22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024

ആർഎസ്എസ് — ലീഗ് കൂടിക്കാഴ്ച്ച; ചരടുവലിച്ചത് പി കെ കുഞ്ഞാലിക്കുട്ടി, കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് പുറത്താക്കപ്പെട്ട നേതാവ് കെ എസ് ഹംസ

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
March 19, 2023 8:49 pm

വിഭാഗീയത രൂക്ഷമായ മുസ്ലിംലീഗില്‍ നേതൃത്വത്തിനെതിരെ പുതിയ പോര്‍മുഖം തുറന്ന് വിമതപക്ഷം. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം ആർഎസ്എസ് നേതൃത്വവുമായി ഒരു മുസ്ലിം ലീഗ് എംഎൽഎ ചർച്ച നടത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്താൻ നേതൃത്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയാണ് രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് കെ എസ് ഹംസയുടെ നീക്കങ്ങള്‍.

മുസ്ലിം ലീഗ് എംഎൽഎയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് രണ്ടു ദിവസം മുമ്പാണ് ആർഎസ്എസ് നേതാവ് തുറന്നു പറഞ്ഞത്. അത് ഏത് എംഎൽഎയാണെന്ന് ലീഗ് വെളിപ്പെടുത്തണമെന്ന് ഹംസ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഞങ്ങൾ ചില കാര്യങ്ങൾ വെളിപ്പെടുത്തും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരമാണ് എംഎൽഎ മലപ്പുറത്തുവച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ളത്. അത് ആരാണെന്ന് പറയേണ്ടത് ലീഗാണ്. പി കെ കുഞ്ഞാലിക്കുട്ടിയല്ല മറ്റൊരു എം എൽ എയാണ് ചർച്ചയിൽ പങ്കെടുത്തത്. മുസ്ലിം ലീഗിനെ ഇടതു മുന്നണിയിൽ എത്തിക്കുകയെന്നതായിരുന്നു ആ ചർച്ചയുടെ ഉള്ളടക്കം. അതിനുള്ള ചരട് വലിക്കുന്നത് നാഗ്പൂരിൽ നിന്നാണ്. ലീഗ് ഇടതുപക്ഷത്തോട് ചേർന്നാൽ അവരുടെ മതനിരപേക്ഷതക്ക് കോട്ടം തട്ടും.

പരമ്പരാഗതമായ ഹിന്ദു വോട്ട് ചോർന്ന് ബിജെപിക്ക് പോവും. ഇത് മുന്നിൽ കണ്ടാണ് ആസൂത്രണം നടത്തിയത്. അങ്ങിനെ സംഭവിച്ചാൽ കേരളത്തിൽ ദീർഘകാല രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നതായിരുന്നു ബിജെപി കണക്കുകൂട്ടിയതെന്നും ഹംസ പറഞ്ഞു. ഇടതുമുന്നണിയുടെ മതേതരത്വ നിലപാടിനെ തകർക്കാനും ഹിന്ദു വോട്ടിൽ ചോർച്ചയുണ്ടാക്കാനുമാണ് ആർഎസ്എസ് പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്. മുസ്ലിം ലീഗിനെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആർഎസ്എസാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക പത്രത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇഡിയെ സെറ്റിൽ ചെയ്തിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പാർട്ടി യോഗത്തിൽ പറഞ്ഞു. എആർ നഗർ ബാങ്ക് അഴിമതിയും ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസും ചോദ്യം ചെയ്തപ്പോൾ ഇഡിയെ സെറ്റിൽ ചെയ്തു എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇനി ഇഡി വരില്ലെന്നും ഇഡിയെ സെറ്റിൽ ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കെ ടി ജലീലുമായുള്ള വാഗ്വാദം പെട്ടെന്ന് അവസാനിച്ചതിന് പിന്നിലും മറ്റുചില കളികൾ നടന്നുവെന്നും കെഎസ് ഹംസ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണ്. സോളാർ കേസിലും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടായി. ഹംസ തന്നെ 25 കൊല്ലമായി വേട്ടയാടുകയാണെന്നാണ് കുഞ്ഞാലിക്കുട്ടി ആരോപിച്ചത്. ഐസ്ക്രീം കേസ് കഴിഞ്ഞ ശേഷമാണെന്ന് താൻ മറുപടി നൽകി. ഹൈദരലി തങ്ങൾ പരിശുദ്ധനായിരുന്നു.

എന്നാൽ തുടർച്ചയായി ഇഡിയുടെ നോട്ടീസ് ലഭിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. ചന്ദ്രികയുടെ അക്കൗണ്ടിൽ നോട്ട് നിരോധനത്തിന് പിന്നാലെ 10 കോടി വന്നു. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചപ്പോൾ മൂന്ന് കോടിക്കടുത്ത് രൂപ പിഴ കെട്ടി. ഇതോടെ കുറ്റം സമ്മതിച്ച പോലെയായി. ഇതൊന്നും ഹൈദരലി തങ്ങൾ അറിഞ്ഞില്ലെന്നും അപ്പോഴേക്കും എല്ലാ രേഖകളും തങ്ങൾക്കെതിരായി കഴിഞ്ഞിരുന്നുവെന്നും കെഎസ് ഹംസ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും. സംസ്ഥാന കൗൺസിലിലേക്ക് മൽസരിക്കാതിരിക്കാനാണ് തന്നെ പുറത്താക്കിയതെന്നും കെഎസ് ഹംസ ആരോപിച്ചു.

ശനിയാഴ്ചയാണ് ഹംസയെ ലീഗിൽ നിന്നും പുറത്താക്കിയത്. ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി വിരുദ്ധനാണ് കെ എസ് ഹംസ. നേരത്തേ ഡോ. എം കെ മുനീർ ജനറൽ സെക്രട്ടറിയാകുമെന്നുള്ള സൂചനകളുണ്ടായിരുന്നു. എം കെ മുനീറിന് വേണ്ടി കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം ശക്തമായ കരുനീക്കങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല.

ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി എം എ സലാമിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇ ടി മുഹമ്മദ് ബഷീർ എംപി, പി വി അബ്ദുൽ വഹാബ് എന്നിവർ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. കെ എം ഷാജി ഉൾപ്പെടെയുള്ള നേതാക്കള്‍ എം കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ടു. മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ മുന്നോട്ട് വെച്ചതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞു.

എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയോടെ പി എം എ സലാം തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അണഞ്ഞെന്നു കരുതിയ വിഭാഗീയതയുടെ തീപ്പൊരി ഹംസയുടെ പരസ്യ പ്രതികരണത്തിലൂടെ വീണ്ടും പടര്‍ന്നു പിടിക്കുകയാണ്. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം ഹംസയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ലീഗില്‍ അതിന്റെ അലയൊലികള്‍ ഉയരുമെന്നകാര്യം ഉറപ്പാണ്.
Eng­lish Sum­ma­ry: mus­lim league and P K Kunhalikutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.