5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
February 12, 2025
February 4, 2025
January 29, 2025
January 27, 2025
January 25, 2025
November 30, 2024
November 7, 2024
November 2, 2024
October 9, 2024

റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ്; കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

Janayugom Webdesk
March 29, 2025 10:30 pm

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിംഗ് 94 ശതമാനം പൂര്‍ത്തിയാക്കിയതിന്‌ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ മന്ത്രി പ്രഹ്ലാദ്‌ ജോഷി കേരളത്തെ അഭിനന്ദിച്ചു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആര്‍.അനിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര മന്ത്രി അഭിന്ദനം അറിയിച്ചത്. പാര്‍ലമെന്റ്‌ മന്ദിരത്തിലെ ഓഫീസിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. റേഷന്‍ കാര്‍ഡ്‌ മസ്റ്ററിംഗിനുള്ള കാലാവധി മേയ്‌ 31 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. മസ്റ്ററിംഗിനുള്ള കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കാര്‍ഡുടമകളില്‍ 94 ശതമാനമാണ്‌ നിലവിൽ മസ്‌റ്ററിംഗ് പൂര്‍ത്തിയാക്കിയത്‌. ഉള്‍പ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ്‌ മസ്റ്ററിംഗിന് അവശേഷിക്കുന്നത്. വിവിധ കാരണങ്ങളാൽ സംസ്ഥാനത്തിന് പുറത്തു കഴിയുന്ന നിരവധി ആളുകൾക്ക് കൂടി അവസരം ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പരമാവധി റേഷന്‍ കാര്‍ഡ്‌ ഉടമകളെ മസ്‌റ്ററിംഗ് നടത്തി ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. മസ്റ്ററിംഗ് തീയതി ദീര്‍ഘിപ്പിച്ചു ലഭിച്ചാല്‍ സര്‍ക്കാരിന്‌ ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതുസംബന്ധിച്ച സെക്രട്ടറി തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമെങ്കില്‍ തീയതി നീട്ടുന്നത് പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയെന്ന്‌ മന്ത്രി അറിയിച്ചു.

2022–23 സാമ്പത്തികവര്‍ഷം ഹൈദരാബാദ്‌ എന്‍.ഐ.സി. നല്‍കിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിക്ക് അനുകൂല നിലപാടാണ്. ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ പകരം റേഷന്‍ കാര്‍ഡുടമയ്‌ക്ക്‌ അതിനു തത്തുല്യമായ പണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു.

കേരളത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം കുറയ്‌ക്കുന്നതും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും പൊതുവിതരണ സംവിധാനത്തിന്റെ മികവുകൊണ്ടാണ്‌. ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ആവശ്യമായ ഭക്ഷ്യവസ്‌തുക്കളുടെ 15 ശതമാനം മാത്രമാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ ഭക്ഷ്യസബ്‌സിഡിയ്‌ക്ക്‌ പകരം പണം എന്ന രീതി സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കും. ഭക്ഷ്യധാാന്യങ്ങള്‍ക്കായി പൊതുവിപണിയെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന നിലയുണ്ടായാല്‍ പൂഴ്‌ത്തിവയ്‌പിനും വിലക്കയറ്റത്തിനും കാരണമാകും. പൊതുവിതരണ ശൃംഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന റേഷന്‍ കടക്കാരുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും ഉപജീവനമാര്‍ഗ്ഗത്തിനും ഈ പദ്ധതി തടസ്സമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ നിന്ന്‌ നേരിട്ട്‌ ഭക്ഷ്യധാന്യങ്ങളെടുത്ത്‌ വിതരണം ചെയ്യാന്‍ സപ്ലൈകോയ്‌ക്ക്‌ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനുള്ള അഭിനന്ദനം ജി.ആര്‍. അനില്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. റേഷന്‍ കടക്കാര്‍ക്കുള്ള കമ്മീഷന്,‍ ചരക്കുകൂലി, കയറ്റിറക്കു കൂലി തുടങ്ങിയവ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ എസ്‌. എൻ. എ. ‘സ്‌പര്‍ശ്‌’ എന്ന പണമിടപാട്‌ സംവിധാനത്തിന്റെ പോരായ്‌മയെക്കുറിച്ചും കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. പുതിയ പരിഷ്‌കാരം മൂലം റേഷന്‍ വ്യാപാരികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണം അയയ്‌ക്കാന്‍ നാല്‌ മുതല്‍ അഞ്ച്‌ ദിവസം വരെ ഇതുമൂലം കാലതാമസം വരുന്നുണ്ട്‌. അതിനാല്‍ പഴയ പേയ്‌മെന്റ് സംവിധാനമായ എസ്‌. എന്‍.എ പുനഃസ്ഥാപിക്കണമെന്ന്‌ മന്ത്രി അവശ്യപ്പെട്ടു.

സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് 60 വർഷം പൂർത്തിയാക്കിയതിന്റെയും കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന കേരള സ്റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷൻ (സപ്ലൈകോ) ‑യും അമ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് കേന്ദ്ര മന്ത്രിയെ ക്ഷണിക്കുകയെന്നതും കൂടിക്കാഴ്‌ചയുടെ ഭാഗമായിരുന്നെന്ന്‌ ജി.ആര്‍.അനില്‍ അറിയിച്ചു. ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ എട്ട്‌ വരെ നടക്കുന്ന ആഘോഷപരിപാടിയുടെ മുഖ്യ അതിഥിയായി പങ്കെടുക്കുന്നതിന് കേന്ദ്രമന്ത്രിയെ ക്ഷണിച്ചതായും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കൂടിക്കാഴ്ചയിൽ മന്ത്രിയോടൊപ്പം എം.പി. മാരായ പി.സന്തോഷ് കുമാർ, പി.പി. സുനീർ എന്നിവരും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.