
ഗോവയിലെ വോട്ടർ പട്ടികയിൽ പേര് നിലനിർത്തുന്നതിന് യോഗ്യത തെളിയിക്കണമെന്നാവശ്യപ്പെട്ട് മുൻ നാവികസേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശിനും ഭാര്യക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. സംസ്ഥാനത്ത് നടന്നുവരുന്ന വോട്ടർ പട്ടിക പുതുക്കലിന്റെ (എസ്ഐആര്‍) ഭാഗമായാണ് നടപടി. 82 വയസ്സുകാരനായ അഡ്മിറലിനോടും 78 വയസ്സുകാരിയായ ഭാര്യയോടും വ്യത്യസ്ത തീയതികളിൽ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തന്റെ പദവിയിലുള്ള ഒരാൾ സ്വന്തം വ്യക്തിത്വം തെളിയിക്കേണ്ടി വരുന്നതിലെ വൈരുദ്ധ്യം അഡ്മിറൽ ചൂണ്ടിക്കാട്ടിയെങ്കിലും, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും തങ്ങൾ നോട്ടീസ് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2009 മുതൽ ഗോവയിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 1968 മുതലുള്ള തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അഞ്ച് തവണ ഗോവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തങ്ങളുടെ ബൂത്ത് ലെവൽ ഓഫിസർ മൂന്ന് തവണ വീട് സന്ദർശിച്ചിട്ടും എന്തുകൊണ്ടാണ് കൂടുതൽ രേഖകൾ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പ്രായമായ തങ്ങൾ 18 കിലോമീറ്റർ അകലെയുള്ള ഓഫീസിൽ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഹാജരാകേണ്ടി വരുന്നതിലെ ബുദ്ധിമുട്ടും അദ്ദേഹം പങ്കുവെച്ചു. ജനുവരി 17 ന് അഡ്മിറലും 19 ന് ഭാര്യയും ഹാജരാകാനാണ് നോട്ടീസ്.
എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഗോവയിൽ വോട്ടർമാരുടെ എണ്ണത്തിൽ 8.5 % കുറവുണ്ടായി. 11.85 ലക്ഷം വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് കരട് പട്ടിക വന്നപ്പോൾ അത് 10.84 ലക്ഷമായി കുറഞ്ഞിരുന്നു. ദക്ഷിണ ഗോവയിലെ കോൺഗ്രസ് എംപി ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിനും സമാനമായ രീതിയിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വോട്ടർ പട്ടികയിലെ പേര് കൃത്യമായി പരിശോധിച്ചതാണെന്നും ഇപ്പോൾ വീണ്ടും യോഗ്യത തെളിയിക്കാൻ പറയുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും ബിഎൽഒമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് നോട്ടീസ് അയക്കാൻ കാരണമാകുന്നതെന്ന് ഗോവ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പ്രതികരിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തുന്ന പിഴവുകൾ സാധാരണക്കാരെയും പ്രമുഖരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഗോവയിൽ ഫെബ്രുവരി 14 നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.