കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും എതിരായ ഭൂമി കുംഭകോണ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മൈസൂർ നഗരവികസന സമിതി മേധാവി രാജിവച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൈസൂർ നഗരവികസന സമിതി മേധാവി മാരി ഗൗഡ ബുധനാഴ്ച രാജിവച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെ നഗരവികസന വകുപ്പിലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ടി ജെ എബ്രഹാം അടക്കം മൂന്ന് ആക്ടിവിസ്റ്റുകളുടെ പരാതികള്‍ ലോകായുക്തയില്‍ ലഭിച്ചിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിട്ടി (മുഡ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായാണ് പരാതി.
ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ ഭാര്യ ബിഎൻ പാർവതിയിൽ നിന്ന് ആ 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി സമ്മതിച്ചിരുന്നു, എന്നാൽ ഇത് അലോട്ട്‌മെന്റുകളെക്കുറിച്ചുള്ള അന്വേഷണത്തെയും മുതിർന്ന കോൺഗ്രസ് നേതാവിനെതിരായ അന്വേഷണത്തെയും ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ലോകായുക്തയുടെ മൈസൂർ ബ്രാഞ്ച്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജൻസികളെയാണ് മുഖ്യമന്ത്രി നേരിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.