23 December 2025, Tuesday

മുജാഹിദ് പള്ളിയിൽ നിസ്കരിച്ചു; സുന്നി വിഭാഗക്കാരന് നേരെ ക്രൂരമർദ്ദനം

Janayugom Webdesk
കോഴിക്കോട്
March 21, 2023 9:24 pm

കോഴിക്കോട് മുതലക്കുളം മാനാഞ്ചിറയിലെ പട്ടാള പള്ളിയിൽ നിസ്കരിക്കാനെത്തിയ ആൾക്ക് ക്രൂര മർദനം. കക്കോടി സ്വദേശി ഷമൂൺ (53)നാണ് മർദ്ദനമേറ്റത്. പട്ടാളപള്ളിയിലെ ജീവനക്കാരനായ മലപ്പുറം ഐക്കരപടി ഓട്ടുപാറ മൊയ്തു (60) മർദ്ദിച്ചതായാണ് പരാതി. എറണാകുളത്തേക്കുള്ള യാത്രാ ആവശ്യാർത്ഥം ഷമൂൺ അതിരാവിലെ നഗരത്തിലെത്തുകയായിരുന്നു. പ്രഭാത നിസ്കാരത്തിന് പട്ടാള പള്ളിയിൽ കയറി ഒറ്റക്ക് നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ മൊയ്തു ഷമൂണിനെ ചോദ്യം ചെയ്തു. ഒറ്റക്ക് നിസ്കരിച്ചത് എന്തിനാണെന്നായിരുന്നു ചോദ്യം. നീ ഖുറാഫാത്ത് ഉണ്ടാക്കുകയാണെന്ന് പറഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് നിലത്ത് വീണ ഷമൂണിന്റെ ദേഹത്ത് കയറിയ ശേഷം ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തുവെന്ന് ഷമൂൺ പറഞ്ഞതായി സഹോദരൻ അൽത്താഫ് വ്യക്തമാക്കി. 

മർദ്ദനമേറ്റ അവശനായ ഷമൂൺ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ അഭയം തേടി. തുടര്‍ന്ന് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കക്കോടി സ്വദേശിയായ ഷമൂൺ നിലവിൽ എറണാകുളം കാക്കനാട്ടാണ് താമസിക്കുന്നത്. ബെംഗളൂരുവിലെ ബിസിനസുകാരനാണ്. പ്രതി മൊയ്തു നഗരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഐ പി സി 341, 323, 324 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതെ സമയം, നിസ്കാര ശേഷം പള്ളി അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പട്ടാള പള്ളി കമ്മിറ്റിയുടെ വിശദീകരണം. 

Eng­lish Sum­ma­ry: Mujahid prayed in the mosque; Cru­el attack on the Sun­ni sect

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.