22 January 2026, Thursday

മുസഫര്‍നഗര്‍ കലാപം; ബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍

ഐപിസി 376(2)(ജി) പ്രകാരം ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേസ്
Janayugom Webdesk
മുസഫര്‍നഗര്‍
May 9, 2023 9:09 pm

യുപിയില്‍ മുസഫര്‍ നഗറിലുണ്ടായ കലാപത്തിനിടെ നടന്ന കൂട്ടബലാത്സംഗ കേസിലെ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. ഒന്നും രണ്ടും പ്രതികളായ മഹേഷ് വിര്‍, സിക്കന്തര്‍ മാലിക് എന്നിവരെയാണ് ശിക്ഷിച്ചത്. ഇവര്‍ 15,000 രൂപ വീതം പിഴയുമൊടുക്കണം. കേസിലെ മൂന്നാം പ്രതി കുല്‍ദീപ് സിങ് 2020ല്‍ മരിച്ചിരുന്നു.
വര്‍ഗീയ കലാപത്തിനിടെയുള്ള ബലാത്സംഗത്തെ ഒരു പ്രത്യേക കുറ്റമായി അംഗീകരിക്കുന്ന ഐപിസി 376(2)(ജി) പ്രകാരം ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേസാണിത്. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി അഞ്ജലി കുമാര്‍ സിങ്ങാണ് വിധി പ്രഖ്യാപിച്ചത്.
മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍, അഭിഭാഷക കാമിനി ജയ്സ്വാള്‍ എന്നിവര്‍ മുഖേന ഏഴു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2014 മേയില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ മൂലമാണ് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. ഭീഷണിയെ തുടര്‍ന്ന് ആറുപേരും പിന്നീട് കേസില്‍നിന്ന് പിന്‍മാറി. എന്നാല്‍ ഒരു സ്ത്രീ മാത്രം നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. തയ്യല്‍ക്കാരനായ ഭര്‍ത്താവിന്റെ പതിവ് ഇടപാടുകാരായ പ്രതികള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി അമ്മയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം, മുസഫര്‍നഗര്‍ കോടതി കേസ് ദൈനംദിന അടിസ്ഥാനത്തില്‍ വാദം കേട്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം നടന്ന 2013ലെ മുസഫര്‍നഗര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചതായാണ് കണക്ക്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു. അരലക്ഷത്തോളം പേര്‍ ആക്രമണം ഭയന്ന് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.

Eng­lish Summary;Muzaffarnagar Rebel­lion; Two accused are guilty in rape case
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.