
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാൻ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാളിലെത്തിയാൽ മതി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് വൈവിധ്യങ്ങളേറെയുള്ള സ്റ്റാൾ ഒരുക്കിയത്. സാങ്കേതിക മികവിന്റെ പിന്തുണയിൽ ജില്ലയിലെ പ്രധാന സ്ഥലങ്ങൾ വെർച്വൽ റിയാലിറ്റിയിലൂടെ കാണാനാണ് ഇതുവഴി അവസരം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം തോണിക്കടവ്, കടലുണ്ടി പക്ഷിസങ്കേതം, മാനാഞ്ചിറ സ്ക്വയർ, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളാണ് വെർച്ച്വൽ റിയാലിറ്റിയിലൂടെ കാണാനാവുക.
ഇന്ററാക്ടീവ് ക്യൂബ് ഡിസ്പ്ലേ ആണ് സ്റ്റാളിന്റെ പ്രധാന ആകർഷണീയതകളിലൊന്ന്. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, നവകേരളം, വ്യവസായം, പട്ടയം എന്നിങ്ങനെ കുറിച്ച ക്യൂബിന്റെ വശങ്ങൾ മാറ്റുന്നതിനനുസരിച്ച് ഓരോ വകുപ്പുമായും ബന്ധപ്പെട്ട വികസന നേട്ടങ്ങളുടെ വീഡിയോ എൽഇഡി വാളിൽ തെളിയും. കേരളം കൈവരിച്ച പുരോഗതികൾ, അടയാളപ്പെടുത്തിയ നേട്ടങ്ങൾ, മാറുന്ന കേരളത്തിന്റെ ദൃശ്യങ്ങൾ, ഫോട്ടോ സെൽഫി കോർണറുകൾ, ഗെയിം കോർണർ, ഡിജിറ്റൽ മാഗസിനുകൾ എന്നിവയും പ്രദർശനത്തെ ആകർഷണീയമാക്കുന്നു. കൂടാതെ കോഴിക്കോടിന്റെ കാഴ്ചകളും ജില്ലയുടെ വികസന നേട്ടങ്ങളും വിവരിക്കുന്ന ഫോട്ടോ പ്രദർശനവും ‘നമ്മുടെ കോഴിക്കോട്’ ഫോട്ടോ കോർണറും ഈ സ്റ്റാളിന്റെ ഭാഗമായുണ്ട്. കേരളം കൈവരിച്ച രാജ്യാന്തര നേട്ടങ്ങളും നവകേരളത്തെ കെട്ടിപ്പടുക്കുന്ന ലക്ഷ്യങ്ങളും അടയാളപ്പെടുത്തുന്ന പ്രദർശനത്തിൽ മുഖ്യമന്ത്രിയുടെ അപൂർവ നിമിഷങ്ങളുടെ ചിത്രങ്ങളുമുണ്ട്. എന്റെ കേരളം, വികസന പാതയിൽ കോഴിക്കോട്, നമ്മൾ നവകേരളത്തിലേക്ക് ഫോട്ടോ കോർണറുകളും ലഹരിക്കെതിരെ സന്ദേശം നൽകുന്ന ഗെയിം കോർണറുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.