
അഫ്ഗാനി പെൺകൊടിക്ക് മാതൃ വിദ്യാലയമായി മുടിയൂർക്കര സ്കൂള്‍. അഫ്ഗാനിസ്ഥാന്‍ ദമ്പതികളുടെ മകളായ ബെഹ്‌സ കരിമിയാണ് കോട്ടയം മുടിയൂർക്കര ഗവ. എൽപി സ്കൂളില്‍ പ്രവേശനോത്സവത്തിനെത്തിയത്. ഇവിടെ ഇത്തവണ ഒന്നാംക്ലാസ് പ്രവേശനം നേടിയ 16 പേരിൽ ഒരാളാണ് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നുള്ള ബെഹ്സ. എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയായ മൊഹമ്മദ് ഫാഹിം കരിമിയുടെയും എലാഹ സാഹിറിന്റെയും മകളായ ബെഹ്സയുടെ പ്രീ സ്കൂൾ പഠനവും കോട്ടയത്ത് തന്നെയായിരുന്നു.
മുടിയൂർക്കര ഗവൺമെന്റ് എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഇത്തവണത്തെ താരം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നുള്ള 6 വയസ്സുകാരി ബെഹ്‌സയായിരുന്നു. ഈ സ്കൂളിൽ ആദ്യമായാണ് രാജ്യത്തിന് വെളിയിൽ നിന്നും ഒരു വിദ്യാർത്ഥി എത്തുന്നത്. അച്ഛൻ മൊഹമ്മദ് ഫാഹിം, അമ്മ എലാഹ, സഹോദരൻ ബഹർ എന്നിവർക്കൊപ്പം എത്തിയ ബെഹ്‌സയെ പ്രധാനാധ്യാപിക സിന്ധു കെയും മറ്റ് അധ്യാപകരും ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ അന്തരീക്ഷവും പുതിയ കൂട്ടുകാരെയും ഒക്കെ ബെഹ്‌സയ്ക്ക് ഇഷ്ടമായി. കോട്ടയത്ത് തന്നെ പ്രീ സ്കൂൾ പഠനം നടത്തിയ ബെഹ്‌സയ്ക്ക് കുറച്ചൊക്കെ മലയാളവും അറിയാം.
2021ൽ എംജി സർവകലാശാലയിൽ മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായാണ് പിതാവ് മൊഹമ്മദ് ഫാഹിം കോട്ടയത്ത് എത്തിയത്. ഇപ്പോൾ സർവ്വകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ് ഫാഹിം. മൊഹമ്മദ് ഫാഹിമിന്റെ ഗവേഷണം പൂർത്തിയാകാൻ ഇനിയും രണ്ടു വർഷം കൂടിയെങ്കിലും വേണ്ടിവരും. അത്രയും കാലം മുടിയൂർക്കര സ്കൂളിൽ തന്നെയാവും ബെഹ്‌സയുടെ പഠനം. ആദ്യദിനം തന്നെ പുസ്തകങ്ങളും യൂണിഫോമും ബാഗും ഒക്കെ സ്കൂളിൽ നിന്ന് കിട്ടിയപ്പോൾ വലിയ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.