24 December 2024, Tuesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ കൂട്ട അച്ചടക്ക നടപടി

Janayugom Webdesk
കോഴിക്കോട്
January 11, 2022 12:14 am

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുസ്ലീംലീഗിൽ കൂട്ട അച്ചടക്ക നടപടി. സിറ്റിംഗ് സീറ്റിലെ പരാജയത്തിനു പ്രധാന കാരണക്കാരായ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പാർട്ടി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗത്ത് മണ്ഡലത്തിൽ മുസ്ലിം ലീഗിനുണ്ടായത് അപമാനകരമായ പരാജയമാണ്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. വൈകാതെ പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അദ്ദേഹം
പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിലും അച്ചടക്ക ലംഘനമുണ്ടായി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ എം അബ്ദുൽമജീദ് തന്നെയാണ് ഈ അച്ചടക്ക ലംഘനത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പാണക്കാട്ടേക്കു വിളിച്ചുവരുത്തി ശാസിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം മാപ്പപേക്ഷ നൽകി. അത് പാർട്ടിക്ക് ബോധ്യമായതിനാൽ അദ്ദേഹത്തിനെതിരായ നടപടികൾ ഇതോടെ അവസാനിപ്പിച്ചു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പാർട്ടി സംവിധാനം ദുർബലമാണെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ടും പ്രവർത്തകസമിതി ശരിവച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥികൾ പരാജയപ്പെട്ട അഴീക്കോട്, കുറ്റ്യാടി, പേരാമ്പ്ര, കുന്ദമംഗലം, താനൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ വിഭാഗീയത പരിഹരിക്കാൻ രണ്ടംഗങ്ങൾ വീതമുള്ള സമിതിയെ ചുമതലപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലത്തിലെ സംഘടനാ വിഷയങ്ങൾ സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് പരിഹരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനങ്ങൾ വിലയിരുത്താൻ മഞ്ചേരിയിൽ ചേർന്ന ലീഗ് സംസ്ഥാന പ്രവർത്തക സമിതി നിയമിച്ച കമ്മീഷനുകളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടികൾ കൈക്കൊണ്ടത്. താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി ഉണ്ട്. കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയതയുണ്ടെന്ന് കണ്ടെത്തിയ കൊല്ലം ജില്ലാ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും താക്കീത് ചെയ്യും. കോഴിക്കോട് ചേരുന്ന പ്രവർത്തക സമിതി യോഗത്തിലാണ് നടപടികൾ പ്രഖ്യാപിച്ചത്. നിയമസഭ തെരെഞ്ഞെടുപ്പിൽ സിറ്റിങ്ങ് സീറ്റുകൾ നഷ്ടപ്പെട്ടത് പ്രദേശിക ഘടകങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതാണെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. മൊത്തം പന്ത്രണ്ടിടത്തെ തോൽവിയാണ് പ്രത്യേക കമ്മിറ്റി അന്വേഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.