22 December 2024, Sunday
KSFE Galaxy Chits Banner 2

ലീഗ്, നിലപാട്, നിലവാരം

വത്സൻ രാമംകുളത്ത്
December 12, 2021 6:00 am

പണ്ടത്തെപ്പോലെയല്ല, മലബാർ അറിവിന്റെ കാര്യത്തിൽ ഒരുപാട് മുന്നേറിയിട്ടുണ്ട്. പേരുദോഷമത്രയും മാറ്റിയത് പുതിയ തലമുറയാണ്. ആണും പെണ്ണും മത്സരിച്ചു പഠിച്ച് ഉന്നതികളിലെത്തി. ഇന്ന് മലബാറിലെ യൗവനം ഉന്നതപഠനത്തിനുള്ള തയാറെടുപ്പുകളിൽ മുന്നിലാണ്. അവർക്ക് അപമാനമാവുകയാണ്, പച്ചക്കൊടിയും താങ്ങി ലീഗിന്റെ വർഗീയ രാഷ്ട്രീയം പറയുന്നവരത്രയും. ദേശീയമായി മതന്യൂനപക്ഷങ്ങൾക്കുനേരെ തുടർന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന വിവരദോഷികളുടെ കൂമ്പാരമായി ലീഗുകാർ മാറുന്നുവോ. വേണ്ടാത്തരം മുഴുവൻ വിളിച്ചുപറഞ്ഞ വഖഫ് സംരക്ഷണ റാലിയോടെ ചത്ത കുതിരകൾ വാലുകുടഞ്ഞെഴുന്നേറ്റുവെന്ന തോന്നതിലിലാണ് ഇവർ. നയവും നിയമവും നിലപാടും നിലവാരവുമെല്ലാം മുസ്‌ലിം ലീഗിന് അവസരത്തിനൊത്ത് മാറ്റാനുള്ള അടവുകൾ‍ മാത്രം. കോഴിക്കോട് കടപ്പുറത്ത് കണ്ട ആൾക്കൂട്ടം ലീഗിനെ സ്വയം കുഴിയിലിറക്കുന്ന ചില നാവുകൾക്കാണ് ബലം നൽകിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നതിൽ ചിന്തിക്കണം എന്നാണ് ലീഗിലെ തമ്പ്രാക്കൾ ഇപ്പോൾ പുലമ്പുന്നത്. ചേർത്തുപറയുന്നതത്രയും വിഷമയവും ആഭാസവും. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വിവാഹബന്ധത്തെക്കുറിച്ച് ലീഗിന്റെ സംസ്ഥാന സെക്രട്ടറി പറഞ്ഞത്, അത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു. ഇങ്ങനെ പറയാനുള്ള തന്റേടത്തിനായി സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് ഉപയോഗിക്കണമെന്നും അണികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് കല്ലായി അബ്ദുറഹ്‌മാൻ. പിന്നെയും പറഞ്ഞു, സ്വവർഗരതിക്ക് നിയമപ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാരോട് ഒരിക്കലും ഐക്യം പാടില്ലെന്നും. സ്വവർഗരതിയെ മാത്രമല്ല, രതിക്രീഡകളെയാകെ പലവിധത്തിൽ നിരീക്ഷിച്ച് വിലയിരുത്തി നയം തീരുമാനിക്കുകയും പരീക്ഷിക്കുകയും ചെയ്തവരേറെയാണ് ലീഗ് നേതൃത്വത്തിൽ. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സ്വവർഗരതി നയം കേരള നിയമസഭയിൽ അവതരിപ്പിച്ചത് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീറാണ്. മുഖ്യമന്ത്രിയുടെ മകളുടെയും മന്ത്രിസഭാംഗത്തിന്റെയും വിവാഹം വ്യഭിചാരമാണെന്ന് ഉറക്കെ വിളിച്ചുപറയാൻ കല്ലായി അബ്ദുറഹ്മാന് ധൈര്യം കൊടുത്ത നട്ടെല്ലിനുടമയുമായ സാക്ഷാൽ സി എച്ച് മുഹമ്മദ് കോയയുടെ മകൻ മുനീർ. കല്ലായി പറഞ്ഞുവച്ചതിന്റെ പൊരുൾ‍ ആഴത്തിൽ പരിശോധിച്ചാൽ സി എച്ചിനും മകനും നട്ടെല്ലിന്റെ കാര്യത്തിൽ പൊരുത്തക്കേടുകൾ കാണാമെന്ന് ആരുപറഞ്ഞാലും കുറ്റപ്പെടുത്താനുമാകില്ല. അതേ മുനീറിനു മുന്നിൽവച്ചാണ് അദ്ദേഹത്തിന്റെ വാപ്പയുടെ നട്ടെല്ല് കടമെടുത്ത് കല്ലായി, വിവാഹത്തെ വ്യഭിചാരമായും മുനീർ ക്ഷേമം നൽകിയ ലൈം­ഗിക ന്യൂനപക്ഷങ്ങളെയാകെ അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നത്. മുനീറിന്റെ നയത്തെ പാടെ തള്ളിക്കളഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി കല്ലായി, ഇക്കാര്യത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി വിഡ്ഢിത്തമാണെന്നും തുറന്നടിച്ചതോടെ ലീഗിന്റെ നയവും നിലപാടും നിലവാരവും മാലോകർക്ക് ആവോ­ളം അളക്കാനായി. ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ഈ നിരീക്ഷണം ലൈംഗിക അരാജകത്വമുണ്ടാക്കുമെന്നാണ് മുനീറിന്റെ പാർട്ടി സെക്രട്ടറി പറയുന്നത്. പിന്നീടെപ്പോഴോ അബ്ദുറഹ്മാന് പാതി ബോധം തിരിച്ചുകിട്ടുകയും സി എച്ചിന്റെ നട്ടെല്ലിനെ കടമെടുത്തത് അനുചിതമായെന്നും അതിൽ മാപ്പ് പറയുന്നുവെന്നും അറിയിച്ചു. മന്ത്രിയുടെ സ്വകാര്യ ജീവിതം വ്യഭിചാരക്രിയയാണെന്ന തന്റെ വാക്കുകൾക്കും ലീഗ് സംസ്ഥാന സെക്രട്ടറി മാപ്പിരന്നു. കോഴിക്കോട്ടെ പ്രതിഷേധ റാലിയുടെ കാതലായ മുദ്രാവാക്യത്തിലും ലീഗിന് രണ്ട് നിലപാടാണ്.


ഇതുകൂടി വായിക്കാം; വഖഫ് നിയമനം: തീരുമാനമെടുത്തവരിൽ ലീഗ്‌ പ്രതിനിധികളും; നിയമസഭാ രേഖ തെളിവ്‌


നിയമസഭാ രേഖകൾ പ്രകാരം വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തെ മുസ്‌ലിം ലീഗ് അനുകൂലിച്ചതായി കാണാം. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത എ പി ഉബൈദുള്ള എംഎൽഎയാണ് നിയമസഭയിൽ‍ പാർട്ടി നിലപാട് അറിയിച്ചത്. വഖഫ് ബോർഡിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷം പൊതുനിയമനം പിഎസ്‌സിക്ക് വിടാമെന്ന അഭിപ്രായമാണ് തന്റെ പാർട്ടിക്കുള്ളതെന്നാണ് ഉബൈദുള്ള സഭയിൽ പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി വകുപ്പ് മന്ത്രിയായിരിക്കെ 2016ലാണ് വഖഫ് നിയമന ഭേദഗതിക്ക് അനുമതി നൽകിയത്. തുടർനടപടികളുടെ ഭാഗമായി കഴി‍ഞ്ഞ നവംബർ ഒമ്പതിന് നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനവുമായി. തുടർച്ചയായി രണ്ട് തവണ അധികാരമില്ലാത്തതിന്റെ അങ്കലാപ്പിൽ ലീഗ് നേതൃത്വത്തിലെ വമ്പന്മാർ മുമ്പെടുത്ത നിലപാടുകളിൽ വെള്ളം ചേർക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് വഖഫ് സംരക്ഷണ പ്രക്ഷോഭമെന്ന പേരിൽ റാലി സംഘടിപ്പിച്ചതും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യക്തിഹത്യ നടത്തിയതും ഇടതുമുന്നണിയെയും കമ്മ്യൂണിസ്റ്റ് പാർട്ടികളെയും അധിക്ഷേപിച്ചതും. നിലപാടുകളും നിലവാരവും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കേണ്ടവിധം രണ്ടിടത്തായി നിൽക്കുന്ന ലീഗ് രാഷ്ട്രീയം സമുദായത്തെ മാത്രമല്ല, സമൂഹത്തിനാകെ നാണക്കേടാണ്. എംഎൽഎ സ്ഥാനമൊഴിഞ്ഞ് പാർലമെന്റിലേക്ക് മത്സരിക്കുകയും മന്ത്രിസ്ഥാനം മോഹിച്ച് എംപി സ്ഥാനമൊഴിഞ്ഞ് എംഎൽഎ പണിക്കിറങ്ങുകയും ചെയ്ത പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടുതന്നെ ലീഗിന്റെ മലബാർ പതനത്തിന് വഴിയൊരുക്കുന്നതായിരുന്നു. നിയമസഭയിലെ രണ്ടാം തോൽ‍വിയോടെ ലീഗ് ഉൾപ്പെടുന്ന ഐക്യജനാധിപത്യ മുന്നണി തന്നെ ചർച്ചകളിൽ നിന്നകന്നു. പ്രത്യക്ഷത്തിൽ അടിസ്ഥാനവിരുദ്ധ ആരോപണങ്ങളിൽ കടിച്ചുതൂങ്ങാനല്ലാതെ, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ മുദ്രാവാക്യമുയർത്തി സമരമിരിക്കേണ്ട ഒരവസ്ഥ കേരളത്തിൽ ഇല്ലെന്നതാണ് യുഡിഎഫിനെയും ലീഗിനെയും അലട്ടുന്നത്. അതിൽ‍ നിന്നാണ് വഖഫ് നിയമന നിലപാട് മാറ്റാനും സർക്കാരിനെതിരെ തിരിയാനും തീരുമാനിച്ചത്. സർക്കാരിനും ഇടതുമുന്നണിക്കും എതിരെയുള്ള നീക്കത്തിന് മുസ്‌ലിം ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്താനാണ് ലീഗ് ആഹ്വാനം ചെയ്തത്. അതോടെ തങ്ങളുടെ വർഗീയ നിലപാടും ആവർത്തിക്കപ്പെട്ടു. പള്ളികളിൽ സർക്കാരിനെതിരെ പ്രചാരണം നടത്താനുള്ള ലീഗിന്റെ ആവശ്യത്തോട് മതപണ്ഡിത സമൂഹം എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണിപ്പോൾ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ‍ തന്നെയാണ് ലീഗിനെതിരെ പരസ്യമായി ആദ്യം പ്രതികരിച്ചത്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട യാതൊരു പ്രതിഷേധവും പള്ളികളിൽ പാടില്ലെന്നത് പൊതുതീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. അത് തന്റെ തീരുമാനമാണെന്ന രീതിയിൽ ചിലരുടെ പ്രതികരണം ഒറ്റപ്പെടുത്താ­ൻ വേണ്ടിയാണെന്നും ജിഫ്രി തങ്ങൾ പിറകെ പറഞ്ഞത് ലീഗിനുള്ള സമുദായ താക്കീതായി വേണം കരുതാൻ. തനിക്കെതിരെയുള്ള അപവാദ പ്രചാരണം ലീഗിനുള്ളിൽ നിന്നുള്ളതാണെന്ന് പറയാതെ പറഞ്ഞ തങ്ങൾ, വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടിയിൽ സമസ്തയിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായുള്ള ചർച്ചകളിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമസ്ത നേതാക്കൾ. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മത സംഘടനയാണോ എന്ന് വ്യക്തമാക്കണം എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ് ഇന്ന് സമുദായത്തിനകത്തുനിന്നും ലീഗ് നേതൃത്വത്തിനുമുന്നിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് മുസ്‌ലിം മതവിശ്വാസികളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിൽ ലീഗിന് ആശങ്കയില്ലെന്നതും ചർച്ചയാണ്. ഉത്തർപ്രദേശ്, ഹരിയാന പോലുള്ള ഇടങ്ങളിൽ നമസ്കാര ഇടങ്ങളിൽ സംഘപരിവാർ സംഘടനകളും പ്രവർത്തകരും നടത്തുന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. നമസ്കാരം മുടക്കുന്നത് തുടർക്കഥയാകുന്നു. എന്നിട്ടും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രതികരിക്കാൻ തയാറാവാത്ത ലീഗ് നേതൃത്വം സംസ്ഥാനത്ത് നിലനിൽപ്പിനുള്ള രാഷ്ട്രീയം കളിക്കുന്നത് അപമാനകരമെന്ന നിലപാടിലാണ് സമുദായനേതാക്കൾ. ലീഗിന്റെ നിലവാരമില്ലാത്ത തീക്കളി ഏതുവിധത്തിൽ പര്യവസാനിക്കുമെന്നത് വരും നാളുകളിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.