
നാല് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള യുവാക്കളുടെ സംഗീതാഭിരുചിക്ക് ദിശ നൽകിയ മ്യൂസിക് ചാനലായ എം ടി വി യുകെയിലെ അഞ്ച് മ്യൂസിക് ചാനലുകൾ 2025 അവസാനത്തോടെ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എംടിവി മ്യൂസിക്, എംടിവി എയ്റ്റീസ്, എംടിവി നയന്റീസ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നീ ചാനലുകളാണ് ഡിസംബർ 31ന് സംപ്രേക്ഷണം നിർത്തുക. പ്രധാന ചാനലായ എംടിവി എച്ച്ഡി തുടർന്നും സംപ്രേക്ഷണം ചെയ്യും. എന്നാൽ ഈ ചാനലിൽ മ്യൂസിക് വീഡിയോകളെക്കാൾ കൂടുതൽ റിയാലിറ്റി ഷോകൾക്കും മറ്റ് വിനോദ പരിപാടികൾക്കുമാണ് പ്രാധാന്യം നൽകുന്നത് എന്നത് സംഗീത ആരാധകരെ നിരാശരാക്കുന്നു.
മാതൃസ്ഥാപനമായ പാരമൗണ്ട് നടത്തുന്ന ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് യുകെയിലെ അഞ്ച് ചാനലുകൾ അടച്ചുപൂട്ടാൻ എംടിവി തീരുമാനിച്ചത്. ആഗോള തലത്തിൽ 500 മില്യൺ ഡോളർ ചെലവ് കുറയ്ക്കുകയാണ് ഈ നടപടിയിലൂടെ പാരാമൗണ്ട് ലക്ഷ്യമിടുന്നത്. ജനങ്ങൾ സംഗീതം ആസ്വദിക്കാൻ ടെലിവിഷൻ ചാനലുകളെക്കാൾ കൂടുതൽ യൂട്യൂബിനെയും മറ്റ് സ്ട്രീമിങ് ആപ്പുകളെയും ആശ്രയിക്കാൻ തുടങ്ങിയതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
എംടിവി നിർത്തുന്നു എന്ന വാർത്ത വന്നതോടെ ചാനൽ പൂർണ്ണമായി അടച്ചുപൂട്ടുന്നുവെന്ന് തെറ്റിദ്ധരിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തി. ഇത് വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചതോടെ മാതൃസ്ഥാപനം ഔദ്യോഗികമായി വ്യക്തത വരുത്തണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. എംടിവി പൂർണ്ണമായും റിയാലിറ്റി ടിവിയെ പിന്തുടർന്ന് സംഗീത പരിപാടികൾ വെട്ടിച്ചുരുക്കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിമർശിക്കുന്നവരും സമൂഹമാധ്യമങ്ങളിലുണ്ട്. ഓസ്‌ട്രേലിയ, പോളണ്ട്, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ മറ്റ് രാജ്യങ്ങളിലും സമാനമായ അടച്ചുപൂട്ടലുകൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പാരാമൗണ്ട്+ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും എംടിവി എന്ന ബ്രാൻഡിന്റെ ഡിജിറ്റൽ സാന്നിധ്യം ഉറപ്പാക്കാൻ കമ്പനി ശ്രമിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.