13 December 2025, Saturday

‘ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്’: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

Janayugom Webdesk
മിസിസിപ്പി
October 31, 2025 1:33 pm

ഹൈന്ദവ പശ്ചാത്തലത്തിൽ വളർന്ന തന്റെ ഭാര്യ ഉഷാ വാൻസ് ഒരു ദിവസം ക്രിസ്തുമതം സ്വീകരിച്ച് കാത്തലിക് സഭയിൽ ചേരു​മെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. മിസിസിപ്പിയിൽ ‘ടേണിങ് പോയിന്റ് യുഎസ്എ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയിൽ വരും. ഞാൻ അവളോട് പറഞ്ഞതുപോലെ, എന്റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നിൽ ഇപ്പോൾ പറയുന്നു: ‘ഞാൻ സഭയിൽ ചേർന്നതുപോലെ അതേ കാര്യം അവൾക്കും അനുഭവിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സത്യസന്ധമായി അങ്ങനെ ആഗ്രഹിക്കുന്നു. കാരണം ഞാൻ ക്രിസ്ത്യൻ സുവിശേഷത്തിൽ വിശ്വസിക്കുന്നു, എന്റെ ഭാര്യയും അതേ രീതിയിൽ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ‑വാൻസ് പറഞ്ഞു.

ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്‌നമുണ്ടാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒരുപക്ഷേ അവൾ മതം മാറാൻ തയ്യാറാകുന്നില്ലെങ്കിൽ, അത് എനിക്ക് പ്രശ്‌നമല്ല. എല്ലാവർക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നു. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയോടും സംസാരിച്ച് പരിഹരിക്കേണ്ട കാര്യമാണത്’ ‑വാൻസ് വ്യക്തമാക്കി.

റിപ്പബ്ലിക്കൻ നേതാവായ വാൻസ് നേരത്തെ യുക്തിവാദിയായിരുന്നു. 2019ലാണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. ഭാര്യ ഉഷയുമായി അടുപ്പത്തിലാവുമ്പോൾ നിരീശ്വരവാദി ആയിരുന്നു. വാൻസിന്റെയും ഉഷയുടെയും കുട്ടികളെ ക്രിസ്ത്യൻ രീതിയിലാണ് വളർത്തുന്നത്. അവർ ക്രിസ്ത്യൻ സ്‌കൂളിലാണ് പഠിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ക്രിസ്ത്യൻ മൂല്യങ്ങൾ ഈ രാജ്യത്തിന്റെ പ്രധാന അടിത്തറയാണെന്ന് ചിന്തിക്കുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. നിഷ്പക്ഷരാണെന്ന് നിങ്ങളോട് പറയുന്നവർക്ക് അജണ്ടയുണ്ടാകാൻ സാധ്യതയുണ്ട്. ഈ രാജ്യത്തിന്റെ ക്രിസ്ത്യൻ അടിത്തറ ഒരു നല്ല കാര്യമാണെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു’ ‑മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവിനെക്കുറിച്ചുള്ള ചോദ്യത്തിന് വാൻസ് മറുപടി നൽകി. വിശ്വാസം, കുടുംബം, വ്യക്തിപരമായ നിലപാടുകൾ എന്നിവയെക്കുറിച്ചുള്ള വാൻസിന്റെ ഉത്തരങ്ങൾ വലിയ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

അതിനിടെ, ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷവും നാടുകടത്തണമെന്ന ആവശ്യങ്ങളും വർധിച്ചു വരുന്നതിനിടെയാണ് വാൻസിന്റെ ഈ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാർക്ക് ഏറെ ഉപകാരപ്രദമായ എച്ച്-1ബി വിസകളെക്കുറിച്ചുള്ള ചർച്ചകളുടെ ചുവടുപിടിച്ചാണ് വിദ്വേഷ പ്രചാരണം. യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യഹൈന്ദവ വിശ്വാസിയും ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസുമായ തുളസി ഗബ്ബാർഡ് ദീപാവലി ആശംസകൾ നേർന്ന് എക്‌സിൽ പോസ്റ്റ് ചെയ്തപ്പോൾ, ‘ദീപാവലി അമേരിക്കൻ വിരുദ്ധമാണ്. ഇന്ത്യക്കാർ ഇന്ത്യയിലേക്ക് പോകുക”, “എന്റെ രാജ്യത്ത് നിന്ന് പുറത്തുപോവുക” തുടങ്ങിയ കമന്റുകൾ വന്നിരുന്നു.

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലി​ന്റെ ദീപാവലി പോസ്റ്റിനും സമാന രീതിയിൽ വംശീയാധിക്ഷേപം നേരിട്ടു. ‘ഈശോയെ അന്വേഷിക്കുക. അവനാണ് മാർഗവും സത്യവും വെളിച്ചവും’ എന്നും “രക്ഷയ്ക്കായി കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുക’ എന്നും ചിലർ കമന്റ് ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.