‘രണ്ടു വർഷമായി എംടിയെക്കുറിച്ച് മാത്രമായിരുന്നു ആലോചന. എഴുത്ത് തൊണ്ണൂറ് ശതമാനവും പൂർത്തിയായി. പ്രകാശനത്തിന് മുന്നേ മഹാനായ എഴുത്തുകാരൻ വിടവാങ്ങിയെന്നത് വലിയൊരു വേദനയാണ് ‘- എം ടിയുടെ ജീവചരിത്രം എഴുതാൻ ഭാഗ്യം ലഭിച്ച എഴുത്തുകാരൻ ഡോ. കെ ശ്രീകുമാർ പറയുന്നു. ജീവിതാനുഭവങ്ങൾ പല രചനകളിലും കടന്നുവന്നിട്ടുണ്ടെങ്കിലും എംടിയുടെ സമ്പൂർണ ജീവ ചരിത്രം എഴുതാനുള്ള നിയോഗം ഡോ. കെ ശ്രീകുമാറിനായിരുന്നു. അടുത്ത വർഷം ഓഗസ്റ്റ് മാസം എം ടി യുടെ 92-ാം പിറന്നാളിന് ജീവചരിത്രം പുറത്തിറക്കാനായിരുന്നു ആലോചന. എന്നാൽ അതിന് മുമ്പേ എം ടി യാത്രയായി. എംടിയുടെ വ്യക്തി ജീവിതവും സർഗാത്മക ജീവിതവും സമഗ്രമായി രേഖപ്പെടുത്തുന്ന ആയിരം പേജോളം വരുന്ന പുസ്തകത്തിന്റെ അവസാന മിനുക്കു പണികളിലാണ് ഡോ. കെ ശ്രീകുമാർ. വൈവിധ്യമാർന്ന കർമ്മ മണ്ഡലങ്ങളിൽ ദീർഘകാലം നിറഞ്ഞു നിന്ന എംടിയുടെ ആധികാരികവും സമഗ്രവുമായ ജീവചരിത്രമാണ് ശ്രീകുമാറിന്റെ രചനയിൽ ഒരുങ്ങുന്നത്.
ദിവസവും വൈകീട്ട് ഫ്ലാറ്റിലെത്തിയാണ് എംടിയുമായി സംസാരിച്ച് ‘എം ടി വാസുദേവൻ നായർ’ എന്ന പുസ്തകത്തിനായി വിവരങ്ങൾ ശേഖരിച്ചിരുന്നത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, എം ടിയുമായി ബന്ധമുള്ള സാംസ്ക്കാരിക പ്രവർത്തകർ എന്നിവരെയെല്ലാം നേരിൽ കണ്ടു. കഴിഞ്ഞ ജനുവരിയോടെ വിവര ശേഖരണം പൂർത്തിയായി. എംടിയുമായി സംസാരിച്ച് എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തി. എഴുതാനുള്ള വിവരങ്ങളെല്ലാം തന്നാണ് എഴുത്തുകാരൻ മടങ്ങിയതെന്നും ഡോ. കെ ശ്രീകമാർ പറഞ്ഞു.
എം ടിയുടെ സിനിമകളും ചെറുകഥകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഇനി എഴുതുവാൻ ബാക്കിയുള്ളത്. പുസ്തകത്തിന് അവതാരിക ഇല്ല. എം ടിയുടെ ജീവചരിത്രത്തിന് മറ്റൊരാളുടെ അവതാരിക ആവശ്യമില്ലെന്ന് തോന്നി. കഴിഞ്ഞ ദിവസവും ആശുപത്രിയിൽ എം ടിയെ സന്ദർശിച്ചിരുന്നു. എന്നെ അദ്ദേഹത്തിന് ഓർക്കാൻ കഴിയുമായിരുന്നില്ല. പുസ്തകം പൂർത്തിയാക്കി അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞില്ലെന്നതാണ് കടുത്ത വേദനയെന്നും ശ്രീകുമാർ ജനയുഗത്തോട് പറഞ്ഞു.
ആത്മകഥ എഴുതില്ലെന്ന് നേരത്തെ തന്നെ എം ടി പ്രഖ്യാപിച്ചിരുന്നു. പല പുസ്തകങ്ങളിലും ജീവിതം കടന്നുവന്നതുകൊണ്ട് ഇനിയൊരു ആത്മകഥയ്ക്ക് പ്രസക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം ഫ്ലാറ്റിലേക്ക് വിളിക്കുകയായിരുന്നു. ജീവചരിത്രം എഴുതാമോ എന്ന ചോദ്യത്തിന് മുമ്പിൽ ആദ്യം ഒന്നു പകച്ചു. ബഹുമുഖ പ്രതിഭ എന്ന നിലയിൽ എളുപ്പം പൂർത്തിയാക്കാവുന്നതായിരുന്നില്ല എം ടി യുടെ ജീവചരിത്രം. കടലോളം പരന്ന കാര്യങ്ങൾക്കിടയിൽ നിന്ന് ആ ജീവിതം എഴുതിത്തീർക്കുക എളുപ്പമായിരുന്നില്ല. എഴുത്തിനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹം എനിക്കു തന്നു എന്നതാണ് വലിയൊരു കാര്യം. ഒരിടത്തും പറയാത്ത കാര്യങ്ങൾ പുസ്തകത്തിനായി അദ്ദേഹം എന്നോട് പറഞ്ഞു. അധികം സംസാരിക്കാത്ത ആളാണ് എം ടി. എന്നാൽ പുസ്തക രചനയുമായി ബന്ധപ്പെട്ട് അദ്ദേഹം വാചാലനായെന്നും ശ്രീകുമാർ വ്യക്തമാക്കി.
എംടിയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പുസ്തകം വേറിട്ട് നിൽക്കുമെന്ന് ഡോ. കെ ശ്രീകുമാറിന് ഉറപ്പുണ്ട്. ഇതിഹാസ തുല്യമായ ജീവിതത്തിന്റെ സമ്പൂർണ ആവിഷ്ക്കാരമാണ് പുസ്തകം. സംഭവ ബഹുലമായ ജീവിതത്തിന്റെ സർവതല സ്പർശിയായ ആഖ്യാനത്തോടൊപ്പം അപൂർവ ചിത്രങ്ങളും രേഖകളും വിജ്ഞാനപ്രദമായ അനുബന്ധങ്ങളും കൊണ്ട് സമ്പന്നമാണ് ‘എം ടി വാസുദേവൻ നായർ’ എന്ന ഈ ബൃഹദ്ഗ്രന്ഥം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, പ്രഭാഷകൻ, നാടകകൃത്ത്, നാടക പരിഭാഷകൻ, സംഘാടകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, വായനക്കാരൻ, ജ്ഞാനപീഠമടക്കമുള്ള മികച്ച പുരസ്കാരങ്ങളുടെ ജേതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ എം ടിയുടെ അമൂല്യ സംഭാവനകളെ വസ്തുനിഷ്ടമായി നോക്കിക്കാണുന്ന കൃതിയാണിത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം ടിയുടെ കീഴിൽ സബ് എഡിറ്ററായിരുന്നു ഗ്രന്ഥകാരനായ ഡോ. കെ ശ്രീകുമാർ. എം ടി ചെയർമാനായ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ കോർഡിനേറ്ററാണ് അദ്ദേഹം. സബ് എഡിറ്ററായി ജോലി ചെയ്യുമ്പോൾ സ്നേഹപൂർണമായ സമീപനമായി എംടിയുടേതെന്ന് ശ്രീകുമാർ ഓർക്കുന്നു. പിന്നീട് എംടി മാതൃഭൂമി വിട്ടു. നാളുകൾക്ക് ശേഷം താനും സ്ഥാപനം വിട്ടു. എന്നാൽ എം ടിയുടെ സ്നേഹം തന്നെ പിന്തുടരുകയായിരുന്നു. തുഞ്ചൻ പറമ്പുമായി അദ്ദേഹം വിളിച്ചതിനെത്തുടർന്നാണ് അവിടുത്തെ പരിപാടികൾ കോർഡിനേറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. എം ടിയുടെ നവതിയുമായി ബന്ധപ്പെട്ട് ‘സാദരം എം ടി ഉത്സരം’ എന്ന പേരിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ വലിയൊരു അംഗീകാരമായി ഇദ്ദേഹം കാണുന്നു. വിവിധ മേഖലകളിൽപ്പെട്ട 225 കൃതികളുടെ രചയിതാവും കേന്ദ്ര — കേരള സാഹിത്യ അക്കാദമിയുടേതടക്കം എഴുപതിലേറെ അംഗീകാരങ്ങളുടെ ഉടമയുമാണ് ഡോ. കെ ശ്രീകുമാർ. 23 വർഷത്തെ പത്രപ്രവർത്തനത്തിനു ശേഷം 2016 ൽ ശ്രീകുമാർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ സാഹിത്യപ്രവർത്തകനായി. ചോറ്റാനിക്കര സ്വദേശിയായ കെ ശ്രീകുമാർ ഇപ്പോൾ ബാലുശ്ശേരിയിലാണ് താമസം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.