7 July 2024, Sunday
KSFE Galaxy Chits

‘അന്നമില്ലാത്ത കാലത്തെ അന്നം’; പുതുതലമുറയ്ക്ക് കൗതുകവും പോഷകസമൃദ്ധവുമാണ് പനമ്പൊടിയെന്ന് മുരളീധരൻ

രജിത് മാവൂർ
മാവൂർ
July 4, 2024 6:11 pm

ഭക്ഷ്യക്ഷാമം ഉണ്ടായിരുന്ന കാലത്ത് ആളുകളുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവായിരുന്നു പോഷകസമൃദ്ധമായ പനമ്പൊടി. അന്നമില്ലാത്ത കാലത്തെ അന്നമെന്ന് പഴമക്കാർ പറയുന്ന പനമ്പൊടി എത്രയോ കാലം ഗ്രാമീണ ജനതയുടെ വിശപ്പടക്കുന്നതിൽ പ്രധാനി തന്നെയായിരുന്നു. പുതിയ കാലത്ത് പനമ്പൊടി തയ്യാറാക്കി നൽകി വ്യത്യസ്തനാവുകയാണ് പെരുവയൽ സ്വദേശിയായ മനക്കൽ പുതിയോട്ടിൽ മുരളീധരൻ. കിണർ നിർമാണ തൊഴിലാളിയായിരുന്നു ഏറെക്കാലം മുരളീധരൻ. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഈ ജോലിയുപേക്ഷിക്കാൻ മുരളീധരനെ നിർബന്ധിച്ചു. വരുമാനം നിലച്ചതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ചെറുപ്പകാലത്ത് കഴിച്ചിരുന്ന പനമ്പൊടിയെക്കുറിച്ച് ഓർമവന്നത്.

ഇന്ന് നിരവധി പേരാണ് ഓരോ ദിവസവും പെരുവയൽ റോഡരികിലെ ഓലഷെഡിൽ മുരളീധരന്റെ പനം പൊടി വാങ്ങിക്കാൻ എത്തുന്നത്. ആവശ്യക്കാരുടെ ഇഷ്ടാനുസരണം പൊടിയാക്കിയും കഷ്ണങ്ങളാക്കിയും നൽകുന്നുണ്ട്. പനയുടെ പുറം ഭാഗം നീക്കി അകം ഭാഗം ചെറിയ കഷ്ണങ്ങളാക്കുകയാണ് ചെയ്യുന്നത്. ഇത് ഇടിച്ചാണ് പൊടിയുണ്ടാക്കുന്നത്. ഇത് വെള്ളത്തിൽ അരിച്ചെടുത്ത് നാരുകൾ മാറ്റിയാണ് ഉപയോഗിക്കുന്നത്.

ഏറെ രുചികരമായ പനംകഞ്ഞിയും പനംകുറുക്കും പായസവുമെല്ലാം ഉണ്ടാക്കാമെന്നതാണ് പനമ്പൊടിയുടെ പ്രത്യേകതയെന്ന് മുരളീധരൻ പറയുന്നു. അടയും പുട്ടുമെല്ലാം ഉണ്ടാക്കാൻ കഴിയും. മൈദ സജീവമാകുന്നതിന് മുമ്പ് ഹൽവ ഉണ്ടാക്കാൻ വരെ പനമ്പൊടി ഉപയോഗിച്ചിരുന്നു. പനമ്പൊടി കഴിച്ചാൽ പന പോലും വളരുമെന്നായിരുന്നു പഴമക്കാർ പറഞ്ഞിരുന്നത്. പുതിയ തലമുറയിൽ അധികമാർക്കും പനമ്പൊടിയെപ്പറ്റി അറിയില്ലെന്നാണ് മുരളീധരൻ പറയുന്നത്. അറിയാവുന്നവർ അന്വേഷിച്ച് വന്ന് വാങ്ങുന്നുണ്ട്. രാവിലെ മുതൽ രാത്രി വരെയാണ് കച്ചവടമെന്നും മുരളീധരൻ പറയുന്നു. പഴമുറക്കാർക്ക് ഗൃഹാതുരമായ ഓർമപ്പെടുത്തലും പുതുതലമുറയ്ക്ക് കൗതുകവുമാണ് മുരളീധരന്റെ പനമ്പൊടി നിർമാണവും വിൽപ്പനയും.

Eng­lish Sum­ma­ry: Muralid­ha­ran said that palm pow­der is inter­est­ing and nutri­tious for the new generation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.