18 February 2026, Wednesday

നബാർഡ് ഗ്രാമീണ വികസന ഫണ്ട് ; 1441 കോടിയുടെ പദ്ധതികൾ

ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി
വനം വകുപ്പിന് 159.64 കോടി, വൈദ്യുതി വകുപ്പിന് 199.70 കോടി 
Janayugom Webdesk
തിരുവനന്തപുരം
November 8, 2025 9:41 pm

നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി.

ആർഐഡിഎഫ് ട്രഞ്ച് 31ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പില്‍ 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ റാപ്പിഡ് റെസ്പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമ്മാണവും വനം ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ കൃഷി വകുപ്പ് ഗുണഭോക്താക്കൾക്കായി 5,689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു.

ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികൾക്കായി 176.42 കോടി രൂപയുടെ ശുപാർശയുണ്ട്. പഴശി, കാരാപ്പുഴ ജലസേചന പദ്ധതികളിലെ കനാലുകളുടെ നവീകരണമാണ് പ്രധാന ലക്ഷ്യം. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷന് തൃശൂർ, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ പടവ് നിലങ്ങളുടെയും കുളങ്ങളുടെയും നവീകരണവും വികസനവും ഉൾപ്പെടെ ആറ് പദ്ധതികൾക്കായി 261 കോടി രൂപ ശുപാർശ ചെയ്തു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ നിപ്മെറിൽ 250 കിടക്കകളുള്ള പുനരധിവാസ ആശുപത്രി, അക്കാഡമിക് ബ്ലോക്ക് നിർമ്മാണം എന്നിവയ്ക്കായി 73 കോടി രൂപയാണ് ശുപാർശ ചെയ്തത്. കൃഷി വകുപ്പിന് 12 ജില്ലകളിലായി 26 സ്മാർട്ട് കൃഷിഭവനുകൾ സ്ഥാപിക്കൽ, ആലപ്പുഴ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂർ ജില്ലയിലെ മനുഷ്യ‑വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 176.14 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. തീരദേശ ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് മയ്യലിലും മുല്ലക്കോടിയിലും ബോട്ട് ജെട്ടികൾ നിർമ്മിക്കൽ, ടി എസ് കനാലിന് കുറുകെയുള്ള പാലങ്ങൾ ഉൾപ്പെടെ ആറ് പാലങ്ങളുടെ നിർമ്മാണം എന്നിവയ്ക്കായി 217 കോടി രൂപ ശുപാർശ ചെയ്തു.

കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷന് ആധുനിക വെയർഹൗസുകളുടെയും ഗോഡൗണുകളുടെയും നിർമ്മാണത്തിനായി 44.92 കോടി രൂപയും കേരള അഗ്രോ മെഷിനറി കോർപറേഷന് വജ്ര 120 പവർ ടില്ലർ നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 36.45 കോടി രൂപയും അനുവദിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന് കോംപ്രിഹെൻസീവ് മുനിസിപ്പൽ ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ് ആന്റ് റോഡ് റെസ്റ്റോറേഷൻ പ്രോജക്ടിന് കീഴിലുള്ള പദ്ധതികൾക്കായി 165 കോടി രൂപ നീക്കിവച്ചു. മണ്ണ് സർവേ ആൻഡ് മണ്ണ് സംരക്ഷണ വകുപ്പിന് നോർത്ത്, സൗത്ത് സോണുകളിലെ വാട്ടർഷെഡുകളിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി 69.46 കോടി രൂപയുടെ ശുപാർശകളും അംഗീകരിച്ചു.

1441 കോടിയുടെ പദ്ധതികൾക്ക് പുറമെയാണ് നബാർഡിന്റെ തന്നെ എഫ് ഐഡിഎഫ് പദ്ധതിയിലൂടെ മത്സ്യബന്ധന തുറമുഖ എൻജിനീയറിങ് വകുപ്പുകൾ സമർപ്പിച്ച 243 കോടി രൂപയുടെ പദ്ധതികൾ. ഇതിൽ ചെല്ലാനം, ചെറുവത്തൂർ, മഞ്ചേശ്വരം ഫിഷിങ് ഹാർബറുകളുടെ നവീകരണവും അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിനെ ഫിഷിങ് ഹാർബറായി ഉയർത്തുന്നതും മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെ നിർമ്മാണവും ഉൾപ്പെടുന്നു.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.