27 December 2024, Friday
KSFE Galaxy Chits Banner 2

എംടി: കാലത്തെ ഭേദിക്കുന്ന രണ്ടക്ഷരം

Janayugom Webdesk
December 27, 2024 5:00 am

മലയാളത്തെ ഇത്രമേല്‍ ഭ്രമിപ്പിച്ച രണ്ടക്ഷരം വേറെ കാണില്ല. പ്രതിഭയുടെ ഭാരത്താല്‍ ഇത്രമേല്‍ ആഘോഷിക്കപ്പെട്ട മറ്റൊരു മനുഷ്യനും മലയാളത്തില്‍ ഉണ്ടാവുകയുമില്ല. മലയാളത്തില്‍ എംടിയെ മറികടക്കുന്ന എഴുത്തുകാരുണ്ടാകാമെന്ന തര്‍ക്കമുയരുമെങ്കിലും അദ്ദേഹം വ്യാപരിച്ചത്ര സര്‍ഗാത്മക ഇടങ്ങളെ മറികടക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതാനേയാവില്ല. സാഹിത്യത്തില്‍ എംടി കൈ വയ്ക്കാത്തത് കവിതയില്‍ മാത്രമായിരിക്കാം. എന്നാല്‍ കോളജ് പഠനകാലത്ത് കവിതയിലും കമ്പമുണ്ടായിരുന്നു. നോവല്‍, നോവെലറ്റ്, ചെറുകഥ, യാത്രാവിവരണം, പ്രബന്ധം, ബാലസാഹിത്യം, തിരക്കഥ, നാടകം എന്നിങ്ങനെ എഴുത്തിന്റെ ഏതാണ്ടെല്ലാ രൂപങ്ങളെയും മറ്റാര്‍ക്കും കഴിയാത്തവിധം എംടി കീഴടക്കിയിരുന്നു. എംടി എന്ന എഴുത്തുകാരനെപ്പോലെ തന്നെ ശക്തനാണ് എംടി എന്ന വായനക്കാരന്‍. തീവ്രമായ വായനാശീലമായിരുന്നു എംടിയുടേത്. പുസ്തകങ്ങള്‍ ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ക്ലാസിക്കുകള്‍ മാത്രമല്ല അതാത് കാലങ്ങളില്‍ ലോകത്തിറങ്ങുന്ന മികച്ച കൃതികള്‍ വായിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. കലാ-സാംസ്കാരിക വിഷയങ്ങളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്നുവെന്നതിന് ലേഖന സമാഹാരങ്ങള്‍ സാക്ഷികളാണ്. വര്‍ത്തമാനകാല ലോക രാഷ്ട്രീയ നിരീക്ഷണങ്ങളെ പരന്ന വായനയില്‍ നിന്നാണ് അദ്ദേഹം ആഴത്തില്‍ ഉള്‍ക്കൊണ്ടിരുന്നത്. പത്രാധിപരെന്ന മേല്‍വിലാസം അതിന്റെ എല്ലാ ആലങ്കാരികതകളോടും വിശേഷിപ്പിക്കപ്പെട്ടത് എംടിയിലാണ്. എഴുത്തുകാരന്‍ പത്രാധിപരാകുമ്പോള്‍ ഉണ്ടാകുന്ന മാനുഷികമായ എല്ലാ ശങ്കകളെയും മറികടന്നയാളായിരുന്നു അദ്ദേഹം. പിന്നീട് മലയാള സാഹിത്യലോകം കീഴടക്കിയ പ്രമുഖ എഴുത്തുകാരില്‍ ഒട്ടുമുക്കാല്‍ ആളുകളും എംടിയുടെ തിരുത്തലുകളിലൂടെ കടന്നുപോയവരാണ്. ഭാഷയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് തോന്നലുണ്ടായാല്‍ ആരെയും ചേര്‍ത്തുനിര്‍ത്താന്‍ മടികാണിച്ചിരുന്നില്ല. തുടക്കക്കാരുടെ രചനകളെവരെ കൃത്യമായി വിലയിരുത്തി സ്വന്തം കൈപ്പടയില്‍ അഭിപ്രായം അറിയിക്കുന്ന പത്രാധിപരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഓര്‍മ്മിക്കുന്ന ഒട്ടേറെപ്പേരുണ്ട്. എംടിയുടെ ഒരു കത്തുമൂലം ജീവിതം മാറ്റിമറിക്കപ്പെട്ടവര്‍ പോലുമുണ്ട്. 

എഴുത്തിന്റെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. നിര്‍മ്മാല്യം ഉള്‍പ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. അമ്പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതി. അതിലേറെയും മലയാളത്തിന് എന്നും അഭിമാനിക്കാവുന്നവയാണ്. കഥാപാത്രങ്ങളും മനുഷ്യവ്യഥകളുടെ സൂക്ഷ്മാംശങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. നിര്‍മ്മാല്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും വൈയക്തികസംഘര്‍ഷങ്ങളുടെയും അങ്ങേയറ്റം വരെ കടന്നുചെന്ന സര്‍ഗാത്മക സൃഷ്ടിയായിരുന്നു. ഇന്ന് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് ചിന്തയുടെ കടന്നുകയറ്റത്തെ പരാാമര്‍ശിക്കുന്ന ഉരകല്ലായി എംടി സിനിമകളെ പരാമര്‍ശിക്കാറുണ്ട്. പത്രപ്രവര്‍ത്തകനെന്ന നിലയിലാണ് സൗഹാര്‍ദ്ദങ്ങളുടെ നഗരമായ കോഴിക്കോട്ടേക്ക് എംടി കുടിയേറുന്നത്. മലയാള സാഹിത്യത്തില്‍ പിന്നീടുണ്ടായത് സര്‍ഗാത്മകതയുടെ വേലിയേറ്റം തന്നെയാണ്. ഈ കൂട്ടായ്മയുടെ മധുരം നുണയാന്‍ മലയാള നാടിന്റെ നാനാദിക്കുകളില്‍ നിന്നും എഴുത്തുകാരും കലാകാരന്മാരും കോഴിക്കോട്ടേക്ക് സ്ഥിരമായി തീര്‍ത്ഥാടനം ചെയ്തു. പൊറ്റെക്കാടും ഉറൂബും ബഷീറും തിക്കോടിയനും എന്‍ പി മുഹമ്മദും സുകുമാര്‍ അഴീക്കോടും എംടിയുമൊക്കെ വാണരുളുന്ന കോഴിക്കോട് അങ്ങനെയാണ് കേരളത്തിന്റെ സര്‍ഗാത്മകതയുടെ സൗഹാര്‍ദ തലസ്ഥാനമായത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി പ്രസിദ്ധീകരണ സംരംഭം വരെ ആരംഭിക്കുകയുണ്ടായി. 

എംടിയുടെ രാഷ്ട്രീയമെന്തെന്ന് ആരും അധികം ചര്‍ച്ച ചെയ്തിട്ടില്ല. വര്‍ത്തമാനകാല രാഷ്ട്രീയ‑സാംസ്‌കാരിക‑സാമൂഹിക സംഭവവികാസങ്ങളോട് ദൈനംദിനം പ്രതികരിക്കുന്ന ആളേയല്ല എംടി. അത്തരത്തില്‍ പ്രതികരണമറിയാന്‍ ആരും അദ്ദേഹത്തെ വിളിക്കുക പോലും ചെയ്യില്ലായിരുന്നു. എന്നാല്‍ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ആഴ്ചകളും മാസങ്ങളും പ്രകമ്പനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടുതാനും. പെരിങ്ങോം ആണവനിലയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നപ്പോള്‍ എംടി ഇടപെട്ടു. ചാലിയാര്‍ സമരകാലത്തും നിളാസംരക്ഷണ കൂട്ടായ്മയിലും അദ്ദേഹം ഭാഗഭാക്കായത് പുഴയുടെ മരണം നാടിന്റെ നാശവും കൂടിയാണെന്ന നിലപാട് വ്യക്തമാക്കിയാണ്. മുത്തങ്ങ സമരകാലത്തുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തി. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട് നേരിട്ടെത്തി പ്രഭാഷണം നടത്തി. നോട്ടുനിരോധന കാലത്ത് ശക്തമായ ഭാഷയില്‍ എഴുതിയത് നേരിട്ടറിഞ്ഞിട്ടു തന്നെയാണ്. എല്ലാക്കാലത്തും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തെ അദ്ദേഹം ഭയം കൂടാതെ തന്നെ എതിര്‍ത്തിട്ടുമുണ്ട്.

ആരാധകരുടെ അമിതമായ സ്‌നേഹവാത്സല്യങ്ങളോ അധികാരത്തിന്റെ പരിലാളനകളോ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. സ്വകാര്യങ്ങളിലേക്ക് കടന്നുകയറാനോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനോ അദ്ദേഹം അനുവദിച്ചിരുന്നില്ല. എഴുത്താണ് തന്റെ പ്രതികരണമെന്ന ശക്തമായ നിലപാടില്‍ അവസാനം വരെ ഉറച്ചുനിന്നു. ഏതുവലിയ ആള്‍ക്കൂട്ടമിരമ്പുമ്പോഴും മനുഷ്യന്‍ ഒറ്റപ്പെട്ടവനാണെന്ന ആവിഷ്കാരം തന്നെയാണ് എംടിയിലും അദ്ദേഹത്തിന്റെ സൃഷ്ടികളിലും സൂക്ഷ്മമായി നോക്കിയാല്‍ കാണാനാവുക. ആ മൗനം തന്നെയാണ് പ്രശസ്തമായ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളിലും കാണാനാവുക. ഏതാള്‍ക്കൂട്ടത്തിന് നടുവിലും എംടിയുടെ നിശബ്ദതയും മൗനവും മുഴച്ചു തന്നെ നിന്നു. മണ്ണിനെയും മനുഷ്യരെയും പ്രകൃതിയെയും ആദരവോടെ നോക്കിക്കാണാന്‍ തന്റെ സര്‍ഗസൃഷ്ടികളിലൂടെ തന്നെയാണ് മലയാളികളെ ബോധ്യപ്പെടുത്തിയത്. മുഖം നോക്കാതെ എഴുതുകയും പറയാനുള്ളത് മാത്രം പറയുകയും ചെയ്തു. ഭയവും ചാഞ്ചല്യവും ആ വാക്കുകളെ ഒരിക്കലും പിറകോട്ട് വലിച്ചില്ല. അതാണ് എംടിയുടെ എഴുത്തുകളെ കാലത്തെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നത്. ഒരു ചെറുപുഞ്ചിരി ചുണ്ടിലൊളിപ്പിച്ച് ഗൗരവത്തോടെ സാഹിത്യമുറ്റത്ത് കസേരയിട്ടിരുന്ന കാരണവരുടെ അഭാവം ഇനി മലയാളം അനുഭവിക്കുക തന്നെ ചെയ്യും. അതേസമയം എഴുത്തുകളൊക്കെ അക്ഷരനക്ഷത്രങ്ങളായി ശോഭയോടെ തിളങ്ങും.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.