ചൂരല്‍മല‑മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ൽ അധികരിക്കാത്തതിനാലും സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അർഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലുമാണ് ആദ്യഘട്ടത്തില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി ഏഴ് സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കാനും തീരുമാനിച്ചു.
നോ-ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന, ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയ കരട് ഫേസ് 2ബി ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദേശം നൽകും. വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എൽസ്റ്റോൺ എസ്റ്റേറ്റ് മുന്‍സിപ്പൽ പ്രദേശത്താണ്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും പിന്തുടര്‍ച്ചാവകാശമുള്ളതും (ഹെറിറ്റബിൾ) 12 വർഷത്തേക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്.
റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിനുള്ളില്‍ ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി (മോര്‍ട്ട്ഗേജ്) വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈക്കൊള്ളും. ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നൽകുന്നതിനോ മുമ്പ് പട്ടികയിൽപ്പെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫിസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പുവരുത്തുന്നതിനും നിർദേശം നൽകും. ഒരു വീട് നിർമ്മിക്കുന്നതിനുളള സ്പോൺസർഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.