മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ദുരന്ത ബാധിതരില്‍ കട ബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബേങ്കിന് കൈമാറിയതായി ജില്ലാ കലക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായത്തില്‍ നിന്നും കേരള ഗ്രാമീണ്‍ ബേങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ദുരന്ത മേഖലയില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിലവിലുള്ള എല്ലാ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുകളും സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കേരള ഗ്രാമീണ്‍ ബേങ്ക്, സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍ നിന്നും വായ്പ കുടിശിക ഈടാക്കിയ സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ലാ കലക്ടര്‍ വിശദീകരണം സമര്‍പ്പിച്ചത്.
ദുരന്തബാധിതര്‍ക്ക് ലഭിക്കുന്ന ധനസഹായത്തില്‍ നിന്നും ലോണ്‍ ഇനത്തിലുള്ള കുടിശ്ശിക പിരിക്കരുതെന്ന് എല്ലാ ബേങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ ലീഡ് ബേങ്ക് മാനേജര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കേരള ഗ്രാമീണ്‍ ബേങ്ക് വെള്ളരിമല ശാഖയില്‍ നിന്നും 931 ലോണ്‍ അക്കൗണ്ടുകളിലായി 15.44 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 131 ഉപഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടുള്ളത്. 131 ഉപഭോക്താക്കളില്‍ റീന, മിനിമോള്‍, റഹിയാനത്ത് എന്നിവരില്‍ നിന്നാണ് വായ്പ കുടിശിക ഈടാക്കിയത്. ഇതില്‍ റഹിയാനത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ല.
ഇവര്‍ ബേങ്കില്‍ നല്‍കിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശ്ശിക ഈടാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബേങ്ക് ഈടാക്കിയ തുക ഓഗസ്റ്റ് 18 ന് അക്കൗണ്ടുകളിലേക്ക് മടക്കി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.