തൊടുപുഴ: പണിക്കൻകുടിയിൽ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയിൽ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് മറ്റൊരു കൊലപാതക ശ്രമക്കേസിൽ നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
പണിക്കൻകുടി മാണിക്കുന്നേൽ ബിനോയെയാണ് (48) തൊടുപുഴ രണ്ടാം അഡീഷണൽ സെക്ഷൻസ് കോടതി ജി അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ബിനോയ് സിന്ധുവിനെ കൊലപ്പെടുന്നതിന് മുമ്പ് 2018 ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബിനോയിയും അയൽവാസിയായ പണിക്കൻകുടി കുഴിക്കാട്ട് വീട്ടിൽ സാബുവും (51) പടുതാക്കുളത്തിലെ വെള്ളം ചോർത്തിക്കളയുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.
സംഭവദിവസം വൈകിട്ട് അഞ്ചിന് തന്റെ പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച് സാബുവിനെ വീടിന് സമീപത്ത് വച്ച് ബിനോയ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള വെട്ടേറ്റ് സാബുവിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്തംബർ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുന്നത്. ഈ കേസിൽ വിചാരണ നേരിട്ട് ജയിലിൽ കഴിയുകയാണ് പ്രതി ഇപ്പോൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി കുര്യൻ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.