22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം; കേന്ദ്രം വിവാദമാക്കി ഒളിച്ചോടുന്നു

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
December 9, 2024 11:11 pm

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധമാണെന്നും പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി ആദ്യമായല്ല വയനാട് വിഷയത്തിൽ പാർലമെന്റിനെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് ഉദ്ധരിച്ച്, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് പാർലമെന്റിൽ പറഞ്ഞു. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് തെളിവുസഹിതം വ്യക്തമായി. വയനാട്ടിൽ എത്തിയ പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഓഗസ്റ്റ് 17ന് നിവേദനം നൽകി. 1,202 കോടി രൂപയുടെ പ്രാഥമിക സഹായവും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സന്ദർശിച്ചിട്ട് നൂറുദിവസവും നിവേദനം നൽകിയിട്ട് മൂന്നുമാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി.
നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ ദുരന്താനന്തര ആവശ്യങ്ങള്‍ വിലയിരുത്തൽ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് ‑പിഡിഎന്‍എ) നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിന് നല്‍കി. ഇതിനിടയിൽ മറ്റു പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ സഹായം നൽകി. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപപോലും കേരളത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍ നാടിന്റെ പ്രശ്നങ്ങള്‍ക്കായി ഒരുമിച്ചു നില്‍ക്കുകയും ഒരുമിച്ച് ശബ്ദമുയര്‍ത്തുകയും ഒരുമിച്ച് പ്രതികരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്.
കേരളവും ഒരു സംസ്ഥാനമാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം നല്‍കുന്നതിന് കേരളത്തിന് എന്തു കുറവാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകുന്നതിന് നാം എതിരല്ല. അത് കേന്ദ്രത്തിന്റെ ബാധ്യതയാണ്. എന്നാൽ, അക്കൂട്ടത്തിൽ നമുക്കും അർഹമായ സഹായം നൽകണം. ത്രിപുര, തെലങ്കാന, ആന്ധ്ര, ഉത്തരാഖണ്ഡ്, ബിഹാർ, ഒടുവിൽ തമിഴ‌്നാടിന്റെയും അനുഭവവും നമ്മുടെ മുന്നിലുണ്ട്. നമ്മളും ഈ രാജ്യത്തിന്റെ ഭാഗമായ സംസ്ഥാനമല്ലേ. മറ്റു സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നമ്മുടേത് സഹായം അർഹിക്കുന്ന ഒരു ദുരന്തമല്ല എന്നുണ്ടോ. ഉണ്ടെങ്കിൽ അത് പറഞ്ഞാൽ ബോധ്യപ്പെടും. അല്ലാതെ, തങ്ങൾക്ക് താല്പര്യമില്ല എന്നൊരു അവസ്ഥ ഇതുപോലുള്ള കാര്യങ്ങളിൽ സ്വീകരിക്കുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

പിഡിഎന്‍എ ആദ്യം സമര്‍പ്പിച്ചത് കേരളം

പ്രധാന മന്ത്രി സന്ദര്‍ശിച്ച സമയത്തോ കേരളം ആദ്യ നിവേദനം നല്‍കിയ ഘട്ടത്തിലോ സാമ്പത്തിക സഹായം ലഭിക്കുവാനുള്ള ഔദ്യോഗിക രേഖയായി പിഡിഎന്‍എ കണക്കാക്കിയിട്ടില്ലെന്നും എങ്കിലും ആദ്യം സമര്‍പ്പിച്ചത് കേരളമാണെന്നും മുഖ്യമന്ത്രി. ഓഗസ്റ്റ് 14നാണ് റിക്കവറി ആന്റ് റീകണ്‍സ്ട്രക്ഷന്‍ മാര്‍ഗരേഖ നിലവില്‍ വന്നത്.
ദുരന്തത്തിന്റെ വസ്തുതാപരമായ പഠനങ്ങള്‍, കണക്ക് ശേഖരണം, ഭൂപ്രദേശവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങള്‍, ദുരിതത്തിന്റെ ആഴവും വ്യാപ്തിയും, ആകാശ ദൃശ്യങ്ങള്‍ ഇവയെല്ലാം റിപ്പോര്‍ട്ടിന്റെ ഭാഗമായി പഠനവിധേയമാക്കി. 583 പേജുള്ള വിശദവും സമഗ്രവുമായ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാനം സമര്‍പ്പിച്ചത്. ഈയൊരു പ്രക്രിയക്ക് എടുക്കുന്ന സ്വാഭാവികമായ സമയമാണ് മൂന്നുമാസം.
2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലെ ജോഷിമഠിലും ജുലൈയില്‍ ഹിമാചല്‍ പ്രദേശിലും ഒക്ടോബറില്‍ സിക്കിമിലും ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ആ സംസ്ഥാനങ്ങള്‍ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ദുരന്തം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. മൂന്ന് മാസം വേണമെന്നത് ഈ സംസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തില്‍ പകപോക്കൽ സമീപനം

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കേന്ദ്രം പകപോക്കൽ സമീപനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. നാളിതുവരെ കേന്ദ്ര സർക്കാർ പുലർത്തിവന്ന നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നൽകുന്നതാണ്. വായ്പയായി പരിഗണിക്കേണ്ടതല്ല. വിജിഎഫ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്. കേന്ദ്ര വിഹിതം 817.80 കോടി രൂപയും സംസ്ഥാന വിഹിതം 817.20 കോടിയുമാണ്. കേന്ദ്രം നൽകുന്ന തുക തുറമുഖ കമ്പനിക്ക് ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോൾ 20 ശതമാനംവച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകണം എന്നാണ് വ്യവസ്ഥ വച്ചത്. അതിനർത്ഥം ഇപ്പോൾ നൽകുന്ന തുക 817.80 കോടിയാണെങ്കിൽ ഏതാണ്ട് 10,000 –12,000 കോടി രൂപയായി തിരിച്ചടയ്ക്കണമെന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.