23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025

കാഴ്ചകളുടെ പുതുവസന്തം തീർത്ത് കാലിക്കടവ് മൈതാനത്തെ എൻറെ കേരളം സമാപന സമ്മേളനം

Janayugom Webdesk
കാസർകോഡ്
April 27, 2025 9:11 pm

കാഴ്ചയുടെ വസന്തം തീര്‍ത്ത് സിനിമ കൊട്ടക

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വേറിട്ട ദൃശ്യ വിരുന്നൊരുക്കി സിനിമ കൊട്ടക. മലയാളത്തിലെ എല്ലാ കാലത്തേയും മികച്ച സിനിമകളുടെ വിപുലമായ ശേഖരമുള്‍പ്പെടുത്തിയ സിനിമ പ്രദര്‍ശനമാണ് കഴിഞ്ഞ ഏഴ് ദിവസമായി നഗരിയില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ തുടങ്ങി പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച സിനിമകള്‍ വരെ കൊട്ടകയില്‍ കാണികള്‍ക്ക് മുന്നിലെത്തി. ഓരോ ഷോയും കാണാന്‍ തീയറ്ററിനകത്തും പുറത്തും ആളുകള്‍ നിറഞ്ഞു നിന്നു.

ജയന്‍, മധു, കെപിഎസി ലളിത, മുരളി തുടങ്ങി മലയാളത്തിന്റെ മണ്‍ മറഞ്ഞു പോയ അതുല്യ പ്രതിഭകളുടെ ആദ്യകാല സിനിമകള്‍ ഒരു തവണ കൂടി വലിയ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രേക്ഷകര്‍ പ്രകടിപ്പിച്ചു. പ്രദര്‍ശന വിപണനം കാണാനും അറിയാനും എത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കുകയെന്ന വലിയ ദൗത്യം ആദ്യമായാണ് ഒരു പ്രദര്‍ശന നഗരിയില്‍ ഒരുക്കുന്നതെന്നും അതിന് വലിയ സ്വീകാര്യതയും സ്വീകരണവും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പറഞ്ഞു.

ടൂറിസം മേഖല കൈവരിച്ചത് അത്ഭുത പൂവ്വമായ വളര്‍ച്ച

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അവസാന ദിവസമായ ഇന്ന് ഡി.ടി.പി.സി, ഡി.ഡി ടൂറിസം, ബി.ആര്‍.ഡി.സി എന്നിവരുടെ നേതൃത്വത്തില്‍ ടൂറിസം സംരംഭകത്വ അവസരങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

കാസര്‍കോട് ജില്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ടൂറിസം മേഖലയില്‍ കൈവരിച്ച അത്ഭുത പൂവ്വമായ വളര്‍ച്ചയെ കുറിച്ച് ടൂറിസം വകുപ്പ് ജില്ലാ ഡയറക്ടര്‍ ജെ ശ്രീകുമാര്‍ സംസാരിച്ചു. കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍, അഴിത്തല ടൂറിസം പദ്ധതി, ഹൗസ് ബോട്ട് പദ്ധതികള്‍ എന്നിവയെ കുറിച്ചും അതിന് ജില്ലയില്‍ ലഭിച്ച സ്വീകര്യതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

2024 — 25 വര്‍ഷത്തില്‍ മാത്രം ജില്ലയില്‍ 50 ല്‍ കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളാണ് നടത്തപ്പെട്ടത്, 300 ല്‍ കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ജില്ലയിലുണ്ട്. കണ്‍വെന്‍ഷന്‍ സെന്റര്‍, സൈന്‍ ടൂറിസം, കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് ടൂറിസം, മെഡിക്കല്‍ ടൂറിസം, നിക്ക് ടൂറിസം തുടങ്ങി ജില്ലയില്‍ ഒട്ടനവധി ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഗ്രാമീണരായ ആളുകള്‍ക്ക് കൂടി ടൂറിസം കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകാനും അവരെ കൂടി ടൂറിസത്തിന്റെ ഭാഗമാക്കാനും ആരംഭിച്ച പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതി. 2017 ലെ ഇടത് സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്‍ ആയി മാറ്റിയ പദ്ധതി വഴി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കഴിവുകളോ, അറിവുകളോ ഉള്ള തദ്ദേശീയര്‍ അത് മിഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ ഗുണഭോക്താകളായി ഗ്രാമീണര്‍ക്ക് മാറാന്‍ സാധിക്കും. ഉദാഹരണത്തിന് മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒരു കളിമണ്‍ പത്ര നിര്‍മ്മാണക്കാരന്‍ ആണെങ്കില്‍ ആ മേഖലയുമായി ബന്ധപ്പെട്ട് മിഷനില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങള്‍ എത്തുമ്പോള്‍ മിഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആളുകളുടെ സേവനമാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. അതു വഴി ഗ്രാമീണരായ തൊഴിലാളികള്‍ക്ക് നേരിട്ട് കച്ചവടം ലഭിക്കുകയും, അവര്‍ക്കതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്, ഫാം ടൂറിസം, സ്ട്രീറ്റ് ടൂറിസം, സിനിമ സീരിയല്‍ ടൂറിസം തുടങ്ങിയ അനന്ത സാധ്യതകളും കാസര്‍കോട് ടൂറിസം രംഗത്തുണ്ടെന്ന് ധന്യ ടി പറഞ്ഞു.

പിവി കൃഷ്ണന്‍, ഫാറൂഖ്, എംഎ ഖാദര്‍, ബിജു രാഘവന്‍, സൈഫുദീന്‍ കളനാട് എന്നിവര്‍ സംബന്ധിച്ച സെമിനാറിന് നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി സ്വാഗതവും ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കൈപ്പിടിക്കാന്‍ കുടുംബശ്രീ;സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് സംരംഭകത്വത്തിലേക്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കാലിക്കടവ് മൈതാനത്ത് നടക്കുന്ന ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ ഇന്ന് സംരംഭക മേഖലയിലെ പുരോഗതികള്‍ എന്ന വിഷയത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്‍  എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാലിക്കടവ് മൈതാനത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കുടുംബശ്രീയുടെ മുന്‍ കാസര്‍ഗോഡ് ജില്ലാമിഷന്‍ കോഡിനേറ്റര്‍ എം കെ രാജശേഖരന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, അസിസ്റ്റന്റ് ജില്ലമിഷന്‍ കോഡിനേറ്റര്‍ ഹരിദാസന്‍,പിലിക്കോട് , കിനാനൂര്‍-കരിന്തളം , ചെറുവത്തൂര്‍ , പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍,കുടുംബശ്രീ എം ഇ സി രാജേഷ് എന്നിവര്‍ സംസാരിച്ചു. എഡിഎസ്, സി ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് മുദ്രാവാക്യം ആക്കി ഉയര്‍ന്നുവന്ന കുടുംബശ്രീ പ്രസ്ഥാനം കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സമസ്ത മേഖലകളിലും വ്യക്തമായ ആധിപത്യം സൃഷ്ടിച്ചുവെന്ന് സെമിനാര്‍ കൈകാര്യം ചെയ്ത് സംസാരിച്ച മുന്‍ ജില്ലാമിഷന്‍ കോഡിനേറ്റര്‍ എന്‍ കെ രാജശേഖരന്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നത് പിന്നീട് ദാരിദ്ര്യ ലഘൂകരണം എന്ന് മാറ്റപ്പെട്ടു. കുടുംബശ്രീയുടെ പ്രവര്‍ത്തനം പുരുഷാധിപത്യം നിലനില്‍ക്കുന്ന പല മേഖലയിലേക്കും കടന്നു ചെന്നതായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകളെ കൈപിടിച്ച് ഉയര്‍ത്താന്‍ കുടുംബശ്രീ ജില്ലാമിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒപ്പമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സ്ത്രീ സമൂഹത്തില്‍ നിന്നും സംരംഭകരെ സൃഷ്ടിക്കുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ രൂപം കൊടുക്കുന്നുവെന്നും എന്നാല്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഉയര്‍ന്നു വരാന്‍ സ്ത്രീകള്‍ വേണ്ടത്ര തയ്യാറാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവശ്രീ പദ്ധതി പോലുള്ള എടുത്തുപറയാന്‍ പറ്റുന്ന നിരവധി സംരംഭകപദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുക്കുകയും അതിനുവേണ്ടിയുള്ള പരിശീലന പരിപാടികള്‍ക്ക് പുറമെ സബ്‌സിഡി അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നല്‍കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കുടുംബശ്രീ മുഖേന സംരംഭകരായി തീരുന്നുള്ളുവെന്നും പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പുറമേ കൂടുതല്‍ നൂതന ആശയങ്ങള്‍ സംരംഭക മേഖലയില്‍ അവതരിപ്പിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതികളും നല്‍കുന്ന ധനസഹായങ്ങളും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തികൊണ്ട് വിപണിയിലെ മത്സരങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനവും അംഗങ്ങളും ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തില്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നൂതനമായ വലിയ പദ്ധതികള്‍ സര്‍ക്കാര്‍ സഹായത്തോടെ കാസര്‍ഗോഡ് കുടുംബശ്രീ മുഖേന നടപ്പില്‍ വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ എന്നും കൂടെയുണ്ടെന്നും അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തേണ്ടത് അംഗങ്ങളാണെന്നും കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി എച്ച് ഇക്ബാല്‍ പറഞ്ഞു. പരിപാടിയില്‍ വച്ച് കെ ഫോര്‍ കെയര്‍ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി വിതരണം ചെയ്തു.

ചടങ്ങില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി എച്ച് ഇക്ബാല്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിതിന്‍ നന്ദിയും പറഞ്ഞു.

കെ ഫോര്‍ കെയര്‍

ഗാര്‍ഹിക പരിചരണ രംഗത്ത് നിങ്ങളുടെ ആവശ്യങ്ങള്‍ എന്തുമാകട്ടെ.കുടുംബശ്രീയുടെ കെ4 കെയര്‍ എക്‌സിക്യൂട്ടിവുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കുടുംബശ്രീയുടെ കെയര്‍ എക്കണോമി പദ്ധതി മുഖേന ഗാര്‍ഹിക പരിചരണ മേഖലയില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കെ ഫോര്‍ കെയര്‍. വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോര്‍ കെയര്‍ മുഖേന പരിശീലനം നേടിയ എക്‌സിക്യൂട്ടീവുകള്‍ സേവനം നല്‍കി വരുന്നത്.

കെ ഫോര്‍ കെയറിന്റെ ഭാഗമാവുന്ന എക്‌സിക്യൂട്ടീവിന് ശരീരഭാഗവും പ്രവര്‍ത്തനങ്ങളും, ആരോഗ്യകരമായ ജീവിതവും വ്യക്തിഗത ശുചിത്വവും, രോഗിയുടെ അവകാശങ്ങള്‍, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും, നേത്ര സംരക്ഷണം, മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രല്‍ കെയര്‍, വ്യായാമ മുറകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ നല്‍കുന്ന വിധം, പേഷ്യന്റ് ട്രാന്‍സ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. ആദ്യഘട്ടത്തില്‍ 30 പേര്‍ക്ക് പരിശീലനം നല്‍കുകയും 24 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. രണ്ടാംഘട്ടമായി 14 പേര്‍ക്കാണ് പരിശീലനം ലഭ്യമാക്കിയിരിക്കുന്നത്. ജില്ലയിലെ പത്താം ക്ലാസ്സ് വിദ്യാഭ്യാസം ഉള്ള കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.