വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പില്‍ ജീവനക്കാരെ മാത്രം കുറ്റക്കാരാക്കി ജയിലിലടയ്ക്കുന്നുവെന്ന് ജീവനക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൃശൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട. കുട്ടനെല്ലൂര്‍ എന്നീ ബ്രാഞ്ചുകളിലായി 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഈ നാലു സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ഓരോ ദിവസവും നിരവധി പരാതികളാണ് എത്തുന്നത്. ഇരിങ്ങാലക്കുടയിലെ നാലു കേസുകളിലായി ബ്രാഞ്ച് മാനേജര്‍ ജീവലതയെ അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാല്‍ യഥാര്‍ത്ഥ തട്ടിപ്പുകാരായ ചെയര്‍മാനെയോ ഡയറക്ടര്‍മാരെയോ ഇതുവരെ പിടികൂടിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. സ്ഥാപനത്തിലെ 25 ജീവനക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 27ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പാണെന്ന് മനസിലാക്കിയത് സമീപ നാളുകളിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. 2019ല്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ശക്തിപ്രകാശും രാജേഷ് നായര്‍ സിഇഒയും ആയിരുന്നു. 11 അംഗ ഭരണസമിതിയുമുണ്ടായിരുന്നു. സെന്‍ട്രല്‍ രജിസ്ട്രാറിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണെന്ന് ജീവനക്കാരെയും നിക്ഷേപകരെയും വിശ്വസിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. മുതിര്‍ന്ന നിക്ഷേപകര്‍ക്ക് 12 ശതമാനം പലിശയാണ് നല്‍കിയിരുന്നത്. അഗ്രിസൊസൈറ്റിയായതിനാല്‍ കുറ്റ്യാടിയില്‍ തെങ്ങിന്‍തോപ്പും മാടക്കത്തറയില്‍ പൈനപ്പിള്‍ തോട്ടവും ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. പലതിന്റെ സത്യാവസ്ഥ ഇവര്‍ക്കും അറിയില്ല.
ഇതിനിടെ സജീഷ് മഞ്ചേരി ചെയര്‍മാനും രജീഷ് കെ എം വൈസ് ചെയര്‍മാനുമായെന്ന് അറിയിച്ചു. 2022 മാര്‍ച്ചില്‍ രജീഷും ശക്തിപ്രകാശും തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ അന്‍സരി കോംപ്ലക്സിലെ ഓഫീസിലെത്തി 100 കോടിയുടെ ബില്‍ഡിംഗ് പ്രൊജക്ടിലേക്ക് 50 കോടി ചലഞ്ച് ആരംഭിച്ചുവെന്ന് അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ നിക്ഷേപകരില്‍ നിന്നും കോടികള്‍ സമാഹരിക്കുകയും ചെയ്തു. എറണാകുളത്തെ ലുലമാളിന്റെ പുറകിലെ കണ്ണഞ്ചിപ്പിക്കുന്ന ബ്രോഷറില്‍ അവതരിപ്പിച്ച ബില്‍ഡിംഗ് പ്രൊജക്ട് സ്ഥാപനത്തിന്റെതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ ജീവനക്കാരുടെ അന്വേഷണത്തില്‍ അത് കളവാണെന്ന് വ്യക്തമായി. ശക്തിപ്രകാശും രജീഷ് കെ എം, രമേഷ് പണിക്കരുമാണ് കോടികള്‍ മുക്കിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കോഴിക്കോടും പാലക്കാടും എറണാകുളത്തുമെല്ലാം മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നു. 2023 സെപ്തംബര്‍ മുതല്‍ തൃശൂര്‍ ബ്രാഞ്ചിലും മറ്റു പലയിടത്തും പലിശയും കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് നിക്ഷേപവും തിരിച്ച് നല്‍കാതെയായി. ജീവനക്കര്‍ക്ക് ശമ്പളവും ഇല്ലാതായി. പല പൊലീസ് സ്റ്റേഷനുകളിലായി തട്ടിപ്പ് സംബന്ധിച്ചുള്ള പരാതികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജീവനക്കാരെന്ന നിലയില്‍ പലരില്‍ നിന്നും വാങ്ങി നല്‍കിയ കോടികള്‍ തിരിച്ച് നല്‍കണമെന്നും തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ഉടമകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ജീവനക്കാരെ സന്തോഷിപ്പിക്കാനായി മികച്ച ശമ്പളവും ഇന്‍സെന്റീവും വന്‍ വിദേശ വിനോദയാത്രകളും ഏര്‍പ്പെടുത്തിയാണ് പല മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളും ഇവരെ കരുക്കളാക്കി കോടികള്‍ സമാഹരിക്കുന്നത്. സഹകരണ സംഘങ്ങളിലും ബാങ്കുകളിലും 8 ശതമാനത്തില്‍ താഴെപലിശ നല്‍കുമ്പോള്‍ 12 ശതമാനത്തിന്റെ ഓഫറിലാണ് ഇവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം നിക്ഷേപകരാക്കി കോടികള്‍ തട്ടിപ്പുക്കാര്‍ക്ക് വാങ്ങി നല്‍കുന്നത്. അതുകൊണ്ടു തന്നെ ഇവരും കേസുകളില്‍ ഉള്‍പ്പെടുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജീവനക്കാരും മുന്‍ജീവനക്കാരുമായ ഫെബി ജോഫി, സ്വപ്ന വി, അബി ഫ്രാന്‍സീസ്, ജോഫി പിജെ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.