
വയനാട് ലോക്സഭാ സീറ്റില്‍ രാഹുലും, പ്രിയങ്കയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു നേടിയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും അതാണ് കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപതിരഞ്ഞെടുപ്പ് ജയത്തിനായി യുഡിഎഫുണ്ടാക്കിയ വര്‍ഗീയ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരെ എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും വര്‍ഗീയ മതമൗലിക പാര്‍ട്ടികളും കൈകോര്‍ത്തതാണ് എം സ്വരാജിന്റെ പരാജയത്തിന്റെ പ്രധാന കാരണം. വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളില്‍ ഉറച്ചാണ് എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വര്‍ഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്നത് തന്നെയാണ് നിലപാടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പരസ്യധാരണയുണ്ടായെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കണ്ടതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഒരു വശത്ത് മുസ്ലീം മതരാഷ്ട്രവാദികളുടെ വോട്ട് നേടിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടുകളും നേടിയെന്ന് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു, ബിജെപി വോട്ട് യുഡിഎഫിലേക്ക് മറിച്ചെന്ന് ആരോപിച്ചത് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് തന്നെയാണ്. യുഡിഎഫ് താത്ക്കാലികമായി ജയിച്ചെങ്കിലും വര്‍ഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകവും അപകടകരവുമായ ഫലമുളവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ തോല്‍വി എല്‍ഡിഎഫിന്റെ അടിത്തറ ഇളക്കുന്നതാണെന്ന വാദത്തിന് കഴമ്പില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പാര്‍ട്ടി തലത്തില്‍ പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകും. തദ്ദേശ തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ എല്‍ഡിഎഫ് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.