29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024

കേന്ദ്രത്തിന്റെ ധൃതരാഷ്ട്രാലിംഗനം

വി എൻ വാസവന്‍
August 2, 2023 4:15 am

ഭരണഘടനയെയും രാജ്യത്തെ നിയമവ്യവസ്ഥയെയും അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് മൾട്ടിസ്റ്റേറ്റ് സഹകരണ നിയമഭേദഗതി. 2021 ജൂലൈ 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ സഹകരണ രംഗം സംസ്ഥാന വിഷയമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നായിരുന്നു അന്നത്തെ വിധിയിൽ സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത്. അതിനെ കുറുക്കുവഴിയിലൂടെ മറികടക്കാൻ നടത്തുന്ന ഈ ശ്രമം രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഒട്ടും ഗുണകരമായ ഒന്നല്ല. മറിച്ച് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗം മാത്രമാണ്. ഇന്ത്യയിൽ ആദ്യ മൾട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആകട് നിലവിൽ വരുന്നത് സ്വാതന്ത്യത്തിനും മുമ്പാണ്. 1942ൽ ബ്രിട്ടീഷ് ഗവൺമെന്റാണ് ഈ നിയമം തയ്യാറാക്കിയത്. വിവിധ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഇന്ത്യയിൽ സഹകരണ സംഘങ്ങൾക്ക് തൊട്ടടുത്ത നാട്ടുരാജ്യത്ത് പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള നിയമങ്ങളായിരുന്നു അതിൽ ഉൾപ്പെടുത്തിയത്. അത് സംബന്ധിച്ച് യാതൊരു പ്രശ്നങ്ങളും കാലങ്ങളോളം ഉയർന്നിരുന്നില്ല. ഭരണഘടന തയ്യാറാക്കുന്ന സമയത്തും സംസ്ഥാനങ്ങളുടെ വിഷയമായിട്ടാണ് സഹകരണ മേഖലയെ കണ്ടത്.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു മൾട്ടിസ്റ്റേറ്റ് സഹകരണ നിയമം നിലവിൽ വരുന്നത് 1984 ലാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കേണ്ടിവരുന്ന, പഞ്ചസാരമില്ല് സൊസൈറ്റികൾ, ഡയറി ഫാം സൊസൈറ്റികൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ടായിരുന്നു 1942ലെ നിയമത്തിൽ ഭേദഗതിവരുത്തി പുതിയ നിയമം വന്നത്. അതിനാൽ അത് സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. അതിനുശേഷം 2002ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് സഹകരണ സംഘങ്ങളുടെ മേൽ കടന്നു കയറാവുന്ന രീതിയിൽ മാറ്റങ്ങളോടെ മൾട്ടിസ്റ്റേറ്റ് സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘ്പരിവാർ ഗൂഢാലോചന അന്നുമുതൽ ആരംഭിച്ചു എന്നതാണ് യാഥാർത്ഥ്യം. ഈ നിയമം വരുന്നതിന് മുമ്പ് മൾട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വരുന്നതിന്, സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറിന്റെ അനുമതിവേണ്ടിയിരുന്നു. അത് ഒഴിവാക്കി നേരിട്ട് അനുമതി ലഭിക്കുന്ന രീതിയിലേക്ക് മാറി. ബിജെപി സർക്കാർ 2022ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്യുകയും, സംസ്ഥാനങ്ങളിൽ യഥേഷ്ടം സംസ്ഥാന സർക്കാരിന്റെ അനുവാദം കൂടാതെ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും, പ്രവർത്തിക്കുകയും ചെയ്യുന്നു. നിരവധി സംഘങ്ങൾ കേരളത്തിലടക്കം രൂപീകരിച്ചു. ഇത്തരം സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും, വായ്പ നൽകുന്നതിനും, പലിശ നിശ്ചയിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഇത്തരം സംഘങ്ങൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതും, സഹകരണ മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതുമാണ്.


ഇതുകൂടി വായിക്കൂ: നാശത്തിലാഴുന്ന ജനാധിപത്യം


ഇത്തരത്തിൽ തുടർച്ചയായ നീക്കങ്ങൾ നടത്തുന്നതിനൊപ്പം സഹകരണ സംഘങ്ങളുടെ പൂർണമായ നിയന്ത്രണം കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. അമിത് ഷാ കേന്ദ്രമന്ത്രിയായി സഹകരണ മന്ത്രാലയം രൂപീകരിച്ചുകൊണ്ടാണ് ഈ നീക്കത്തെ ശക്തിപ്പെടുത്തിയിരിക്കുന്നത്. മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് എക്സ്പോർട്ട് സൊസൈറ്റി, ദേശീയതല മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സീഡ് സൊസൈറ്റി, ജൈവ ഉല്പന്നങ്ങൾക്കുള്ള ദേശീയതല സഹകരണ സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രം രൂപീകരിക്കുന്ന ഈ സംഘങ്ങളിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഇപ്രകാരം മൾട്ടിസ്റ്റേറ്റ് സംഘങ്ങളിൽ അംഗത്വം എടുക്കുന്ന സംഘങ്ങളെ കേന്ദ്ര നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. 2022ലാണ് മൾട്ടിസ്റ്റേറ്റ് നിയമഭേദഗതിയിൽ മാറ്റം വരുത്താനുള്ള ശ്രമം നരേന്ദ്രമോഡി സർക്കാർ തുടങ്ങിയത്. 2022ല്‍ പാർലമെന്റിൽ അവതരിപ്പിച്ച് കഴിഞ്ഞ ആഴ്ച പാസാക്കിയ നിയമത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് കീഴിൽ നിയമ പ്രകാരം പ്രവർത്തിക്കുന്ന സംഘങ്ങളെ പോലും ഇല്ലാതാക്കാൻ കഴിയുന്ന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ രണ്ടു സെക്ഷനുകളാണ് സംസ്ഥാനങ്ങളെ ഏറ്റവും ദോഷകരമായി ബാധിക്കുക. സെക്ഷൻ 17ലും സെക്ഷൻ 22ലുമാണ് ഭരണഘടനയെ മറികടക്കാനായി ഗുരുതരമായ മാറ്റങ്ങൾ കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. മുമ്പ് രണ്ട് മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് നിയമം അനുസരിച്ച് അവരുടെ പൊതുയോഗത്തിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മറ്റൊരു മൾട്ടിസ്റ്റേറ്റ് സംഘത്തിൽ ലയിക്കാൻ സാധിക്കുമായിരുന്നു.

എന്നാൽ ഭേദഗതി വന്നപ്പോൾ സംസ്ഥാന രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘത്തിനോ മറ്റു സംഘങ്ങൾക്കോ അവരുടെ പൊതുയോഗത്തിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ ഏതൊരു മൾട്ടിസ്റ്റേറ്റ് സഹകരണ സംഘത്തിലും ലയിക്കാം. അതുപോലെ സെക്ഷൻ 22 വരുത്തിയ ഭേദഗതി അനുസരിച്ച് ലയനങ്ങൾക്ക് അടക്കം ഇനി സംസ്ഥാന സഹകരണ രജിസ്ട്രാറിന്റെ അനുമതി ആവശ്യമില്ലാതെ വരികയാണ്. പൊതുയോഗം തീരുമാനം പാസാക്കിയശേഷം അത് ഓൺലൈനായി കേന്ദ്രസർക്കാരിന് സമർപ്പിച്ചാൽ രജിസ്ട്രേഷൻ ലഭിക്കുകയും, ആ രജിസ്ട്രേഷൻ ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ രജിസ്ട്രേഷൻ റദ്ദാവുകയും ചെയ്യും. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് പിൻവാതിലിലൂടെ കടന്നുകയറുകയാണ് ഇത്. ഈ നിയമഭേദഗതികളിലൂടെ ഒരു സമാന്തര സഹകരണ സംവിധാനം വളർത്തിയെടുക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ ഒട്ടും ഭൂഷണമായ ഒന്നല്ല ഇത്. സഹകരണ ഇലക്ഷൻ കമ്മിഷൻ, ഓംബുഡ്സ്മാൻ, തുടങ്ങി സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളും കേന്ദ്രത്തിലും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊന്നും ഇന്ത്യൻ ഭരണഘടന കേന്ദ്രസർക്കാരിന് അനുമതി നൽകുന്നില്ല എന്നതാണ് വസ്തൂത. അത് മറച്ചുപിടിച്ചുകൊണ്ടാണ് ബിജെപി സർക്കാരിന്റെ നീക്കം. നിലവിൽ തന്നെ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. അതിലെ നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. കേന്ദ്രസർക്കാരിനും നിക്ഷേപത്തിന് ഉത്തരവാദിത്തം ഇല്ല എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുമാത്രമല്ല, സാധാരണക്കാരന് വായ്പ നൽകുക എന്ന സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. ഇതുമൂലം സംസ്ഥാന നിയമ പ്രകാരം നിക്ഷേപകനും വായ്പക്കാരനും ഇടപാടുകാർക്കും ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകും. സഹകരണ സംഘത്തിന്റെ ആസ്തിയും മൂലധനവും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്രസർക്കാരോ നിക്ഷേപം നടത്തുന്ന വൻകിട കോർപറേറ്റുകളോ നിർദേശിക്കുന്ന തരത്തിൽ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കാൻ കഴിയും. സാധാരണക്കാർക്കും ചെറുകിട കർഷകർക്കും ആശ്രയമാണ് സഹകരണ പ്രസ്ഥാനങ്ങൾ. കേന്ദ്രത്തിന്റെ നീക്കങ്ങൾ മൂലം പ്രാദേശിക സാമ്പത്തിക സ്രോതസ് എന്ന നിലയിൽ ആർക്കും ഏത് സമയത്തും ആശ്രയിക്കാൻ കഴിയുന്ന സ്ഥാപനമെന്ന യാഥാർത്ഥ്യം ഇല്ലാതാകുകയും ചെയ്യും.


ഇതുകൂടി വായിക്കൂ: ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ


സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നവ തലമുറ വാണിജ്യ ബാങ്കുകൾക്ക് സമാനമായി സഹകരണ സംഘങ്ങൾ മാറുകയും ചെയ്യും. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ മികച്ച രീതിയിലും രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായി പ്രവർത്തിച്ചു വരുന്നതുമാണ്. മനുഷ്യജീവിതത്തിന്റെ സർവ മേഖലകളെയും സ്പർശിക്കുന്നതും, കോർപറേറ്റ് കടന്നു കയറ്റങ്ങളെ ചെറുത്ത് പാവപ്പെട്ടവർക്കും ഇത്തരത്തിലുള്ള സാധാരണക്കാർക്കും സംസ്ഥാനത്തെ ആശ്വാസമായി പ്രവർത്തിക്കുന്നവയുമാണ്. സഹകരണ കേന്ദ്രസർക്കാരിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ പ്രസ്ഥാനത്തെ സഹകരണ തകർക്കുന്നതിനും മേഖലയിൽ അടിച്ചേല്പിക്കുന്നതിനും, കടന്നു കയറുന്നതിനും ലക്ഷ്യം വച്ചാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിലവിലുള്ള തീരുമാനങ്ങൾ ഉണ്ടായിട്ടുള്ളത്. കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയും കേന്ദ്ര സഹകരണ സെക്രട്ടറിയും സംസ്ഥാന സർക്കാരുമായോ സഹകരണ വകുപ്പ് മന്ത്രിയുമായോ ചർച്ചയോ അഭിപ്രായങ്ങളോ തേടാതെയാണ് ഏകപക്ഷീയമായ തീരുമാനം അടിച്ചേല്പിക്കുന്നത്. വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാർ എന്നിവരുടെ യോഗങ്ങൾ വിളിച്ച് നേരിട്ട് നിർദേശം നൽകുന്ന രീതിയാണ് അവലംബിച്ചു വരുന്നത്. ഫെഡറൽ തത്വങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നടത്തിവരുന്നത്. ഇതിനെതിരെ ജനാധിപത്യശക്തികളുടെ പ്രതിഷേധം ഉയർന്നുവരണം. സഹകാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ച് പോരാട്ട രംഗത്തേക്ക് ഇറങ്ങേണ്ട സമയമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.