
മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കുന്നു. ഏകദേശം 250 ഓളം കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. പോക്കുവരവ് ചെയ്യുന്നതിന് വേണ്ടി കുഴുപ്പിള്ളി വില്ലേജിൽ ഹെല്‍പ്പ് ഡെസ്ക് തുറക്കാമെന്ന സർക്കാരിന്റെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ 414 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായിരുന്നു. താൽക്കാലികമായി മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
റവന്യു മന്ത്രി കെ രാജൻ ഇന്ന് വൈകിട്ട് സമരപ്പന്തൽ സന്ദർശിക്കും. സമരം ഇന്ന് ഉച്ചയ്ക്ക് അവസാനിപ്പിക്കുമെന്ന് മുനമ്പം പള്ളി സഹവികാരി ഫാദർ മോൻസി വർഗീസ് പറഞ്ഞു. സർക്കാരിന്റെ ഉറപ്പില്‍ സമരസമിതിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. നിയമ മന്ത്രി പി രാജീവ്, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും സമരപ്പന്തലിൽ എത്തും. നിരാഹാര സമരം നടത്തുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമരക്കാരെ സന്ദർശിച്ചിരുന്നു.
മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം വ്യവസ്ഥകളോടെ റവന്യു വകുപ്പിന് സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സങ്കീർണമായ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കുംവരെ കരമൊടുക്കാമെന്നും ഉത്തരവിലുണ്ട്.
അതിനിടെ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കവുമായി ബിജെപി അനുകൂലികളായ ഒരു സംഘം രംഗത്തെത്തി. വഖഫ് ആസ്തി രജിസ്റ്ററിൽ നിന്ന് ഭൂമി നീക്കം ചെയ്യുന്നതുവരെ സമരം തുടരാനാണ് ബിജെപി അനുഭാവ ചേരിയുടെ തീരുമാനം, കരമടയ്ക്കാനുളള അവകാശം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാമെന്ന അഭിപ്രായത്തിനായിരുന്നു ഭൂസംരക്ഷണസമിതി കോർ ഗ്രൂപ്പ് യോഗത്തില്‍ ഭൂരിപക്ഷം ലഭിച്ചത്. കോർ കമ്മിറ്റി അംഗങ്ങളായ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവര്‍ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു. ഈ തീരുമാനം തള്ളിക്കൊണ്ടാണ് സമരം തുടരുമെന്ന ബിജെപി അനുകൂലികളുടെ പ്രഖ്യാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.