18 April 2025, Friday
KSFE Galaxy Chits Banner 2

മുണ്ടെക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ്; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു

Janayugom Webdesk
കല്‍പ്പറ്റ
April 12, 2025 11:05 am

മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ബോർഡു സ്ഥാപിച്ചു. എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കളക്ടർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബോർഡ് സ്ഥാപിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു.ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാൻ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ച് മണിക്കൂറുകൾക്കകമാണ് സർക്കാർ ബോർഡു സ്ഥാപിച്ചത്.

ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് ടൗൺഷിപ്പിന്‍റെ നിർമാണോദ്ഘാടനം നടത്തിയത്. ഇന്ന് രാത്രി തന്നെ എൽസ്റ്റൺ എസ്റ്റേറ്റിൽ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുവാദം നൽകിയിരുന്നു. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. 

549 കോടി നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ കോടതി നിര്‍ദേശ പ്രകാരം 26.51 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ച് ഭൂമിയേറ്റെടുത്ത് ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഏറ്റെടുത്ത 78.73 ഹെക്ടര്‍ ഭൂമിയ്ക്ക് 26.5 കോടി രൂപ അപര്യാപ്തമാണെന്നും 549 കോടി രൂപയുടെ മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.