി മേഖല പ്രതിസന്ധിയിൽ

ബേബി ആലുവ
കൊച്ചി
July 15, 2024 8:31 pm

ജ്വലറി ഇടപാടുകൾക്കുള്ള പാൻ കാർഡ് പരിധി കുറക്കാനുള്ള കേന്ദ്ര നീക്കം വ്യപാരികളെ കടുത്ത ആശങ്കയിലാക്കുന്നു. രണ്ട് ലക്ഷം എന്ന നിലവിലെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തണമെന്ന് വ്യാപാര സമൂഹം ആവശ്യമുയർത്തുന്നതിനിടെയാണ് ഈ തിരിച്ചടി.
50,000 രൂപയായി പാൻ കാർഡ് പരിധി കുറയ്ക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. സ്വർണം വാങ്ങി കൂട്ടുന്നതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ തടയുന്നതിനും സ്വർണക്കടത്തിന് തടയിടുന്നതിനുമാണ് നടപടിയെന്നാണ് വിശദികരണം. കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച നിർദ്ദേശമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ലക്ഷം രൂപയിൽ നിന്ന് പരിധി 50,000 രൂപയാക്കി കുറയ്ക്കുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ വരെ പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമാകും. രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ പണമായി നൽകാവുന്നതായിരുന്നു ഇതുവരെയുള്ള രീതി. അതിനാണ് മാറ്റം വരാൻ പോകുന്നത്. 

രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും പാൻ കാർഡ് ഉപയോഗിക്കുന്നവരല്ല എന്നതിനാൽ ചെറിയ ഇടപാടുകൾക്കായി ആഭരണവ്യാപാര ശാലകളെ സമീപിക്കുന്ന സാധാരണക്കാർക്കും ഈ മാറ്റം വലിയ പ്രശ്നമുണ്ടാക്കും. വ്യാപാര മേഖലയിൽ പണമെത്തുന്നത് തടയാനും അതുവഴി വിപണിയിൽ വലിയ തോതിൽ മാന്ദ്യമുണ്ടാകാനും കേന്ദ്ര നടപടി കാരണമാകുമെന്നാണ് സ്വർണാഭരണ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ കർശനമായ മാർഗനിർദ്ദേശങ്ങൾ കുറ്റമറ്റ വിധം പാലിച്ചു കൊണ്ടാണ് ഇപ്പോൾത്തന്നെ വ്യാപാര മേഖല മുന്നോട്ടു പോകുന്നതെന്ന് അവർ വ്യക്തമാക്കുന്നു. 

രാജ്യത്തെ രണ്ടര ലക്ഷത്തിലേറെയുള്ള ജ്വല്ലറി വ്യവസായം മുഴുവനായും 2020 മുതൽ നിയമത്തിന്റെ പരിധിയിലാണ്. ഇതിനു പുറമെ, സ്വർണ — വജ്രവ്യാപാരികൾ പാലിക്കണ്ട മാർഗനിർദ്ദേശങ്ങളുമുണ്ട്. ഒറ്റത്തവണയായോ പല തവണകളായോ 10 ലക്ഷം രൂപ വരെയോ അതിൽ കൂടുതലായോ ഉള്ള എല്ലാ ഇടപാടുകളുടെയും രേഖ അഞ്ച് വർഷം വരെ വ്യാപാരികൾ സൂക്ഷിക്കണം, ഇതിനായി 500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങൾ നോഡൽ ഓഫീസറെ സ്വന്തം നിലയിലും അതിന് താഴെ വിറ്റു വരമുള്ള വ്യാപാരികൾ അസോസിയേഷനുകൾ മുഖേന പൊതുവായും നോഡൽ ഓഫീസറെ നിയമിക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും സംഘടന പറയുന്നു. പൊതു ജനങ്ങൾക്കും വ്യാപാര മേഖലയ്ക്കും സംഭവിക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് പാൻ കാർഡ് പരിധി കുറയ്ക്കുന്ന കാര്യത്തിൽ പുന:പരിശോധന വേണമെന്നാണ് ആവശ്യം.

Eng­lish Sum­ma­ry: Move to reduce PAN card lim­it: Jew­el­ery sec­tor in crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.