10 January 2026, Saturday

Related news

January 7, 2026
January 1, 2026
November 7, 2025
October 8, 2025
August 23, 2025
August 5, 2025
March 29, 2025
February 12, 2025
February 4, 2025
November 30, 2024

ഇന്നും നാളെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രം മസ്റ്ററിങ്: എല്ലാ ഗുണഭോക്താക്കള്‍ക്കും അവസരം ഉറപ്പാക്കും: മന്ത്രി ജി ആര്‍ അനില്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
March 16, 2024 8:37 am

സംസ്ഥാനത്ത് ഇന്നും നാളെയും മഞ്ഞ കാർഡുകാർക്ക് മാത്രമായിരിക്കും റേഷന്‍ മസ്റ്ററിങ് നടക്കുക എന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. മഞ്ഞ ഒഴികെയുള്ള കാർഡുകാർക്ക് ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം നടത്താന്‍ പാടില്ലെന്ന നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഗുണഭോക്താക്കള്‍ക്കും മസ്റ്ററിങ് ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തും. മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ പരിഭ്രാന്തി പടർത്തുന്ന രീതിയില്‍ പല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതില്‍ ഗുണഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മുന്‍ഗണനാ കാർഡുകളുള്ള മുഴുവന്‍ ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂർത്തിയാക്കണമെന്ന കർശന നിർദേശമാണ് കേന്ദ്രസർക്കാർ നല്‍കിയിട്ടുള്ളത്. റേഷന്‍ കാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങളും നേരിട്ട് എത്തി ഇ‑പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ചു മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിന് മാത്രമായി ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തെ ബാധിക്കാന്‍ ഇടയുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ പറയുന്നത്.

ഇന്നും നാളെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് മസ്റ്ററിങ് എങ്കിലും മസ്റ്ററിങ് ചെയ്യുന്നതിനായി ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിച്ചേർന്നിട്ടുള്ള പിങ്ക് കാർഡ് അംഗങ്ങള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം റേഷന്‍ വ്യാപാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നിർദേശം എല്ലാവരുമായി കൂടിയാലോചിച്ച ശേഷം ഞായറാഴ്ച വൈകിട്ട് പ്രസിദ്ധപ്പെടുത്തുമെന്നും പൊതുവിതരണ വകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളേ വിശ്വസിക്കാവൂ എന്നും മന്ത്രി അറിയിച്ചു.

പൂര്‍ത്തീകരിച്ചത് 3,64,930 കാര്‍ഡുകള്‍

തിരുവനന്തപുരം: സാങ്കേതിക തകരാറ് മൂലം ചിലയിടങ്ങളില്‍ തടസമുണ്ടായതിനെ പര്‍വതീകരിച്ച്, സംസ്ഥാനത്ത് മസ്റ്ററിങ് നടപടികള്‍ മുടങ്ങിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. ജനങ്ങളാകെ വലഞ്ഞുവെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണെന്ന് ഇന്നലെ മസ്റ്ററിങ് പൂര്‍ത്തീകരിച്ചവരുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായി. 3,64,930 മുന്‍ഗണനാ കാർഡ് ഉടമകളാണ് ഇന്നലെ മാത്രം മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. റേഷൻ കടകളിൽ ഇന്നലെ മസ്റ്ററിങ്‌ മുടങ്ങിയെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Mus­ter­ing only for yel­low card hold­ers today and tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.