
പ്രൊഫ. എൻ കൃഷ്ണപിള്ളയുടെ 109-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19 മുതൽ 22 വരെ ‘എൻ കൃഷ്ണപിള്ള കലോത്സവം’ സംഘടിപ്പിക്കും. നന്ദാവനത്തെ പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടിക നടക്കുക. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ 36-ാം വാർഷികം, പ്രൊഫ. എൻ കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠന ഗവേഷണകേന്ദ്രത്തിന്റെ 19-ാം വാർഷികം, സാഹിതീസഖ്യത്തിന്റെ 15-ാം വാർഷികം, നന്ദനം ബാലവേദിയുടെ 18-ാം വാർഷികം, വനിതാവേദിയുടെ മൂന്നാം വാർഷികം, എൻ കൃഷ്ണപിള്ള നാടകവേദിയുടെ 18-ാം വാർഷികം എന്നിവ കലോത്സവത്തിന്റെ ഭാഗമാണ്. 19ന് രാവിലെ ഒമ്പതിന് ക്ഷേത്രകലാപീഠം ശ്രീവരാഹം വിഷ്ണുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, 10ന് തിരുവാതിര, 11ന് സമ്മേളനവും കലോത്സവവും പുസ്തകശാലയും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനാവും. പൂന്താനം, ഇരയിമ്മൻ തമ്പി, സ്വാതിതിരുനാൾ എന്നിവരുടെ ഛായാചിത്രങ്ങൾ ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്യും. എൻ കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം, എഴുമറ്റൂരിന്റെ സർഗപ്രപഞ്ചം, അമൃതകിരണങ്ങൾ, നാടകപഞ്ചകം അഹല്യ മുതൽ മണ്ഡോദരി വരെ എന്നീ പുസ്തകങ്ങൾ ടി പി ശ്രീനിവാസൻ പ്രകാശിപ്പിക്കും.
ഡോ. എം എൻ രാജൻ, അനന്തപുരം രവി, എസ് ഗോപിനാഥ്, ജി വിജയകുമാർ, ജി ശ്രീറാം, ലീലാ പണിക്കർ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ബിസനിൽകുമാർ എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് ശാസ്ത്രീയനൃത്തം, മൂന്നിന് എൻ കൃഷ്ണപിള്ളയുടെ ബലാബലം നാടകം കഥാപ്രസംഗമായി അവതരിപ്പിക്കും. വൈകിട്ട് 4.30ന് അക്ഷരശ്ലോക സദസ്, ആറിന് ജി ശ്രീറാം നയിക്കുന്ന ലളിതഗാനാഞ്ജലി, ഏഴിന് ശീതങ്കൻ തുള്ളൽ.
20ന് രാവിലെ 10ന് പ്രൊഫ. എൻ കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല പഠന ഗവേഷണ കേന്ദ്രത്തിന്റെ 19-ാം വാർഷികവും സാഹിതീ സഖ്യത്തിന്റെ 15-ാം വാർഷികവും ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ ശ്രീമന്ദിരം അധ്യക്ഷനാവും. മാന്ത്രിക പരവതാനി, കിനാവിന്റെ മുകിൽച്ചാർത്ത്, തോൽപ്പാവക്കൂത്ത്, ഞാനും ഒരു മകളോ, കൂരിരുട്ടിലെ തുള്ളിവെളിച്ചം, ദിനഭാവദലങ്ങൾ നാല് എന്നീ ഗ്രന്ഥങ്ങൾ ശ്രീകുമാർ മുഖത്തലയ്ക്ക് നല്‍കി ടി പി ശാസ്തമംഗലം പ്രകാശിപ്പിക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായർ, അനിൽ കരുംകുളം, അനുപമ പി എസ്, ആര്യ ജെ എൽ എന്നിവർ സംബന്ധിക്കും. രാവിലെ 11.30 മുതൽ കവിയരങ്ങ്. വൈകിട്ട് അഞ്ചിന് കഥാപ്രസംഗം. ആറിന് കരോക്കെ ഗാനമേള, ഏഴിന് നൃത്തസംഗീത നാടകം എന്നിവ നടക്കും.
21ന് രാവിലെ 10ന് നന്ദനം ബാലവേദിയുടെ പതിനെട്ടാം വാർഷികവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. ഉച്ചയ്ക്ക് രണ്ടിന് വനിതാവേദിയുടെ മൂന്നാം വാർഷികവും വിവിധ കലാപരിപാടികളും ബി അരുന്ധതി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കാവ്യപൂജ. ആറിന് കഥാപ്രസംഗം. ഏഴിന് ലഘുചിത്രപ്രദർശനം. 7.45ന് ഏകപാത്ര നാടകം. എട്ടിന് നാടകം.
22ന് രാവിലെ 10ന് എൻ കൃഷ്ണപിള്ളയുടെ കൂനാങ്കുരുക്ക് എന്ന നാടകം കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ സംവിധാനത്തിൽ സാഹിതീസഖ്യം അംഗങ്ങൾ പാരായണം ചെയ്യും. 11ന് കരോക്കെ ഗാനമേള. ഉച്ചയ്ക്ക് 12ന് കഥാപ്രസംഗം. രണ്ടിന് മാജിക് ഷോ, മൂന്നിന് സംഗീതാർച്ചന, നാലിന് സമൂഹഗാനം. 4.15ന് വയലിൻ കച്ചേരി. 5.30ന് പ്രൊഫ. എൻ കൃഷ്ണപിള്ളയുടെ 109-ാം ജന്മവാർഷിക ദിനസമ്മേളനം.
പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനാവുന്ന സമ്മേളനം ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. എൻ കൃഷ്ണപിള്ള നാടകവേദിയുടെ 18-ാം വാർഷികം കലാധരൻ രസിക ഉദ്ഘാടനം ചെയ്യും. എസ് രാധാകൃഷ്ണൻ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ജി ശ്രീറാം, ബി വി സത്യനാരായണ ഭട്ട്, ശ്രീജി സി എന്നിവർ സംബന്ധിക്കും. ഏഴിന് എൻ കൃഷ്ണപിള്ളയുടെ മരുപ്പച്ച എന്ന നാടകം എൻ കൃഷ്ണപിള്ള നാടകവേദി അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ, എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഗോപിനാഥ്, ട്രഷറർ ബി സനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീരാജ് ആർ എസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.