
സ്വാതന്ത്ര്യദിനത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മുസ്‍ലിം യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിൽ സഹാറൻപൂർ സ്വദേശിയായ റിസ്‌വാനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മുകേഷ് ഭട്ട്, നവീൻ ഭന്താരി, മനീഷ് ബിഷ്ട് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഒരു ചായക്കടയിൽ ചായ കുടിക്കാൻ പോയപ്പോഴാണ് റിസ്‌വാനെ മൂന്നംഗ സംഘം ആക്രമിച്ചത്. ഇവരിലൊരാളായ മുകേഷ് ഭട്ട്, റിസ്‌വാനോട് ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, വിസമ്മതിച്ചതോടെ മുകേഷ് ഭട്ടും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് തന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റിസ്‌വാൻ പരാതിയിൽ പറയുന്നു. ഒടുവിൽ കടയുടെ പിന്നിലൂടെ ഇറങ്ങിയോടിയാണ് റിസ്‌വാൻ രക്ഷപ്പെട്ടത്. സർക്കാർ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പൗരിയിലെ ശ്രീനഗർ പൊലീസ് മതവികാരങ്ങളെ വ്രണപ്പെടുത്തലടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.