ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞുപെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള ആകാശത്തിന് കീഴിൽ മലയാളി മനസ് വിളറിവെളുത്തത്. മലയാളത്തിന് ലോക ക്ലാസിക്ക് കൃതികൾ തന്ന എംടി അനന്തതയിലേക്ക് മടങ്ങിയിരിക്കുന്നു. മധുരമുള്ള വാക്ക് മനസ് കവരുംപോലെ എംടിയുടെ കലാസാഹിത്യ സംഭാവനകൾ മലയാളത്തിന് വിവിധ രുചിക്കൂട്ടുള്ള മധുരപലഹാരങ്ങളാണ്. സസ്യശ്യാമളമായ കൂടല്ലൂർ ഗ്രാമവും അവിടുത്തെ പൈതൃക സംസ്കാരവും നിളാനദിയും മാത്രമല്ല മലയാളിക്ക് സമ്മാനിച്ചത്, സമൂഹത്തിന്റെ ഗതിവിഗതികളെ, തൊട്ടാൽ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ശക്തമായ ധാർമ്മിക മനഃസാക്ഷിയോടെ ദൃശ്യവിസ്മയങ്ങളായി മലയാളിക്ക് വിളമ്പിത്തന്നു. നമ്മുടെ മനസ് വേട്ടക്കാരന്റെതെന്ന് അദ്ദേഹം ഇഴപിരിച്ചു പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന കള്ളനാണയങ്ങളെ തുറന്നു കാട്ടി. നാലുകെട്ട് എന്ന നോവലിൽ, ഇത് പൊളിച്ചുമാറ്റി കാറ്റും വെളിച്ചവും കടക്കുന്ന വീടാക്കണമെന്ന് പറയുന്നത് പുതിയ കാലത്തിന്റെ കാലൊച്ചയാണ്.
മൂക്കാല്‍ നൂറ്റാണ്ടോളമായി കാവ്യസുന്ദരമായി കഥപറയുന്ന, അനുഭൂതിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, ചെറുപ്പം മുതൽ വളരെ ആഴത്തിൽ വായിക്കുന്ന എംടി എന്ന മഹാപ്രതിഭയെപ്പറ്റി നമ്മൾ പഠിച്ചത് എന്താണ്? ഇരുളിൽ പ്രതിഭാനം ചെയ്യുന്നവരാണ് പ്രതിഭകൾ. വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആദരവ് ഏറ്റുവാങ്ങുന്നത് ഇത്തരം പ്രതിഭകളാണ്. അത് സന്ധ്യാകാശത്തിന്റെ ചാരുതപോലെ ഭാഷ, മുത്തുമാലകളായി ഇവരിലൂടെ തിളങ്ങുന്നതുകൊണ്ടാണ്. ആ തിളക്കം എംടിയുടെ വായനക്കാരൻ, സിനിമാ പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പുരോഗമന മുഖം തിരിച്ചറിയാൻ രണ്ടാമൂഴം വായിച്ചാൽ മതി. യുദ്ധക്കൊതിയന്മാരായ ഭരണകർത്താക്കള്‍ നോവലിൽ നിഴലിക്കുന്നു.
എംടി കാലത്തിന് മുന്നേ സഞ്ചരിച്ച മാന്ത്രിക പ്രതിഭയാണ്. എംടിക്ക് രാഷ്ട്രീയ പക്ഷമില്ല, മനുഷ്യപക്ഷത്തായിരുന്നു. നിർമ്മാല്യം പോലൊരു സിനിമ എംടിയുടെ തലച്ചോറിൽ പിറന്നതില്‍ മലയാളിക്കെന്നും അഭിമാനിക്കാം. ദേവിക്ക് മുന്നിൽ ചിലമ്പണിഞ്ഞാടിയ വെളിച്ചപ്പാടിനെക്കൊണ്ട് ദേവീവിഗ്രഹത്തിന് നേർക്ക് ചോര തുപ്പിക്കുക, സ്വയംവെട്ടി മരിക്കുക എന്നത് ഭയാനകമായ കാഴ്ചയാണ്. എല്ലാം മനുഷ്യനിർമ്മിതിയെന്ന് അറിയാമെങ്കിലും ഈ ആധുനിക യുഗത്തിൽ ഇങ്ങനെയൊരു ചിത്രമെടുക്കാൻ ഏതെങ്കിലും ചലച്ചിത്രകാരൻ തയ്യാറാകുമോ? ഇതുകണ്ട് വിറളിപിടിക്കുന്ന അന്ധവിശ്വാസികൾ അടങ്ങിയിരിക്കുമോ? എഴുത്തുവേണോ കഴുത്തുവേണോയെന്ന് ചോദിക്കില്ലേ? വികസന പുരോഗമനം പ്രസംഗിക്കുന്ന ഭരണകർത്താക്കൾ ആർക്കൊപ്പമായിരിക്കും? ഈ സിനിമ എംടി എടുക്കുന്നത് 1973ലാണ്. 2024ൽ എത്തിനിൽക്കുമ്പോൾ എന്താണ് നമ്മുടെ സാംസ്കാരിക പുരോഗതി?
ജീവിതകാലം മുഴുവൻ ദേവിക്കായി സേവനം ചെയ്ത തന്റെ വീട്ടിലെ പട്ടിണി മാറ്റാൻ ഭാര്യ ശരീരം വിറ്റപ്പോൾ കലിയിളകിയ വെളിച്ചപ്പാട് ദുഃഖഭാരത്തോടെ ഉന്നയിക്കുന്ന ചോദ്യമാണ് ‘നിന്നെ സേവിച്ചതിന്റെ കൂലിയാണോ എനിക്ക് കിട്ടിയത്?’ വിഗ്രഹാരാധനകളുായി കോടാനുകോടി അന്ധവിശ്വാസികൾ ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്നു. സമൂഹത്തിൽ കാണുന്ന ജീർണതകളെ തുറന്നുകാട്ടാൻ ചങ്കൂറ്റമുള്ള ഭരണകർത്താക്കൾ, എംടിയെ പോലുള്ള കലാ സാഹിത്യ പ്രതിഭകളുണ്ടാകുമോ?
ഫ്രഞ്ച്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സാമ്രാജ്യത്വ ശക്തികളെ, രാജവാഴ്ചകളെ സഹനങ്ങളിലൂടെ തകർത്തവരാണ് മഹാപ്രതിഭകൾ എന്നറിയപ്പെടുന്നത്. അല്ലാതെ അധികാരികളുടെ അപ്പക്കഷണങ്ങൾ വാങ്ങി വാഴ്ത്തുന്നവരല്ല. സമൂഹത്തിൽ കാണുന്ന ഏത് തിന്മകളും, അന്യായങ്ങളും അവർക്ക് നീറുന്ന വിഷയങ്ങളാണ്. എംടി, സാറാ ജോസഫിനൊപ്പം മുത്തങ്ങ സമരമുഖത്തെത്തിയത് അതൊരു സാമൂഹ്യദുരന്തമായി കണ്ടതുകൊണ്ടാണ്. മുത്തങ്ങ വിഷയത്തിൽ കൊല്ലം സങ്കീർത്തനം ബുക്സ് ഒരുക്കിയ യോഗത്തില്‍ ഞാനും കാക്കനാടനൊപ്പം പോയത് ഓർക്കുന്നു. ലോക സാഹിത്യ രംഗത്തെ മഹാപ്രതിഭകൾ സാമൂഹിക വ്യവസ്ഥിതികളെ ഉഴുതുമറിച്ചവരാണ്. അവർ സത്യത്തിന്റെ, ധാർമ്മികതയുടെ പക്ഷത്തുനിൽക്കുന്നവരാണ്.
മാതൃഭൂമിയിൽ ഒരു സാഹിത്യ സാംസ്കാരിക സെമിനാർ കെ പി കേശവമേനോന്റെ നേതൃത്വത്തിൽ നടക്കുന്ന കാലത്താണ് മാതൃഭൂമി വാരികയുടെ പത്രാധിപരായിരുന്ന എംടിയെ ആദ്യം കണ്ടത്. എംടിയെ സമീപിച്ചത് ഒരു മിനിക്കഥ കൊടുക്കാനാണ്. കോഴിക്കോട് പോകുന്നതുകൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. കഥയുടെ തെളിമയോ അർത്ഥമോ ആസ്വാദനമോ ഇല്ലെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹമിരുന്ന മുറിയുടെ മുന്നിൽ ചെന്നു. മുറിയുടെ വാതിലിന് കതകില്ല. ജനാലപോലെ ഇടയ്ക്ക് രണ്ട് പാളികൾ. അതിൽത്തട്ടി, ഒരനക്കവുമില്ല. ആളില്ലെന്ന് തോന്നി മടങ്ങാൻ തുടങ്ങും മുമ്പ് അടിയിലൂടെ വെറുതേ കുനിഞ്ഞുനോക്കി. എന്തോ ഗൗരവത്തിൽ എഴുതുന്നു. ഒരാൾ വന്ന് അതിൽ മുട്ടി അകത്തേക്ക് പോയിട്ട് പെട്ടെന്ന് മടങ്ങിപ്പോയി. ഞാനും അങ്ങനെ അകത്തേക്ക് ചെന്നു. ‘ഒരു ചെറുകഥ തരാനാണ് സാർ വന്നത്.’ തല ഉയർത്തി നോക്കാതെ ഗൗരവത്തോടെ കൈചൂണ്ടി മേശപ്പുറത്തുവയ്ക്കാൻ പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ ഒരക്ഷരം ചോദിക്കാത്തതിലുള്ള അമർഷവുമായി ഞാൻ മടങ്ങി.
മനസ് നിറയെ ഇയാൾ ഇത്ര പരുക്കനോ, എന്തൊരു തലക്കനം എന്നൊക്കെ തോന്നി. രണ്ടാം മാസം മിനിക്കഥ — മൂടൽമഞ്ഞ് മാതൃഭൂമിയിൽ കണ്ടപ്പോൾ എംടി പരുക്കനല്ല നിർമ്മല ഹൃദയത്തിനുടമയെന്ന് മനസിലാക്കി. പിന്നീട് പലരിൽ നിന്നും കേട്ടത് ആളത്ര ക്രൂരനല്ലെന്നാണ്. ഇന്നും എന്റെ ഓർമ്മയിലുള്ളത് മുഖമുയർത്തി നോക്കാത്ത കുനിഞ്ഞിരുന്നെഴുതുന്ന നുണയെഴുതാത്ത എംടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.