
ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള അസ്വാരസ്യം ഒരിക്കല്‍കൂടി വെളിപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവന. 14 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 11 വര്‍ഷത്തെ പ്രവര്‍ത്തനമാണ് ഇതിന് കാരണമെന്നുമുള്ള അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
രണ്ട് കോടി സജീവ പ്രവര്‍ത്തകരാണ് പാര്‍ട്ടിക്കുള്ളത്. 240 എംപിമാരും 1500 എംഎല്‍എമാരും 170 എംഎല്‍സിമാരും ഉണ്ട്. 16 സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരണം നടത്തുന്നു. രാജ്യത്ത് വിശാലമായ സ്വാധീനം തങ്ങള്‍ക്കാണെന്നും വിശാഖപട്ടണത്ത് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ പങ്കിനെ കുറിച്ച് നഡ്ഡ മൗനംപാലിക്കുകയായിരുന്നു. രാമക്ഷേത്രം, പൗരത്വ നിയമം, വഖഫ് നിയമം എന്നിവയും പ്രസംഗത്തില്‍ പരാമര്‍ശിച്ച ജെ പി നഡ്ഡ ഇവയെല്ലാം എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്വതന്ത്രരാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ന്നെന്നും ആര്‍എസ്എസിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോകാനാകുമെന്നും നഡ്ഡ പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയുടെ അംഗബലം വര്‍ധിച്ചതിന് പിന്നില്‍ മോഡിയും പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരുമാണെന്ന അവകാശവാദം. പാര്‍ട്ടി അധ്യക്ഷന്‍ എന്നനിലയില്‍ നഡ്ഡയുടെ കാലാവധി അവസാനിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പകരക്കാരനെ കണ്ടെത്താന്‍ ആയിട്ടില്ല. അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതിനെ കുറിച്ച് ദേശീയ എക‍്സിക്യൂട്ടീവും നിലപാട് വ്യക്തമാക്കിയിട്ടില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പ്രതിഷ്ഠിക്കും എന്നത് സംബന്ധിച്ച് ആര്‍എസ്എസും ബിജെപിയും സമവായത്തിലെത്തിയിട്ടില്ല.
മോഡിയുടെ ഏകാധിപത്യനിലപാടില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെങ്കിലും തല്‍ക്കാലം പരസ്യമാക്കുന്നില്ലെന്ന് മാത്രം. 75 വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് പ്രസ്താവന നടത്തിയിരുന്നു. അതിന് ശേഷം, രാഷ്ട്രനിര്‍മ്മാണത്തില്‍ സംഘ്പരിവാറിന് പങ്കുണ്ടെന്ന് സ്വാതന്ത്ര്യദിന ചടങ്ങില്‍ മോഡി പ്രസംഗിച്ചത് അവരെ അനുനയിപ്പിക്കാനായിരുന്നു. എന്നാല്‍ മഞ്ഞുരുകിയിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനാസംവിധാനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ആര്‍എസ്എസ് തങ്ങളുടെ നേതാക്കളെ അധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും ശ്രമം നടത്തിയിരുന്നു.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ജന്മദിനത്തില്‍ പതിവില്ലാതെ അദ്ദേഹത്തെ പുകഴ്ത്തിയും മോഡി രംഗത്തെത്തിയിരുന്നു. മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും കടുത്ത മോഡി വിരോധിയുമായ സഞ്ജയ് ജോഷിയെ അധ്യക്ഷ പദവിയില്‍ അവരോധിക്കാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇതിനെതിരെ ബിജെപിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. 2005ല്‍ പുറത്തുവന്ന ലൈംഗിക വീഡിയോ പാര്‍ട്ടി സംഘടനാ ചുമതലയില്‍ നിന്ന് ജോഷിയെ നിര്‍ബന്ധിത വനവാസത്തിലേക്ക് തള്ളിവിടുകയായിരുന്നു. പൊതുചടങ്ങുകളില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം തനിക്കെതിരെ കരുക്കള്‍ നീക്കിയത് മോഡിയും അമിത് ഷായുമാണെന്ന് ആര്‍എസ്എസിനെ ബോധ്യപ്പെടുത്തിയിരുന്നു.
2012 വരെ ബിജെപി ദേശീയ എക്സിക്യൂട്ടീവിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ജോഷി മോഡിയുടെ നിലപാടിന് പിന്നാലെ ജനറല്‍ സെക്രട്ടറി പദം രാജിവച്ച് ഒഴിയുകയായിരുന്നു. അന്ന് ദേശീയ അധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരിയും മോഡിയുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. ജോഷിയെ അധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കം നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും കനത്ത പ്രഹരമാകും ഉണ്ടാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.