
ബംഗ്ലാദേശ് ഇടക്കാല സർക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തില്‍. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും യുനുസ് പരാമര്‍ശിച്ചിരുന്നു. 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ‘സെവൻ സിസ്റ്റേഴ്സ്’ എന്ന് മാത്രം വിശേഷിപ്പിക്കുകയും ‘ഇന്ത്യ’ എന്ന പേര് ബോധപൂർവം ഒഴിവാക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേറിട്ട സ്വതന്ത്ര മേഖലയായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. കടൽ അതിർത്തിയില്ലാത്ത ഈ പ്രദേശങ്ങൾക്ക് സമുദ്രത്തിലേക്കുള്ള ഏക മാർഗവും മേഖലയിലെ കടലിന്റെ കാവല്‍ക്കാരനും ബംഗ്ലാദേശാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗ്ലാദേശും ഈ സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ഒരു പ്രത്യേക ഉപമേഖലാ സാമ്പത്തിക ഇടനാഴിയും യൂനുസ് വിഭാവനം ചെയ്തു.
കഴിഞ്ഞ വർഷം ചൈനയിലേക്കുള്ള വിദേശ സന്ദർശന വേളയിലാണ് യൂനുസ് ഈ വിഷയം ആദ്യമായി ഉന്നയിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായി ബംഗ്ലാദേശ് വഴി ചൈനീസ് നിക്ഷേപം എത്തിക്കണമെന്ന യൂനുസിന്റെ നിർദേശം ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെട്ടത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ഭൂപ്രദേശങ്ങളിലും അയൽരാജ്യങ്ങൾ അനാവശ്യമായി ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അന്ന് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.
മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാർ ഭരണകാലയളവിൽ കൈക്കൊണ്ട പല തീരുമാനങ്ങളും രാജ്യത്തിനുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ യുവാക്കൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പടർത്താൻ യൂനുസ് ഭരണകൂടം ശ്രമിച്ചതായും ആരോപണമുണ്ട്. അയൽരാജ്യമായ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ബംഗ്ലാദേശിന്റെ സാമ്പത്തിക താല്പര്യങ്ങളെ ബാധിക്കുമെന്ന് ഒരു വിഭാഗം ആശങ്കപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ‘ഭരണഘടനാ പരിഷ്കരണം’ എന്ന പേരിൽ അധികാരം നീട്ടിക്കൊണ്ടുപോകാൻ യൂനുസ് ശ്രമിക്കുന്നുവെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎൻപി) ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. ഇത്തരത്തിൽ ആഭ്യന്തരമായി ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് തീവ്ര ദേശീയവാദം ഉയർത്തിപ്പിടിക്കാനും ഇന്ത്യക്കെതിരെ ‘സെവൻ സിസ്റ്റേഴ്സ്’ പരാമർശം നടത്തി ജനശ്രദ്ധ തിരിക്കാനും അദ്ദേഹം ശ്രമിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.