22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 19, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
December 6, 2024
December 3, 2024

മുഹമ്മദ് ഹാജി വധം: 4 പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Janayugom Webdesk
കാസർകോട്
August 29, 2024 7:26 pm

അട്കത്ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. 2008ൽ കാസർകോട് നടന്ന വർഗീയ സംഘർഷങ്ങളിൽ നാല് പേരാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ കൊല്ലപ്പട്ടത്. ഇതിന് ശേഷം മറ്റ് നിരവധി വർഗീയ കൊലപാതക കേസുകളും കാസർകോട് നടന്നിരുന്നു. ആകെ 11 കേസുകളിൽ ഒമ്പത് കേസുകളിലെ പ്രതികളെയും കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് വെറുതെ വിട്ട് 30 വർഷത്തിന് ശേഷമാണ് സി എ മുഹമ്മദ് ഹാജി വധക്കേസിൽ ശിക്ഷ വിധിക്കുന്നത്. 

സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന മൂന്നാം പ്രതിയുടെ വാദം കോടതി തള്ളി. ഈ കേസിൽ സർകാർ നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂടർ അഡ്വ. സി കെ ശ്രീധരൻ, അഡ്വ. കെ പി പ്രദീപ് കുമാർ എന്നിവരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. കേസിലെ ദൃക്സാക്ഷിയായ, കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. കേസിന്റെ തുടക്കത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വ പി എസ് ശ്രീധരൻ പിള്ളയാണ് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നത്. ഗവർണറായി നിയമിതനായ ശേഷം അദ്ദേഹത്തിന്റെ ജൂനിയറാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്. അട്കത്ബയൽ ബിലാൽ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാജി 2008 ഏപ്രിൽ 18ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മകൻ ശിഹാബിനൊപ്പം ഗുഡ്ഡെ ടെംപിൾ റോഡിലൂടെ ജുമുഅ നിസ്കാരത്തിന് പോകുമ്പോൾ ചാടിവീണ നാല് പ്രതികളിൽ രണ്ടുപേർ മുഹമ്മദിന്റെ കയ്യിൽ കടന്നുപിടിക്കുകയും, രണ്ടുപേർ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. 

അന്ന് വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന ഇപ്പോഴത്തെ കാസർകോട് എ എസ് പി പി ബാലകൃഷ്ണൻ നായരാണ് ഈ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 30 വർഷത്തിന് ശേഷം ഒരു വർഗീയ കൊലക്കേസ് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞുവെന്നത് അന്വേഷണം നടത്തിയ പി ബാലകൃഷ്ണൻ നായരുടെ ഒദ്യോഗിക സ്ഥാനത്തിന് ലഭിച്ച ഏറ്റവും വലിയ അഗീകാരമാണ്. ഇതിന് മുമ്പ് നടന്ന പല കൊലക്കേസുകളിലും അന്വേഷണങ്ങളിലെ വീഴ്ചയും നിയമത്തിലെ പഴുതും ഉപയോഗിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്നതാണ് കാസർകോട് ഇത്തരം കേസുകൾ ആവർത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും ആക്ഷേപം ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു. ഈ കേസിൽ വാദിഭാഗവും സർകാരും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് സി എ മുഹമ്മദ് ഹാജി വധക്കേസിൽ നിർണായക വിധിയുണ്ടായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.