14 November 2024, Thursday
KSFE Galaxy Chits Banner 2

എൻ. കൃഷ്ണപിള്ള കലോത്സവം 19 മുതൽ 22 വരെ

Janayugom Webdesk
തിരുവനന്തപുരം
September 10, 2024 2:15 pm

നാടകാചാര്യൻ പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നൂറ്റിയെട്ടാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ 19 മുതൽ 22 വരെ കലോത്സവം സംഘടിപ്പിക്കുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ നന്താവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് കലോത്സവം. ഒന്നാം ദിവസം 19 വ്യാഴാഴ്ച രാവിലെ 9ന് പഞ്ചവാദ്യത്തോടെ കലോത്സവത്തിന് അരങ്ങുണരും. 10.30ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കലോത്സവം ഉദ്ഘാടനം ചെയ്യും. എൻ.കൃഷ്ണപിള്ളയുടെ സ്ത്രീകഥാപാത്രങ്ങൾ, മൺമറഞ്ഞ മഹാരഥർ, എഴുമറ്റൂരിന്റെ അവതാരികകൾ രണ്ടാംഭാഗം എന്നീ ഗ്രന്ഥങ്ങൾ ഗവർണർ പ്രകാശിപ്പിക്കും. ചെറുശ്ശേരി നമ്പൂതിരി, ഉണ്ണായിവാര്യർ, കുഞ്ചൻനമ്പ്യാർ എന്നിവരുടെ ഛായാചിത്രങ്ങൾ കവി ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്യും. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ ഫൗണ്ടേഷന്റെ മുപ്പത്തഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യുകയും അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പുരസ്‌കാരം സമർപ്പിക്കുകയും ചെയ്യും. ആകാശവാണി പ്രോഗ്രാം മേധാവി വി. ശിവകുമാർ, ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, സാംസ്‌കാരികവകുപ്പ് ഡയറക്ടർ എൻ.മായ, ജി. ശ്രീറാം, ഡോ.സി.ഉദയകല, എസ്.ഹനീഫ റാവുത്തർ, ജി.വിജയകുമാർ, ബി.സനിൽകുമാർ എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് കളത്തട്ട് സംഘം അവതരിപ്പിക്കുന്ന തിരുവാതിര, സ്‌നേഹലതയുടെ ‘കന്യക’ കഥാപ്രസംഗം കണ്ണമ്മൂല വിദ്യാധിരാജ അക്ഷരശ്ലോകസമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോകം, ജി.ശ്രീറാമിന്റെ നേതൃത്വത്തിലുള്ള കാവ്യപൂജ എന്നിവയെത്തുടർന്ന് 7.30ന് ഉഷ രാമവർമ്മ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കും.

രണ്ടാം ദിവസം 20 വെള്ളിയാഴ്ച രാവിലെ 10ന് ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രൊഫ.എൻ.കൃഷ്ണപിള്ളസ്മാരക ഗ്രന്ഥശാല‑പഠനഗവേഷണകേന്ദ്രത്തിന്റെ പതിനെട്ടാം വാർഷികം മുൻ സ്പീക്കർ എം.വിജയകുമാറും സാഹിതീസഖ്യത്തിന്റെ പതിനാലാം വാർഷികം ടി.പി.ശാസ്തമംഗലവും ഉദ്ഘാടനം ചെയ്യും. സാഹിതീ സഖ്യം അഗംങ്ങളുടെ ഒൻപതു പുസ്തകങ്ങൾ ഡോ.എം.എൻ.രാജന് നൽകിക്കൊണ്ട് ടി.പി.ശാസ്തമംഗലം പ്രകാശിപ്പിക്കും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ രാധാകൃഷ്ണൻ ശ്രീമന്ദിരം, അനിൽ കരുംകുളം, ആർ.വിനോദ്കുമാർ, തിരുമല ശിവൻകുട്ടി, ശ്രീജി, അനുപമ എന്നിവർ സംബന്ധിക്കും. തുടർന്ന് സാഹിതീസഖ്യം അംഗങ്ങളുടെ കവിയരങ്ങും വിവിധ കലാപരിപാടികളും അരങ്ങേറും. രഞ്ജിത് മാവേലിക്കരയും സംഘവും അവതരിപ്പിക്കുന്ന വൃന്ദവാദ്യം, അനിത ചന്ദ്രന്റെ ‘അനാർക്കലി’ കഥാപ്രസംഗം, ശശീന്ദ്രൻ ബ്രഹ്മവിരാട് അവതരിപ്പിക്കുന്ന ഏകലവ്യൻ ഏകപാത്രനാടകം എന്നിവ യെത്തുടർന്ന് ചലച്ചിത്രപിന്നണിഗായകൻ ശ്രീ. മണക്കാട് ഗോപൻ പാടുന്ന ഗാനാമൃതം അരങ്ങേറും.
മൂന്നാം ദിവസം 21 ശനി രാവിലെ 10ന് നന്ദനം ബാലവേദിയുടെ പതിനേഴാം വാർഷികം ലീലാ പണിക്കർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇറയാംകോട് വിക്രമന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. 11ന് പുളിമാത്തു ശ്രീകുമാർ, ‘മഹാഗുരുചട്ടമ്പിസ്വാമികൾ’ കഥാപ്രസംഗം അവതരിപ്പിക്കും. തുടർന്ന് വൈഷ്ണവി ആർ. വർമ്മയുടെ വയലിൻ കച്ചേരി അരങ്ങേറും. ഉച്ചയ്ക്ക് 2ന് ഡോ.സി. ഉദയകലയുടെ നേതൃത്വത്തിൽ വനിതാവേദിയുടെ രണ്ടാം വാർഷികവും വിവിധ കലാപരിപാടികളും നടക്കും. തുടർന്ന് വിശ്വംഭരൻ രാജസൂയം നേതൃത്വം നൽകുന്ന കാവ്യാഞ്ജലി, 5ന് സംഗീതരത്‌നം കോട്ടയ്ക്കൽ മധുവിന്റെ നേതൃത്വത്തിൽ പ്രബോധസംഗീതാവതരണം. 

തുടർന്ന് കെ.എൽ. ശ്രീകൃഷ്ണദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫുഡ് ഫോർ തോട്ട് എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. 7.30ന് അനിൽ പാപ്പാടിയുടെ സംവിധാനത്തിൽ എൻ.കൃഷ്ണപിള്ളയുടെ ഇത്തിൾക്കണ്ണി നാടകം സാഹിതീസഖ്യം അവതരിപ്പിക്കും. നാലാം ദിവസം 22 ഞായറാഴ്ച രാവിലെ 10ന് എൻ.കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം എന്ന സെമിനാർ ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. എസ്.രാധാകൃഷ്ണൻ, ശ്രീരാജ് ആർ.എസ് എന്നിവർ സംബന്ധിക്കുന്ന സെമിനാറിൽ ഡോ.എം.എൻ. രാജൻ, ഡോ.സി.ഉദയകല, ഡോ.വിനീത് വി.എസ്, ഡോ.ബി. വന്ദന, ഡോ. എഴുമറ്റൂർ രാജരാജവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2ന് എൻ.വസന്തകുമാരിയുടെ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗം. തുടർന്ന് എൻ.കൃഷ്ണപിള്ളയുടെ ഒരു സ്വപ്നനാടകം അഥവാ എത്ര ദുഃഖമയം ലോകം എന്ന നാടകം, കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ സംവിധാനത്തിൽ സാഹിതീസഖ്യം അംഗങ്ങൾ പാരായണം ചെയ്യും. 

5.30ന് പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന എൻ.കൃഷ്ണപിള്ള ജന്മവാർഷികദിനസമ്മേളനം മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആകാശവാണി വാർത്താവിഭാഗം മേധാവി എം.എൻ.മയൂഷ, അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല, കലാധരൻ, ഡോ.എഴുമറ്റൂർ രാജരാജവർമ്മ, ജി.ശ്രീറാം, ഡോ.ബി.വി.സത്യനാരായണ ഭട്ട് എന്നിവർ പങ്കെടുക്കും. 7.30ന് എൻ.കൃഷ്ണപിള്ളയുടെ കുടത്തിലെ വിളക്ക് എന്ന നാടകം, അനന്തപുരം രവിയുടെ സംവിധാനത്തിൽ എൻ.കൃഷ്ണപിള്ള നാടകവേദി അവതരിപ്പിക്കും. കലോത്സവത്തിന് പ്രവേശനം സൗജന്യമാണ്. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ഗോപിനാഥ്, ട്രഷറർ ബി.സനിൽകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീരാജ് ആർ.എസ് എന്നിവർ പങ്കെടുത്തു. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.